ഗുരുവായൂര്‍: ഗുരുവായൂരിൽ ഭക്തർക്ക് വാതിൽമാടത്തിന് സമീപം നിന്ന് വിഷുക്കണി ദർശനത്തിന് അനുമതി നൽകും. ഭക്തർക്ക് വിഷുക്കണി ദർശനം ഉണ്ടാവില്ലെന്ന ദേവസ്വം അഡ്മിനിസ്ട്രേറ്ററുടെ വാർത്താകുറിപ്പിനെതിരെ ഭരണസമിതി അംഗങ്ങൾ രംഗത്തുവന്നതിെൻറ പശ്ചാത്തലത്തിൽ ചേർന്ന ഭരണസമിതി യോഗമാണ് തീരുമാനമെടുത്തത്.
ബുധനാഴ്ച പുലർച്ച 2.30 മുതൽ 4.30 വരെയാണ് ഭക്തർക്ക് കണി ദർശിക്കാനവസരം. വിഷുക്കണി ദർശന സമയത്ത് ചുമതലയുള്ള ജീവനക്കാരൊഴികെ ആർക്കും നാലമ്പലത്തിൽ പ്രവേശനമില്ല. വി.ഐ.പികൾ, ദേവസ്വം ഭരണസമിതി അംഗങ്ങൾ, പാരമ്പര്യ പ്രവൃത്തിക്കാർ എന്നിവരെയൊന്നും പ്രവേശിപ്പിക്കില്ലെന്ന് അഡ്മിനിസ്ട്രേറ്റർ വാർത്താകുറിപ്പിൽ വ്യക്തമാക്കി. കോവിഡ് സാഹചര്യത്തിൽ വിഷുക്കണി ചടങ്ങായി നടത്തുമെന്നും ഭക്തർക്ക് കണി ദർശനം അനുവദിക്കില്ലെന്നുമുള്ള അഡ്മിനിസ്ട്രേറ്ററുടെ വാർത്താകുറിപ്പിനെതിരെ ഭരണസമിതിയിലെ അഞ്ച് അംഗങ്ങൾ രംഗത്തെത്തിയിരുന്നു.
കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് വിഷുക്കണി ദർശനത്തിന് അവസരം നൽകണമെന്നാവശ്യപ്പെട്ട് ഭരണസമിതി അംഗങ്ങളായ മുൻ എം.എൽ.എ കെ. അജിത്, കെ.വി. മോഹനകൃഷ്ണൻ, കെ.വി. ഷാജി, മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, എ.വി. പ്രശാന്ത് എന്നിവരാണ് അഡ്മിനിസ്ട്രേറ്റർക്ക് കത്ത് നൽകിയത്. തങ്ങളുമായി ആലോചിക്കാതെ വാർത്താകുറിപ്പ് നൽകിയതിനെയും അവർ ചോദ്യം ചെയ്തിരുന്നു.
നേരത്തേ അറിയിച്ച തീരുമാനപ്രകാരം തന്നെയാണ് വിഷുക്കണി ദർശനത്തിന് സൗകര്യമൊരുക്കിയതെന്ന് ഗുരുവായൂര്‍ ദേവസ്വം ചെയർമാൻ കെ.ബി. മോഹൻദാസ് അറിയിച്ചു. ശ്രീകോവിലിൽ മുഖമണ്ഡപത്തിെൻറ തെക്കുവശത്ത് ഗുരുവായൂരപ്പനെ കാണിക്കുന്ന വിഷുക്കണി സോപാനത്തിന് മുന്നിൽ വന്ന് ഭക്തർ കാണുന്നതാണ് ഗുരുവായൂരിലെ വിഷുക്കണി ദർശനം. എന്നാൽ, കോവിഡ് സാഹചര്യത്തിൽ നാലമ്പലത്തിൽ കടന്ന് സോപാനത്തിന് മുന്നിലെത്തി വിഷുക്കണി ദർശനം സാധ്യമല്ല.
കോവിഡ് മാനദണ്ഡങ്ങൾ പാലിക്കേണ്ടതിനാൽ നാലമ്പലത്തിലേയക്കുള്ള ദർശനം ഇപ്പോൾ അനുവദിക്കരുതെന്ന് തന്ത്രി നിർദേശിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തിലാണ് ഭക്തർക്ക് വിഷുക്കണി ദർശനമുണ്ടാകില്ലെന്ന് ഏപ്രിൽ ഒമ്പതിന് വാർത്താകുറിപ്പിലൂടെ അറിയിച്ചത്.
വാതിൽമാടത്തിന് സമീപത്തുനിന്ന് ദർശനം അനുവദിക്കാൻ നേരത്തേ തീരുമാനിച്ചിരുന്നെങ്കിലും അത് വാർത്താകുറിപ്പിൽ വിട്ടുപോയതാണെന്നും വിശദീകരിച്ചു. ഈ തീരുമാനങ്ങൾ തന്നെയാണ് തിങ്കളാഴ്ച ചേർന്ന ഭരണസമിതിയിലും ഉണ്ടായത്. മുൻ തീരുമാനം മാറ്റി എന്ന വിധത്തിൽ ചിലർ സമൂഹമാധ്യമങ്ങളിലൂടെ നടത്തുന്ന പ്രചാരണം തെറ്റാണെന്നും ചെയർമാൻ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.