കൊല്ലപ്പെട്ട ഉമ്മര്‍, ഭാര്യ ഫാത്തിമ, പ്രതി വിശ്വനാഥൻ

കണ്ടത്തുവയല്‍ ഇരട്ടക്കൊല: പ്രതി വിശ്വനാഥന്‍ കുറ്റക്കാരനെന്ന് കോടതി, ശിക്ഷ തിങ്കളാഴ്ച

കൽപറ്റ: വയനാട് വെള്ളമുണ്ട കണ്ടത്തുവയൽ ഇരട്ടക്കൊലപാതകത്തിൽ പ്രതി തൊട്ടിൽപാലം സ്വദേശി വിശ്വനാഥൻ കുറ്റക്കാരനെന്ന് കോടതി വിധിച്ചു. ശിക്ഷ തിങ്കളാഴ്ച പ്രഖ്യാപിക്കും. കൽപറ്റ സെഷൻസ് കോടതി ജഡ്ജി വി. ഹാരിസാണ് വിധി പറഞ്ഞത്.

2018 ജൂലൈ ആറിനാണ് നവദമ്പതികും വെള്ളമുണ്ട സ്വദേശികളുമായ കണ്ടത്തുവയല്‍ പൂരിഞ്ഞിയില്‍ വാഴയില്‍ ഉമ്മര്‍ (26), ഭാര്യ ഫാത്തിമ (19) എന്നിവരെ മോഷണശ്രമത്തിനിടെ വിശ്വനാഥൻ കൊലപ്പെടുത്തിയത്. ഇരുവരെയും കിടപ്പുമുറിയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു. തുടർന്ന് മാനന്തവാടി ഡിവൈ.എസ്.പി. കെ.എം. ദേവസ്യയുടെ നേതൃത്വത്തില്‍ പ്രത്യേകസംഘം കേസ് അന്വേഷണം തുടങ്ങി. രണ്ടു മാസത്തിന് ശേഷം സെപ്റ്റംബറില്‍ കോഴിക്കോട് തൊട്ടില്‍പ്പാലം കാവിലുംപാറ പഞ്ചായത്തിലെ മരുതോറയില്‍ കലങ്ങോട്ടുമ്മല്‍ വിശ്വനാഥൻ (45) അറസ്റ്റിലായി.

മോഷണത്തിനായി വീട്ടില്‍ കയറിയ വിശ്വനാഥന്‍ ഉറങ്ങിക്കിടന്ന ഫാത്തിമയുടെ മാല പൊട്ടിക്കാന്‍ ശ്രമം നടത്തിയതാണ് ഇരട്ട കൊലപാതകത്തിൽ കലാശിച്ചത്. ശബ്ദം കേട്ടുണര്‍ന്ന ഉമ്മറിനെയും ഫാത്തിമയെയും കൈയില്‍ കരുതിയിരുന്ന കമ്പിവടി കൊണ്ട് പ്രതി അടിച്ചുവീഴ്ത്തുകയായിരുന്നു. മരണം ഉറപ്പാക്കിയ പ്രതി ഫാത്തിമയുടെ ആഭരണങ്ങളെടുക്കുകയും വീട്ടിലും പരിസരങ്ങളിലും മുളകുപൊടി വിതറുകയും ചെയ്ത ശേഷം രക്ഷപ്പെടുകയായിരുന്നു.

പ്രതികളെ കണ്ടെത്താൻ ഏറെ ബുദ്ധിമുട്ടിയ അന്വേഷണ സംഘം വിശ്വനാഥൻ അടക്കം എഴുന്നൂറോളം പേരെ നിരീക്ഷിച്ചു. ഇതിനൊടുവിലാണ് വിശ്വനാഥൻ പിടിയിലാകുന്നത്. അറസ്റ്റിലായത് മുതല്‍ പ്രതി ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. 2020 നവംബറിലാണ് ജില്ലാ സെഷന്‍സ് കോടതിയില്‍ കേസിന്‍റെ വിചാരണ തുടങ്ങിയത്. 72 സാക്ഷികളിൽ 45 പേരെ വിസ്തരിച്ചു.

Tags:    
News Summary - Viswanathan convicted in Kandathuvayal double murder case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.