'തല്ലിക്കൊന്ന് കെട്ടിത്തൂക്കിയതാണ്, മരത്തിൽ കയറാൻ പോലും അവന് അറിയില്ല'; വിശ്വനാഥന്‍റെ മരണത്തിൽ പോസ്റ്റ്മോർട്ടം റിപ്പോർട്ട് തള്ളി കുടുംബം

കൽപറ്റ: കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിക്ക് സമീപം ആദിവാസി യുവാവ് ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവത്തിൽ പോസ്റ്റുമോർട്ടം റിപ്പോർട്ട് തള്ളി കുടുംബം. പുറത്ത് ഇടിയേറ്റിട്ടുണ്ടെന്നും അടിച്ചുകൊന്ന് കെട്ടിത്തൂക്കിയതാണെന്നും വയനാട് കൽപറ്റ അഡ്ലൈഡ് സ്വദേശി വിശ്വനാഥന്റെ അമ്മയും സഹോദരങ്ങളും ആരോപിച്ചു. ആൾക്കൂട്ട വിചാരണയിൽ കേസെടുക്കണമെന്നും മൃതദേഹം വീണ്ടും പോസ്റ്റുമോർട്ടം നടത്തണമെന്നും ആവശ്യപ്പെട്ടു.

ചൊവ്വാഴ്ച വയനാട് ജില്ല പൊലീസ് മേധാവിയുടെ ഓഫിസിൽനിന്ന് റിപ്പോർട്ട് തയാറാക്കാൻ വീട്ടിൽ എത്തിയ ഉദ്യോഗസ്ഥരോട് ഈ കാര്യങ്ങൾ വ്യക്തമാക്കിയിട്ടുണ്ടെന്നും വിശ്വനാഥന്റെ സഹോദരൻ ഗോപി പറഞ്ഞു. വിശ്വനാഥൻ പണം മോഷ്ടിച്ചുവെന്ന് ആരോപിച്ച മെഡിക്കൽ കോളജിലെ മൂന്ന് സുരക്ഷ ജീവനക്കാരെ ചോദ്യംചെയ്യണമെന്നും ആവശ്യപ്പെട്ടു.

വിശ്വനാഥന്റേത് തൂങ്ങിമരണമാണെന്ന പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്തുവന്നിരുന്നു. കാൽമുട്ടിലെയും തുടയിലെയും മുറിവുകൾ മരത്തിൽ കയറിയപ്പോഴുണ്ടായതാണെന്നാണ് ഫോറൻസിക് സർജന്റെ മൊഴി. എന്നാൽ, മർദനമേറ്റ പാടുകളില്ലെന്നത് കള്ളമാണെന്നും പലയിടത്തും മുറിവുകളുണ്ടെന്നും മൃതദേഹത്തിന്റെ ഫോട്ടോകൾ കാണിച്ച് സഹോദരങ്ങൾ പറഞ്ഞു. മകനെ തല്ലിക്കൊന്ന് കെട്ടിത്തൂക്കിയതാണെന്ന് വിശ്വനാഥന്റെ അമ്മയും ആരോപിച്ചു.

വിശ്വനാഥൻ ജീവനൊടുക്കില്ലെന്ന് കുടുംബം ആവർത്തിച്ചു. വെള്ളിയാഴ്ച മൃതദേഹം കണ്ട ഭാഗത്ത് തിരഞ്ഞിരുന്നു. അപ്പോൾ കാണാത്ത മൃതദേഹം ശനിയാഴ്ച അവിടെ എങ്ങനെ എത്തിയെന്നും അവർ ചോദിച്ചു. 

അതേസമയം, വിശ്വനാഥന്‍റെ മരണം ആത്മഹത്യയെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നത്. ശരീരത്തിൽ മർദനമേറ്റ പാടുകളൊന്നുമില്ലെന്നും ഫൊറൻസിക് സർജൻ അന്വേഷണ ഉദ്യോഗസ്ഥനായ മെഡിക്കൽ കോളജ് എ.സി.പിക്ക് മൊഴിനൽകി. കാൽമുട്ടിലും തുടയിലുമായി ആറ് ചെറിയ മുറിവുകളുണ്ട്. ഇത് മരത്തിന് മുകളിലേക്ക് കയറിയപ്പോൾ ഉണ്ടായതെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.

വയനാട് മേപ്പാടി സ്വദേശി വിശ്വനാഥനെയാണ് (46) ഫെബ്രുവരി 11ന് രാവിലെ മെഡിക്കൽ കോളജിനു സമീപം ആളൊഴിഞ്ഞ പറമ്പിൽ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ നാട്ടുകാർ കണ്ടെത്തിയത്. ഭാര്യ ബിന്ദുവിന്റെ പ്രസവത്തിനാണ് വയനാട്ടിൽനിന്ന് വിശ്വനാഥൻ എത്തിയത്. ആശുപത്രി മാതൃ ശിശു കേന്ദ്രത്തിൽ മോഷണം ആ​രോപിച്ച് ചോദ്യംചെയ്യലിന് വിശ്വനാഥൻ ഇരയായിരുന്നു. ഇതിന് പിന്നാലെ കാണാതായ വിശ്വനാഥനെയാണ് അടുത്ത ദിവസം മരിച്ച നിലയിൽ കണ്ടെത്തിയത്. 

Tags:    
News Summary - Viswanathan death case family rejects post-mortem report

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.