പട്ടിക വർഗ കമീഷൻ ചെയർമാൻ ബി.എസ്. മാവോജി വിശ്വനാഥന്‍റെ കുടുംബാംഗങ്ങളുമായി സംസാരിക്കുന്നു

വിശ്വനാഥന്‍റെ കുടുംബത്തിന് നീതി ഉറപ്പാക്കും, നഷ്ടപരിഹാരവും ജോലിയും സർക്കാറിന്‍റെ ഉത്തരവാദിത്തം -പട്ടിക വർഗ കമീഷൻ

കൽപറ്റ: കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിക്ക് സമീപം മരിച്ചനിലയിൽ കണ്ടെത്തി‍യ ആദിവാസി യുവാവ് വിശ്വനാഥന്‍റെ കുടുംബത്തിന് നീതി ഉറപ്പാക്കുമെന്നും നഷ്ടപരിഹാരവും ജോലിയും നൽകേണ്ടത് സർക്കാറിന്‍റെ ഉത്തരവാദിത്തമാണെന്ന റിപ്പോർട്ട് നൽകുമെന്നും സംസ്ഥാന പട്ടിക വർഗ കമീഷൻ ചെയർമാൻ ബി.എസ്. മാവോജി.

കമീഷന്‍ അംഗം അഡ്വ. സൗമ്യ സോമനൊപ്പം വിശ്വനാഥന്‍റെ കൽപറ്റ അഡ് ലേഡിലെ പാറവയൽ വീട്ടിലെത്തി കുടുംബാംഗങ്ങളുടെ മൊഴിയെടുത്തശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബുധനാഴ്ച വൈകീട്ട് നാലോടെ വിശ്വനാഥന്‍റെ വീട്ടിലെത്തിയ കമീഷൻ സഹോദരന്മാരായ സുരേഷ്, വിനോദ്, ഭാര്യാ മാതാവ് ലീല എന്നിവരിൽനിന്ന് മൊഴിയെടുത്തു. വിശ്വനാഥന്‍റെ ഭാര്യ ബിന്ദുവിൽനിന്ന് വിവരങ്ങൾ ചോദിച്ചറിഞ്ഞു. പോസ്റ്റ്മോർട്ടത്തിനു മുമ്പ് മൃതദേഹം കണ്ട സഹോദരൻ രാജേഷിന്‍റെയും മൊഴിയെടുത്തു.

പോസ്റ്റ്മോർട്ടം നടക്കുന്നതിന് മുമ്പ് മൃതദേഹം കണ്ട ബന്ധുവിന് ഉൾപ്പെടെ സ്വഭാവിക മരണമാണെന്ന വിശ്വാസമില്ലെന്നും ശരീരത്തിൽ പല ഭാഗത്തും മുറിവുണ്ടായിരുന്നുവെന്ന് പറഞ്ഞിട്ടുണ്ടെന്നും ബി.എസ്. മാവോജി പറഞ്ഞു.

വിശദ അന്വേഷണമാണ് ഇവരുടെ ആവശ്യം. സി.ഐയെക്കുറിച്ച് ഇവർക്ക് നല്ല അഭിപ്രായമില്ല. എ.സി.പിയുടെ നേതൃത്വത്തിലുള്ള അന്വേഷണം പ്രാഥമിക ഘട്ടത്തിലാണ്. മൊഴി ഉൾപ്പെടെ എടുക്കേണ്ടതുണ്ട്. കമീഷന് നേരിട്ട് അന്വേഷിക്കാനാകില്ല. പൊലീസിനെക്കൊണ്ട് ശരിയായ രീതിയിൽ അന്വേഷണം നടത്തിക്കാനേ കഴിയുകയൂള്ളൂ. പൊലീസ് എന്താണ് ചെയ്യുന്നതെന്ന് നോക്കാം.

പ്രതികളെ കണ്ടെത്താനാകും. മെഡിക്കൽ കോളജ് ആശുപത്രിയിൽ വെച്ച് വിശ്വനാഥനെ ചിലർ തടഞ്ഞ് ചോദ്യം ചെയ്തുവെന്നും സുരക്ഷ ജീവനക്കാർ സംസാരിച്ചുവെന്നുമുള്ള ആരോപണങ്ങളുണ്ട്.

കുടുംബത്തിന് നീതി ലഭിക്കാനുള്ള എല്ലാ ഇടപെടലും ഉണ്ടാകും. വിശ്വനാഥന്‍റെ ദിവസങ്ങൾ മാത്രം പ്രായമുള്ള ആൺകുഞ്ഞിന്‍റെ ആരോഗ്യനില തൃപ്തികരമല്ലാത്തതിനാൽ ചികിത്സ നൽകണമെന്ന് ഡി.എം.ഒയോട് നിർദേശിച്ചിട്ടുണ്ട്.

വൈകീട്ടോടെ ആംബുലൻസിൽ കുഞ്ഞിനെയും മാതാവ് ബിന്ദുവിനെയും മാനന്തവാടി വയനാട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.വിശ്വനാഥന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും പൊലീസ് പെട്ടെന്ന് പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തീകരിച്ചത് സംശയത്തിനിടയാക്കുന്നുവെന്നും കുടുംബാംഗങ്ങൾ കമീഷനോട് പറഞ്ഞു.

വിശ്വനാഥനെ കാണാതായത് സംബന്ധിച്ച് പരാതി നല്‍കാന്‍ എത്തിയപ്പോള്‍ മെഡിക്കല്‍ കോളജ് സി.ഐ പരിഹസിക്കുകയാണ് ചെയ്‌തതെന്നും അന്വേഷണ സംഘത്തില്‍നിന്ന് മാറ്റണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.

Tags:    
News Summary - Viswanathan's death: compensation is responsibility of Government -Scheduled Caste Commission

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.