തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന് മുന്നിലെ സമരം കാരണം 100 കോടിയോളം രൂപയുടെ നഷ്ടമുണ്ടായതായി അദാനി ഗ്രൂപ് സർക്കാറിനെ അറിയിച്ചു. തുറമുഖ നിർമാണം നിർത്തിവെച്ചിട്ട് ശനിയാഴ്ചയോടെ 54 ദിവസം പിന്നിട്ടു. നിർമാണ ആവശ്യത്തിനായി കൊണ്ടുവന്ന ബാർജുകളും വെസലുകളും ഉപയോഗിക്കാൻ കഴിയാതെ വിവിധ തുറമുഖങ്ങളിൽ നിർത്തിയിരിക്കുന്നത് കാരണം വൻതുകയാണ് വാടക നൽകേണ്ടിവരുന്നതെന്നും കമ്പനി അധികൃതർ ചീഫ് സെക്രട്ടറിക്ക് സമർപ്പിച്ച കത്തിൽ ചൂണ്ടിക്കാട്ടി. സെപ്റ്റംബറോടെ പണി തുടങ്ങണമെന്ന് സംസ്ഥാന സർക്കാർ ആവശ്യപ്പെട്ട പ്രകാരമാണിത്. തൊഴിലാളികൾ മാസങ്ങളായി വെറുതെ നിൽക്കുകയാണ്. ഇവർക്ക് ശമ്പളയിനത്തിൽ നൽകുന്ന 59 കോടി രൂപയും കമ്പനിക്ക് നഷ്ടമാണ്. കമ്പനി കത്ത് നൽകിയ സാഹചര്യത്തിൽ അടിയന്തരമായി കൂടിയാലോചിച്ച് തുടർനടപടി കൈക്കൊള്ളാനാണ് തുറമുഖ വകുപ്പ് നീക്കം.
അതേസമയം, തുറമുഖ നിർമാണം നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരം ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിൽ നടക്കുന്ന സമരം ശക്തമായി തുടരാനാണ് തീരുമാനം. സമരപ്പന്തൽ സമരക്കാർതന്നെ പൊളിക്കണമെന്ന് വെള്ളിയാഴ്ച ഹൈകോടതി ഉത്തരവിട്ടെങ്കിലും തിങ്കളാഴ്ച കോടതിയെ സമീപിക്കും. അദാനി ഗ്രൂപ് നൽകിയ ഹരജിയിൽ ബുധനാഴ്ചയാണ് കോടതി വിധി പറയുക. സമരം ശക്തമാക്കുന്നതിന്റെ ഭാഗമായി ഒക്ടോബർ 17ന് തിരുവനന്തപുരം നഗരത്തിൽ ഒമ്പതിടങ്ങളിൽ രാവിലെ 8.30 മുതൽ റോഡ് ഉപരോധിക്കാനും സമരസമിതി തീരുമാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.