തിരുവനന്തപുരം: വിഴിഞ്ഞം വാണിജ്യ തുറമുഖ നിർമാണം നിർത്തിവെക്കണമെന്നാവശ്യപ്പെട്ട് സമരത്തിലുള്ള തിരുവനന്തപുരം ലത്തീൻ കത്തോലിക്ക അതിരൂപത-സമരസമിതി പ്രതിനിധികളുമായി മന്ത്രി സഭ ഉപസമിതി നടത്തിയ ചർച്ച പൂർണപരാജയം. സർക്കാറിനുവേണ്ടി പങ്കെടുത്ത മന്ത്രിമാരായ ആൻറണി രാജുവും വി. അബ്ദുറഹ്മാനും സ്വീകരിച്ച നിരുത്തരവാദപരമായ നിലപാടിൽ പ്രതിഷേധിച്ച് അതിരൂപത പ്രതിനിധികളായ വൈദികരും സമരസമിതി നേതാക്കളും ചർച്ച അവസാനിപ്പിച്ച് മടങ്ങി. സമരത്തെ കുറ്റപ്പെടുത്തി തിങ്കളാഴ്ച മുഖ്യമന്ത്രി നടത്തിയ പരാമർശത്തിന്‍റെ തുടർച്ചയായ നിലപാടാണ് മന്ത്രിമാർ സ്വീകരിച്ചതെന്ന് സമരസമിതി നേതാക്കൾ പറഞ്ഞു.
രാത്രിവരെ നീണ്ട ചർച്ചയിൽ തുടക്കത്തിലുണ്ടായിരുന്ന മന്ത്രി കെ. കൃഷ്ണൻകുട്ടി ഉടൻതന്നെ മടങ്ങി. കലക്ടറോ മറ്റ് ഉദ്യോഗസ്ഥ മേധാവികളോ സന്നിഹിതരായിരുന്നുമില്ല. തുറമുഖ നിർമാണം നിർത്തിവെക്കാൻ കഴിയില്ലെന്ന നിലപാട് ഇരുമന്ത്രിമാരും ആവർത്തിച്ചു. ഒരു വർഷത്തോളമായി വലിയതുറ എഫ്.സി.ഐ ഗോഡൗണിൽ കഴിയുന്ന കുടുംബങ്ങൾക്ക് നൽകാമെന്ന് പറഞ്ഞ വാടക തുകയായ 5,500 രൂപ മതിയാവില്ലെന്ന് പറഞ്ഞ വൈദികരോട് തുല്യമായ തുക മത്സ്യത്തൊഴിലാളികളും ഇടണമെന്ന് മന്ത്രിമാർ ആവശ്യപ്പെട്ടു. മണ്ണെണ്ണ സബ്സിഡി നൽകാനാവില്ലെന്നും മന്ത്രിമാർ വ്യക്തമാക്കി. തുറമുഖ നിർമാണം കാരണമുണ്ടാവുന്ന തീരശോഷണം പഠിക്കാനുള്ള വിദഗ്ധ സമിതിയിൽ സമരസമിതി പ്രതിനിധിയായി ഒരാളെ മാത്രം ഉൾപ്പെടുത്താമെന്നും പണി നിർത്തിവെക്കാനാവില്ലെന്നും മന്ത്രിമാർ പറഞ്ഞതോടെ ചർച്ച അവസാനിപ്പിച്ച് വൈദികരും സമരസമിതി നേതാക്കളും മടങ്ങുകയായിരുന്നു.
ലത്തീൻ അതിരൂപത വികാരി ജനറൽ ഫാ. യൂജിൻ പെരേര, സമരസമിതി കൺവീനർ ഫാ. തീയോഡേഷ്യസ് ഡിക്രൂസ്, ഫാ. ഷാജിൻ ജോസ്, ഫാ. ജയിംസ് കുലാസ്, സമരസമിതി പ്രതിനിധികളായ ജോയി ജെറാൾഡ്, നിക്സൺ, ജൂഡ് തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.