സമരാവേശം....വിഴിഞ്ഞം തുറമുഖ നിർമാണത്തിനെതിരെ ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിൽ ചാക്ക എയർപോർട്ട് ജങ്ഷൻ ഉപരോധിച്ചപ്പോൾ - ചിത്രം: ബിമൽ തമ്പി

വിഴിഞ്ഞം: അതിരൂപതയുടെ നേതൃത്വത്തിൽ മത്സ്യത്തൊഴിലാളികൾ റോഡ് ഉപരോധിച്ചു

തിരുവനന്തപുരം: വിഴിഞ്ഞം സമരം പരിഹരിക്കാന്‍ അധികൃതര്‍ അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട് സമരസമിതി നേതൃത്വത്തില്‍ ലത്തീൻ അതിരൂപത തലസ്ഥാന നഗരിയിലെ പ്രധാന റോഡുകൾ ഉപരോധിച്ചു. മത്സ്യത്തൊഴിലാളികളുടെ ആവശ്യങ്ങൾ പരിഹരിക്കാൻ സമരസമിതി ഉന്നയിച്ച ഏഴ് ആവശ്യങ്ങളിൽ ഒന്നിൽ പോലും അനുകൂല നിലപാടിന് സർക്കാറും മന്ത്രിസഭ ഉപസമിതിയും തയാറാവാത്ത സാഹചര്യത്തിലായിരുന്നു പ്രതിഷേധം.

സെക്രേട്ടറിയറ്റ് മാർച്ചും ധർണയും അതിരൂപത വികാരി ജനറലും സമരസമിതി ജനറല്‍ കണ്‍വീനറുമായ യൂജിന്‍ എച്ച്. പെരേര ഉദ്ഘാടനം ചെയ്തു. മത്സ്യത്തൊഴിലാളികൾ നടത്തുന്ന അതിജീവന സമരം നിര്‍വീര്യമാക്കാന്‍ ഒളിഞ്ഞും തെളിഞ്ഞും നടത്തുന്ന നീക്കത്തില്‍നിന്ന് അധികാരികള്‍ പിന്മാറണമെന്ന് അദ്ദേഹം പറഞ്ഞു.

'ഭീഷണികൊണ്ടും നോട്ടീസ് കൊണ്ടും മത്സ്യത്തൊഴിലാളികളെ പിന്‍മാറ്റാന്‍ കഴിയില്ല. ആവശ്യങ്ങള്‍ നേടിയെടുക്കുംവരെ സമരവുമായി മുന്നോട്ടുപോകും. കടലും കായലും മലനിരകളും വരും തലമുറക്കായി സംരക്ഷിക്കപ്പെടണം. മത്സ്യമേഖല മുഴുവന്‍ നടത്തുന്ന അതിജീവന പോരാട്ടത്തിന് വര്‍ഗീയനിറം കലര്‍ത്താന്‍ ശ്രമിക്കുന്ന ചിലരുടെ നീക്കം അപലപനീയമാണ്' -അദ്ദേഹം പറഞ്ഞു.

പ്രളയകാലത്ത് മത്സ്യത്തൊഴിലാളികളെ കേരളത്തിന്റെ സൈന്യമെന്ന് വിളിച്ചുപുകഴ്ത്തിയ മുഖ്യമന്ത്രി സമരം അവസാനിപ്പിക്കാന്‍ ഒരുവട്ടംപോലും ചര്‍ച്ച നടത്താത്തത് പ്രതിഷേധാര്‍ഹമാണെന്ന് മുഖ്യപ്രഭാഷണം നടത്തിയ ജയിംസ് കുലാസ് പറഞ്ഞു.

പേട്ട ഫൊറോന വികാരി ഫാ. റോബിന്‍സണ്‍ അധ്യക്ഷത വഹിച്ചു.

പാളയം സെന്റ് ജോസഫ്‌സ് കത്തീഡ്രല്‍ വികാരി ഡോ. ടി. നിക്കോളാസ്, കഴക്കൂട്ടം ഫൊറോന വികാരി ഫാ. ജോസഫ് ബാസ്റ്റിന്‍ തുടങ്ങിയവര്‍ നേതൃത്വം നൽകി. ജില്ലയിൽ എട്ട് കേന്ദ്രങ്ങളിൽ വൈകുന്നേരം മൂന്നുവരെ ഉപരോധം തുടർന്നു. ആറ്റിങ്ങൽ, സ്റ്റേഷൻകടവ്, ചാക്ക, തിരുവല്ലം, വിഴിഞ്ഞം, മുല്ലൂർ, പൂവാർ, ഉച്ചക്കട, സെക്രേട്ടറിയറ്റ് എന്നിവിടങ്ങളിലായിരുന്നു ഉപരോധം.

മുഖ്യമന്ത്രി ഇടപെടണമെന്ന് വി.ഡി. സതീശൻ

തിരുവനന്തപുരം: വിഴിഞ്ഞം സമരം ഒത്തുതീര്‍ക്കാന്‍ മുഖ്യമന്ത്രി ഇടപെടണമെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ ആവശ്യപ്പെട്ടു. മുഖ്യമന്ത്രി എന്തുകൊണ്ടാണ് സമരക്കാരുമായി ചര്‍ച്ചക്ക് തയാറാകാത്തത്? പോകുന്ന മന്ത്രിമാര്‍ക്കൊന്നും ഒരു ഉറപ്പും നല്‍കാനാകുന്നില്ല. സമരക്കാരുമായി സംസാരിക്കില്ലെന്ന മുഖ്യമന്ത്രിയുടെ നിലപാട് അദാനിയുടെ നിലപാടാണെന്നും അദ്ദേഹം പറഞ്ഞു.

രാജ്യം ആദരിക്കുന്ന സമൂഹിക പ്രവര്‍ത്തക ദയാബായി എന്‍ഡോസള്‍ഫാന്‍ വിഷയത്തില്‍ സമരം കിടക്കുകയാണ്. സെക്രട്ടേറിയറ്റിന് മുന്നില്‍ കാറ്റും വെയിലും മഴയുമേറ്റ് നിരാഹാരം കിടക്കുന്ന 80 കാരിയായ ആ വയോധികയുമായി എത്ര ദിവസം കഴിഞ്ഞാണ് മന്ത്രിമാര്‍ സംസാരിക്കാന്‍ പോലും തയാറായത്. സംസാരിക്കാന്‍ ചെല്ലുമ്പോള്‍ ഒന്നും പറയാനില്ലാത്ത അവസ്ഥയിലാണ് മന്ത്രിമാര്‍. സര്‍ക്കാര്‍ പ്രവത്തിക്കുന്നില്ലെന്നതാണ് പ്രശ്‌നമെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - Vizhinjam: Fishermen blocked the road

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.