കോട്ടയം: വിഴിഞ്ഞം സമരക്കാരെ പിന്തുണച്ച് കേരള കോൺഗ്രസ് എം. സർക്കാർ നൽകിയ ഉറപ്പുകൾ പൂർണമായും പാലിക്കപ്പെട്ടില്ലെന്ന് ജോസ് കെ. മാണി എം.പി പറഞ്ഞു. എടുത്ത അഞ്ച് തീരുമാനങ്ങൾ നടപ്പാക്കുന്നതിൽ വേഗതയുണ്ടായില്ല. സ്ഥലത്തില്ലാത്ത ബിഷപ്പിനെതിരെ പോലും കേസെടുത്തത് നിർഭാഗ്യകരമാണ്. അക്രമം ആസൂത്രിതമാണെന്ന് കരുതുന്നില്ല. പ്രശ്നം ചർച്ചയിലൂടെ എത്രയുംവേഗം പരിഹരിക്കണം. കേരള കോൺഗ്രസ് എം രാഷ്ട്രീയ കാര്യസമിതി യോഗത്തിനുശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ജോസ് കെ. മാണി.
ക്ഷമയുടെ നെല്ലിപ്പടി കണ്ടു, മതസ്പർധ അനുവദിക്കില്ല -ദേവർകോവിൽ
കോഴിക്കോട്: വിഴിഞ്ഞം സമരക്കാരുടെ പരമാവധി ആവശ്യങ്ങൾ സർക്കാർ അംഗീകരിച്ചിട്ടുണ്ടെന്നും ക്ഷമയുടെ നെല്ലിപ്പടി കാണുന്ന അവസ്ഥവരെ നിന്നുകൊടുത്തിട്ടുണ്ടെന്നും തുറമുഖ മന്ത്രി അഹമ്മദ് ദേവർകോവിൽ. പൊലീസ് സ്റ്റേഷനും മറ്റു മതവിഭാഗങ്ങളുടെ വീടുകളും ആക്രമിക്കുന്നതും മതസ്പർധയുണ്ടാക്കാൻ ശ്രമിക്കുന്നതും അനുവദിക്കില്ല. സമരങ്ങളിലെ എല്ലാ ആവശ്യവും അംഗീകരിക്കാറില്ല. ഇവിടെ ഏഴ് ആവശ്യങ്ങളിൽ അഞ്ചെണ്ണം അംഗീകരിച്ചു. എന്നാൽ, പുതിയ പുതിയ ആവശ്യങ്ങളുമായാണ് അവർ വരുന്നത്. പദ്ധതി നിർത്തിവെക്കണമെന്ന് ആരു പറഞ്ഞാലും അംഗീകരിക്കാനാകിെല്ലന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.