തിരുവനന്തപുരം: ആദ്യഘട്ടം പൂർത്തിയാകുംമുമ്പ് രണ്ടാംഘട്ട നിർമാണത്തിനുള്ള പാരിസ്ഥിതികാഘാത പഠനത്തിന് വിഴിഞ്ഞത്ത് തുടക്കമായി. നേരത്തേ പൊതുജങ്ങളിൽനിന്നുള്ള ആക്ഷേപവും പരാതികളും സ്വീകരിക്കുന്നതിനുള്ള പബ്ലിക് ഹിയറിങ് നടത്താതെതന്നെ രണ്ടും മൂന്നും ഘട്ടത്തിനുള്ള അനുമതി നൽകണമെന്ന വിഴിഞ്ഞം ഇന്റർനാഷനൽ സീപോർട്ട് ലിമിറ്റഡിന്റെ (വിസിൽ) അപേക്ഷ കേന്ദ്ര പരിസ്ഥിതി മന്ത്രാലയം തള്ളിയിരുന്നു.
പുതിയ പാരിസ്ഥിതികാനുമതി തേടണമെന്നും പബ്ലിക് ഹിയറിങ് നടത്തണമെന്നും ചൂണ്ടിക്കാട്ടിയാണ് ആഗസ്റ്റ് 28നു ചേർന്ന എക്സ്പെർട്ട് അപ്രൈസൽ കമ്മിറ്റി അപേക്ഷ തള്ളിയത്. എന്നാൽ, പാരിസ്ഥിതികാഘാത പഠനത്തിനുള്ള വിഷയങ്ങൾക്ക് അടുത്തിടെ കേന്ദ്ര സർക്കാർ അംഗീകാരം നൽകി. എൽ ആൻഡ് ടി കമ്പനിയാണ് പഠനം നടത്തുക. അവർ നേരത്തേയും വിഴിഞ്ഞത്തിനുവേണ്ടി പഠനം നടത്തിയവരാണ്.
മൂന്ന് സീസണിലെ പഠനം നടത്തണമെന്നാണ് പൊതുവേയുള്ള നിയമം. എന്നാൽ, 2013ൽ നടത്തിയ ആദ്യ പാരിസ്ഥിതികാഘാത പഠനത്തിനുശേഷം ആറുമാസം കൂടുമ്പോൾ ഇടക്കാല പഠനവും വിശകലനവും നടക്കുന്നുണ്ടെന്നത് പരിഗണിച്ച് നിയമത്തിൽ ഇളവുണ്ടാകാൻ ഇടയുണ്ട്.
10 കിലോമീറ്റർ ചുറ്റളവിലാണ് പഠനം നടത്തിവരുന്നത്. ഈ ഇടക്കാല പഠനങ്ങളിൽ തീരശോഷണമോ മറ്റു പ്രത്യാഘാതമോ തുറമുഖം മൂലം ഉണ്ടാകുന്നില്ലെന്നാണു രേഖപ്പെടുത്തി വരുന്നത്. എന്നാൽ, ഈ പഠനം ശരിയല്ലെന്നും പദ്ധതി നിർത്തിവെച്ച് പുതിയ പാരിസ്ഥിതികാഘാത പഠനം നടത്തണമെന്നും ആവശ്യപ്പെട്ടാണ് 2022ൽ മത്സ്യത്തൊഴിലാളികൾ 140 ദിവസം നീണ്ട സമരം നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.