തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതി നഷ്ടപരിഹാര തർക്കത്തിലേക്ക്. പ്രഖ്യാപിത തീയതിക്കും നീട്ടിക്കൊടുത്ത കാലയളവിലും ഒന്നാംഘട്ടം പൂർത്തീകരിക്കാനാവാതെ നിർമാണം ഇഴഞ്ഞുനീങ്ങുന്ന സാഹചര്യത്തിലാണ് മധ്യസ്ഥ നിർണയത്തിലേക്ക് (ആർബിട്രേഷൻ) നീങ്ങുന്നത്. സമയപരിധി ലംഘിച്ചാൽ അദാനി പോർട്സ് പ്രൈവറ്റ് ലിമിറ്റഡിൽനിന്ന് ഇൗടാക്കേണ്ട നഷ്ടപരിഹാരത്തുകയിലുള്ള തർക്കമാണ് കാരണം. പദ്ധതിയെ ചൊല്ലി തർക്കമുണ്ടാകുകയും അനുരഞ്ജന ചർച്ച പരാജയപ്പെടുകയും ചെയ്താൽ ആർബിട്രേഷൻ നടപടിയിലേക്ക് കടക്കാമെന്ന് കരാറിൽ വ്യവസ്ഥയുണ്ട്. അദാനി ഗ്രൂപ് ജസ്റ്റിസ് കെ.എസ്. രാധാകൃഷ്ണനെ ആർബിട്രേറ്ററായി നിർദേശിച്ചതിനെ തുടർന്ന് കഴിഞ്ഞ മന്ത്രിസഭായോഗം ജസ്റ്റിസ് കുര്യൻ ജോസഫിനെ സംസ്ഥാന പ്രതിനിധിയായി നിർദേശിച്ചു. ഇരുവരും ചേർന്ന് ഇനി മൂന്നാമത് ആർബിട്രേറ്ററെ നിർദേശിക്കണം. തുടർന്ന് തലസ്ഥാനത്താവും ആർബിട്രേഷൻ നടപടികൾ നടക്കുക. മധ്യസ്ഥരുടെ വിധി അന്തിമമായിരിക്കും.
2015 ആഗസ്റ്റിൽ കരാർ ഒപ്പിടുേമ്പാൾ ആയിരം ദിവസത്തിനുള്ളിൽ 2018 സെപ്റ്റംബർ ഒന്നിന് പൂർത്തീകരിക്കുമെന്നാണ് ഗൗതം അദാനി പ്രഖ്യാപിച്ചിരുന്നത്. പിന്നീട് നീട്ടിക്കിട്ടിയ 2019 ഡിസംബർ മൂെന്നന്ന സമയപരിധിയും പാലിക്കാൻ അദാനിക്കായില്ല. കോവിഡ് ലോക്ഡൗണിൽ പണി മുടങ്ങിയത് പരിഗണിച്ച് 34 ദിവസം സർക്കാർ ഒഴിവാക്കി നൽകിയിരുന്നു.
തുടർന്ന് സമയപരിധി ലംഘിച്ചാൽ ഒരുദിവസം 12 ലക്ഷം രൂപവെച്ച് നഷ്ടപരിഹാരം നൽകണമെന്ന കരാറിലെ വ്യവസ്ഥ അനുസരിച്ച് സംസ്ഥാനം നോട്ടീസ് നൽകി. ഒാഖി, വലിയ തിരമാല, ക്വാറി, പാറയുടെ ലഭ്യതയില്ലായ്മ, കോവിഡ് ലോക്ഡൗൺ തുടങ്ങി 21 കാരണങ്ങൾ ചൂണ്ടിക്കാട്ടി ഇത് അംഗീകരിക്കാൻ അദാനി ഗ്രൂപ് തയാറായില്ല. തുറമുഖ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയും അദാനി പോർട്സ് ചെയർമാനുമായി നടത്തിയ അനുരജ്ഞന ചർച്ചയിലും സമവായത്തിൽ എത്താനായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.