തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതിക്ക് ഉപകരാർ എടുത്ത കമ്പനിയെ കബളിപ്പിച്ച കുറ്റത്തിൽ അദാനി പോർട്സ് സി.ഇ.ഒ കരൺ അദാനി ഉൾപ്പടെ എട്ട് പേർക്കെതിരെ തിരുവനന്തപുരം അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി കേസെടുത്തു. െഎ.പി.സി 420 വകുപ്പ് അനുസരിച്ച് പ്രതികൾക്ക് എതിരെ കോടതി വഞ്ചനാക്കുറ്റമാണ് ചുമത്തിയിരിക്കുന്നത്.
നേരിട്ട് ഹാജരാകണമെന്ന് കാട്ടി കോടതി പ്രതികൾക്ക് സമൻസും അയച്ചിട്ടുണ്ട്. പദ്ധതിയുടെ ഉപകരാർ ഏറ്റെടുത്ത മേഘ ട്രേഡിംഗ് കമ്പനിയുടെ ഉടമ ഗിരീഷ് പിള്ള നൽകിയ സ്വകാര്യ അന്യായം ഫയലിൽ സ്വീകരിച്ചാണ് കോടതിയുടെ നടപടി. തുറമുഖ പദ്ധതി നിർമ്മാണത്തിനാവശ്യമായ കരിങ്കല്ല് നൽകാനായിരുന്നു മേഘ ട്രേഡിംഗ് കമ്പനി ഉപകരാർ എടുത്തിരുന്നത്. എന്നാൽ, ഇതിനായുള്ള 74 കോടി രൂപ നൽകുന്നതിൽ എതിർ കക്ഷികൾ വീഴ്ച വരുത്തുകയായിരുന്നു. പ്രതിഫലമായി നൽകിയ വിവിധ ബാങ്കുകളുടെ ചെക്കുകൾ എല്ലാംതന്നെ മടങ്ങുകയും ചെയ്തതോടെയാണ് ഹരജിക്കാരൻ എസിജെഎം കോടതിയെ സമീപിച്ചത്.
ഹോവ് എഞ്ചിനീയറിംഗ് പ്രോജക്ട് ഇന്ത്യ ലിമിറ്റഡ് ആണ് കേസിലെ ഒന്നാം പ്രതി. അദാനി പോർട്സ് സി.ഇ.ഒ കരൺ അദാനി കേസിൽ എട്ടാം പ്രതിയാണ്. അതേസമയം, ഹരജി എ.സി.ജെ.എം കോടതി പിന്നീട് പരിഗണിക്കാൻ മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.