സംഘ്പരിവാറിനെതിരായ പോരാട്ടം; ഒറ്റക്ക് ജയിക്കാനുള്ള ശക്തി ഇടതുപക്ഷത്തിനില്ല -വി.എസ് 

തിരുവനന്തപുരം: സംഘ്പരിവാർ ഫാഷിസത്തിനെതിരായ പോരാട്ടം തനിച്ച് നയിക്കാനും ജയിക്കാനുമുള്ള ശക്തി ഇന്ന് ഇടതുപക്ഷത്തിനില്ലെന്ന് ഭരണ പരിഷ്കാര കമീഷൻ ചെയർമാൻ വി.എസ് അച്യുതാനന്ദൻ. ദേശീയ, പ്രാദേശിക ബൂര്‍ഷ്വാ പാര്‍ട്ടികൾ ശിഥിലമാണ്. ബൂര്‍ഷ്വാ പാര്‍ട്ടികളിലെ മതനിരപേക്ഷ ശക്തികളെ തന്ത്രപരമായി കൂട്ടിയോജിപ്പിച്ച് യുദ്ധമുന്നണി തുറക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ സംഘപരിവാര്‍ ഫാഷിസത്തെ ഇന്ത്യയില്‍ തറപറ്റിക്കാന്‍ പ്രയാസമായിരിക്കുമെന്നും പ്രസ്താവനയിൽ വി.എസ് അറിയിച്ചു. ത്രിപുര, മേഘാലയ, നാഗാലാന്‍ഡ് തെരഞ്ഞെടുപ്പ് ഫലം നല്‍കുന്ന ആദ്യ സൂചനകള്‍ ഏറെ ഗൗരവത്തോടെ കാണണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

അതേസമയം, അഴിമതിയും സ്വജനപക്ഷപാതവുമെല്ലാമാണ് ദേശീയ, പ്രാദേശിക ബൂര്‍ഷ്വാ പാര്‍ട്ടികളുടെ മുഖമുദ്ര.  അത്തരക്കാരുമായി സഖ്യത്തിലേര്‍പ്പെടാനോ, അവരുമായി ചേര്‍ന്ന് ഭരണ മുന്നണിയുണ്ടാക്കാനോ കഴിയില്ല.  മാത്രവുമല്ല, അത്തരം അഴിമതിക്കാര്‍ക്കെതിരെ അതിശക്തമായ സമരമുഖങ്ങള്‍ തുറന്ന പാര്‍ട്ടിയാണ് സി.പി.എം. സംഘ്പരിവാര്‍ ശക്തികളുടെ ആയുധപ്പുരകള്‍ സമ്പന്നമാണ്.  അവരുടെ തന്ത്രങ്ങള്‍ ഏറെ വഴക്കമുള്ളതാണ്. 

സ്വാതന്ത്ര്യാനന്തരം പതിറ്റാണ്ടുകള്‍ ഇന്ത്യ ഭരിച്ച കോണ്‍ഗ്രസ് പാര്‍ട്ടി ഇന്ന് ഏറെ ദുര്‍ബ്ബലമാണ്.  ബംഗാളും ത്രിപുരയും ഭരിച്ച ഇടതുപക്ഷ പാര്‍ട്ടികളും ഇന്ന് ദുര്‍ബ്ബലമാണ്.  ആ സ്ഥലത്തേക്ക് കടന്നുകയറുന്ന ബി.ജെ.പിയാവട്ടെ, ഒരുവശത്ത് ആസുരമായി നവ ഉദാരവല്‍ക്കരണ നടപടികളും മറുവശത്ത് അതിതീവ്ര വര്‍ഗീയ നടപടികളുമായാണ് മുന്നേറുന്നത്.  കൊന്നും കൊലവിളിച്ചും, ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ കോര്‍പ്പറേറ്റ് ഭീമന്മാര്‍ക്കും സ്വന്തക്കാര്‍ക്കും കയ്യേറാന്‍ വിട്ടുകൊടുത്തും, ജുഡീഷ്യറിയെ കയ്യിലെ കളിപ്പാവയാക്കിയും, സാമ്രാജ്യത്വവുമായി സഖ്യമുണ്ടാക്കിയും ദേശീയ തലത്തില്‍ അവര്‍ ശക്തി വര്‍ധിപ്പിക്കുകയാണെന്നും വി.എസ് പറഞ്ഞു. 
 

Tags:    
News Summary - VS Achuthanandan on Manipur Result-Kearala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.