പാലക്കാട്: നിയമസഭാ തെരഞ്ഞെടുപ്പില്‍ പാലക്കാട് ജില്ലയിലെ തൃത്താലയില്‍ മുൻ എം.പി എം.ബി. രാജേഷിനെ സി.പി.എം സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതോടെ അരങ്ങൊരുങ്ങുന്നത് വമ്പൻ പോരാട്ടത്തിന്. കോൺഗ്രസിലെ യുവ നേതാവ് വി.ടി. ബൽറാമാണ് നിലവിൽ ഇവിടത്തെ എം.എൽ.എ. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പില്‍ മത്സരിച്ച മൂന്നുപേര്‍ക്ക് ഇളവ് നല്കാൻ സി.പി.എം നേതൃയോഗം തീരുമാനിച്ചതോടെയാണ് എം.ബി. രാജേഷ് സീറ്റ് ഉറപ്പിച്ചത്. തൃത്താലയില്‍ ബൽറാമിനെതിരെ ശക്തനായ സ്ഥാനാര്‍ത്ഥി വേണമെന്ന നിര്‍ദേശവും രാജേഷിന് തുണയായി. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ വി.കെ. ശ്രീകണ്ഠനാണ് എം.ബി. രാജേഷിനെ പരാജയപ്പെടുത്തിയത്.
2011 മുതൽ തൃത്താല മണ്ഡലത്തിലെ നിയമസഭാ സാമാജികനാണ് ബൽറാം. 2011ൽ 3197 ആയിരുന്നു ഭൂരിപക്ഷം. കഴിഞ്ഞതവണ സുബൈദ ഇസ്ഹാഖായിരുന്നു ഇവിടെ സി.പി.എം സ്ഥാനാർഥി. അന്ന് 10547 വോട്ടിനായിരുന്നു ബൽറാമിന്റെ വിജയം. അതേസമയം, 1991 മുതൽ 2006 വരെ തൃത്താല സി.പി.എമ്മിനെയാണ് തുണച്ചിരുന്നത്.
ഇടതുവലത് മുന്നണികൾക്ക് സാരഥ്യമരുളിയ ചരിത്രം തൃത്താലക്കുണ്ട്. മണ്ഡലത്തിൽനിന്ന് നിയമസഭയിലെത്തിയ രണ്ടുപേർ വലത് മന്ത്രിസഭയിൽ അംഗമായതും ചരിത്രം. 1965ല്‍ മണ്ഡലം നിലവില്‍ വന്നതെങ്കിലും '67ലാണ് ആദ്യ തെരഞ്ഞെടുപ്പ് നടന്നത്. അക്കാലത്ത് പൊന്നാനി താലൂക്ക് പരിധിയിലാണ് തൃത്താല ഉള്‍പ്പെട്ടിരുന്നത്.
എസ്.സി സംവരണ മണ്ഡലം കൂടിയായിരുന്നു. ആദ്യ അങ്കത്തില്‍ സി.പി.എം പ്രതിധിധി ഇ.ടി. കുഞ്ഞന്‍ തെരഞ്ഞെടുത്തു. മൂന്ന് വര്‍ഷത്തിന് ശേഷം 1970ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്വതന്ത്രനായി മത്സരിച്ച വെള്ള ഇൗച്ചരന് വിജയിക്കുകയും മന്ത്രിസഭാംഗമാകുകയും ചെയ്തു.
പിന്നീടുള്ള നാല് തെരഞ്ഞെടുപ്പിലും കോണ്‍ഗ്രസ് തന്നെയാണ് തൃത്താലയെ നയിച്ചത്. '77ല്‍ ജനറല്‍ വിഭാഗത്തിലേക്ക് മാറ്റിയതോടെ മഹാരാഷ്ട്ര ഗവര്‍ണര്‍ ആയിരുന്ന കെ. ശങ്കരനാരായണന് കോണ്‍ഗ്രസ് പക്ഷം കാത്ത് നിയമസഭയിലെത്തി. '80ല്‍ വീണ്ടും എസ്.സി സംവരണമാക്കി.
ആ വർഷം നടന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസിലെ എം.പി. താമിയിലൂടെ യു.ഡി.എഫ് മണ്ഡലം നിലനിർത്തി. രണ്ട് വര്‍ഷത്തിനുശേഷം നടന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസിലെ തന്നെ കെ.കെ. ബാലകൃഷ്ണനായിരുന്നു വിജയം. അദ്ദേഹം കെ. കരുണാകരൻ മന്ത്രിസഭയിൽ ഗതാഗത മന്ത്രിയായി.
എന്നാൽ, അദ്ദേഹത്തിന് 13 മാസം മാത്രമേ മന്ത്രിസ്ഥാനത്ത് ഇരിക്കാൻ കഴിഞ്ഞുള്ളൂ. 1983 ആഗസ്റ്റിൽ അദ്ദേഹം ഒഴിഞ്ഞു. 1987ല്‍ വീണ്ടും തെരഞ്ഞെടുപ്പ് വന്നപ്പോൾ എം.പി. താമി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. പിന്നീട്, 1991ല്‍ നടന്ന തെരഞ്ഞെടുപ്പിൽ പതിറ്റാണ്ടുകൾക്കുശേഷം മണ്ഡലം ഇടത്തോട്ട് ചാഞ്ഞു. ഇ. ശങ്കരനിലൂടെ സിപി.എം മണ്ഡലം പിടിച്ചെടുത്തു.
1996ലും 2001ലും വി.കെ. ചന്ദ്രനിലൂടെയും 2006ല്‍ ടി.പി. കുഞ്ഞുണ്ണിയിലൂടെയും ഇടതുപക്ഷം മണ്ഡലം നിലനിർത്തി. 2011ല്‍ തൃത്താലയെ പൊന്നാനി ലോക്സഭയോട് ചേര്‍ത്തു. തൃത്താല ബ്ലോക്കിലെ എട്ട് പഞ്ചായത്തുകളില്‍നിന്ന് തിരുവേഗപ്പുറയെ പട്ടാമ്പി മണ്ഡലത്തിലേക്കും പകരം പരുതൂര്‍ പഞ്ചായത്തിനെ തൃത്താലയിലേക്കും മാറ്റി.
രൂപംമാറി ജനറൽ സീറ്റായ തൃത്താലയിൽ വി.ടി. ബല്‍റാമിനെ യു.ഡി.എഫ് സ്ഥാനാർഥിയാക്കി. സി.പി.എം നേതാവ് പി.കെ. മമ്മികുട്ടിയായിരുന്നു എതിരാളി. 3197 വോട്ട് ഭൂരിപക്ഷത്തിൽ കന്നിക്കാരന് ബൽറാം ഇടത് മുന്നേറ്റത്തിന് തടയിട്ടു. അതിന് ശേഷം 2016ല്‍ മുന്‍ ജില്ല പഞ്ചായത്ത് പ്രസിഡൻറ് സുബൈദ ഇസ്ഹാക്കിനെ തോൽപിച്ച് ബല്‍റാം തന്നെ രണ്ടാം അങ്കത്തില്‍ നിലയുറപ്പിച്ചു. 2011ല്‍ ബി.ജെ.പിക്ക് 5899 വോട്ട് ഉണ്ടായിരുന്ന സ്ഥാനത്ത് 2016ല്‍ അത് 14,570ഉം വോട്ടുകളായി വർധിച്ചു. ആനക്കര, കപ്പൂര്‍, പട്ടിത്തറ, തിരുമിറ്റകോട്, തൃത്താല, ചാലിശ്ശേരി, നാഗലശ്ശേരി, പരുതൂര്‍ പഞ്ചായത്തുകള്‍ ഉള്‍പ്പെടുന്നതാണ് തൃത്താല മണ്ഡലം.
കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പ് ഫലം വിലയിരുത്തുേമ്പാൾ മണ്ഡലത്തിൽ ഇടതും വലതും ഏറക്കുറെ ബലാബലത്തിലാണ്. തൃത്താല ബ്ലോക്ക് പഞ്ചായത്തിലെ 14 ഡിവിഷനില്‍ 12ഉം നേടി എല്‍.ഡി.എഫ് ഭരണം നിലനിര്‍ത്തി. തിരുമിറ്റകോട്, തൃത്താല, നാഗലശ്ശേരി പഞ്ചായത്ത് എല്‍.ഡി.എഫിനൊപ്പം തന്നെനിന്നു. ചാലിശ്ശേരി പഞ്ചായത്ത് യു.ഡി.എഫ് നിലനിര്‍ത്തി. അതോടൊപ്പം ഇടതിെൻറ കൈവശമുണ്ടായിരുന്ന പട്ടിത്തറയും പരുതൂര്‍, ആനക്കര പഞ്ചായത്തുകള്‍ യു.ഡി.എഫ് തിരിച്ചുപിടിച്ചു. ഇരുപക്ഷവും തുല്യനിലയിലായ കപ്പൂരിൽ ടോസിലൂടെ സി.പി.എം പ്രസിഡൻറ് സ്ഥാനത്തെത്തി. വൈസ് പ്രസിഡൻറ് സ്ഥാനം കോണ്‍ഗ്രസിനും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.