വഖഫ്​ ബോർഡ്​; മുഖ്യമന്ത്രി വിളിച്ചു, പള്ളികളിൽ പ്രതിഷേധം വേണ്ട -ജിഫ്രി മുത്തുക്കോയ തങ്ങൾ

കോഴിക്കോട്: വഖഫ്​ ബോർഡ് നിയമനം പി.എസ്.സിക്ക് വിട്ട സർക്കാർ തീരുമാനത്തിൽ വ്യത്യസ്​ത അഭിപ്രായവുമായി സമസ്​ത രംഗത്ത്​. പള്ളികളിൽ വിശദീകരണ യോഗം ചേരും എന്ന മുസ്‌ലിം കോഡിനേഷന്‍ കമ്മിറ്റിയുടെ തീരുമാനം കഴിഞ്ഞ ദിവസം വൻ വിവാദമായിരുന്നു. ഇതിനെ തുടർന്നാണ്​ പള്ളികളിൽ വിഷയത്തിൽ പ്രതിഷേധം വേണ്ട എന്ന നിലപാടുമായി സമസ്​ത രംഗത്ത്​ എത്തിയിരിക്കുന്നത്​.

പ്രതിഷേധ പരിപാടി പിൻവലിക്കണമെന്ന്​ സമസ്​ത പ്രസിഡന്‍റ്​ ജിഫ്രി മുത്തുക്കോയ തങ്ങൾ ആവശ്യ​പ്പെട്ടു. കഴിഞ്ഞ ദിവസം ചേര്‍ന്ന മുസ്‌ലിം കോഡിനേഷന്‍ കമ്മിറ്റിയുടെ തീരുമാനത്തെ തള്ളുന്നതാണ് സമസ്​തയുടെ പുതിയ നിലപാട്.

വഖഫ് ബോർഡ് നിയമനം പി.എസ്.സിക്ക് വിട്ട സർക്കാർ തീരുമാനത്തിനെതിരെ കോഴിക്കോട് ടൗൺഹാളിൽ സംഘടിപ്പിച്ച സമസ്ത വഖഫ്​ മുതവല്ലി സംഗമത്തിൽ സംസാരിക്കുകയായിരുന്നു ജിഫ്രി തങ്ങൾ. 'വിഷയവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ ബന്ധപ്പെട്ടിരുന്നു. വഖഫ് നിയമനത്തിൽ സമസ്​തക്ക് തെറ്റിദ്ധാരണകൾ ഉണ്ടെങ്കിൽ കൂടിയിരുന്ന് സംസാരിക്കാം എന്ന് എന്നോട് പറഞ്ഞിട്ടുണ്ട്​. അത് പഠിച്ചിട്ട് പറയാമെന്നാണ് ഞാൻ പറഞ്ഞത്.

സമസ്​തയുടെ സെക്രട്ടറി ആലിക്കുട്ടി മുസ്‌ലിയാരെ മുഖ്യമന്ത്രിയുടെ പ്രതിനിധി എളമരം കരീം എം.പി വിളിച്ചിരുന്നു. സർക്കാറിന്‍റെ ഭാഗത്ത് നിന്ന് പരിഹാരമുണ്ടാകണം എന്നാണ് സമസ്​ത നിലപാട്. ഇല്ലെങ്കിൽ എല്ലാ തരത്തിലുള്ള പ്രതിഷേധത്തിന്‍റെ മുമ്പിലും സമസ്​തയുണ്ടാകും'- തങ്ങൾ പറഞ്ഞു. പള്ളികളില്‍ പ്രതിഷേധം പാടില്ല. അത് അപകടം ചെയ്യും. പള്ളി ആദരിക്കേണ്ട സ്ഥലമാണ്. പള്ളിയുടെ പവിത്രതക്ക്​ യോജിക്കാത്ത ഒന്നും ഉണ്ടാകരുത്. പള്ളിയില്‍ പ്രതിഷേധിക്കേണ്ട കാര്യങ്ങളുണ്ട്. ഇപ്പോള്‍ ഈ വിഷയത്തിൽ പള്ളിയില്‍ ഉദ്‌ബോധനം വേണ്ട.

കൂടിയിരുന്ന് സംസാരിക്കാമെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. സമസ്​ത അനുകൂല നിലപാട് പ്രതീക്ഷിക്കുന്നു. വിഷയത്തില്‍ വഖഫ് മന്ത്രിയുടെ പ്രസ്​താവനയില്‍ പ്രതിഷേധമുണ്ട്. അദ്ദേഹം പറഞ്ഞു. നിയമന വിവാദത്തിൽ പ്രതിഷേധം എങ്ങനെ വേണമെന്ന് സമസ്​ത പിന്നീട് തീരുമാനിക്കും. വഖഫ് ബോർഡിൽ നേരത്തെയുള്ള നിലപാട് തന്നെയാണ് സർക്കാർ സ്വീകരിക്കേണ്ടത്. പുതിയ തീരുമാനത്തിൽ സമസ്​തക്കുള്ള പ്രതിഷേധം മാന്യമായി അറിയിക്കും. ഇതിന് പരിഹാരമില്ലെങ്കിലാണ് മറ്റു പ്രതിഷേധ രീതികളിലേക്ക് കടക്കുക -ജിഫ്രി തങ്ങൾ കൂട്ടിച്ചേർത്തു.

മുതവല്ലി സംഗമത്തിൽ വഖഫ് മന്ത്രി വി. അബ്ദുറഹ്മാനെതിരെ രൂക്ഷ വിമർശനമാണ് ജിഫ്രി തങ്ങൾ നടത്തിയത്. എന്തു വന്നാലും വഖഫ് നിയമം പാസാക്കുമെന്നാണ് മന്ത്രി അബ്ദുറഹ്മാൻ പറഞ്ഞത്. അതൊരു ധാർഷ്ട്യമാണ്. അത് അംഗീകരിക്കാനാവില്ലെന്നും ജിഫ്രി തങ്ങൾ ചൂണ്ടിക്കാട്ടി.

വഖഫ് നിയമനങ്ങൾ പി.എസ്.സിക്കു വിടാനുള്ള സർക്കാർ തീരുമാനത്തിനെതിരെ പള്ളികളിലൂടെ ബോധവൽക്കരണം നടത്താനാണ് കഴിഞ്ഞ ദിവസം കോഴിക്കോട്ട് ചേർന്ന മുസ്‌ലിം ഏകോപന സമിതി യോഗം തീരുമാനിച്ചിരുന്നത്.

പള്ളികളെ രാഷ്ട്രീമായി ദുരുപയോഗം ചെയ്യുകയല്ലെന്നും തികഞ്ഞ ബോധ്യത്തിന്‍റെ അടിസ്ഥാനത്തിലാണ് തീരുമാനമെന്നും നേതാക്കൾ വ്യക്തമാക്കിയിരുന്നു. സമസ്​ത നേതാക്കൾ അടക്കം യോഗത്തിൽ പ​ങ്കെടുത്തിരുന്നു. യോഗ തീരുമാനം പുറത്തുവന്നയുടൻ പ്രസ്​താവനയുമായി സി.പി.എം രംഗത്തുവന്നിരുന്നു. വിശ്വാസികളായ പാർട്ടി അണികൾ ഇത്​ ചോദ്യം ചെയ്യുമെന്നും അത്​ സംഘർഷത്തിന്​ വഴിവെക്കുമെന്നും സി.പി.എം ​പ്രസ്​താവനയിൽ പറഞ്ഞിരുന്നു.

അപ്പോഴും പ്രതിഷേധ പരിപാടിയുമായി മുന്നോട്ട്​ പോകുമെന്ന്​ കോഡിനേഷൻ കമ്മിറ്റി അറിയിച്ചിരുന്നു. അതിനിടയിലാണ്​ സമസ്​തയുടെ പുതിയ അഭിപ്രായ പ്രകടനം. 


Full View


Tags:    
News Summary - Waqf Board Appointment; CM calls, no protest in mosques - Jifri Thangal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.