കനത്ത മഴയെ തുടർന്ന് പെരിയാർ തീരത്തെ ആലുവ മണപ്പുറം ക്ഷേത്രത്തിൽ വെള്ളം കയറിയപ്പോൾ

പെരിയാറിൽ ജലനിരപ്പ് ഉയർന്നു; ആലുവ മണപ്പുറം ക്ഷേത്രത്തിലും വെള്ളം കയറി

ആലുവ: കനത്ത മഴയിൽ പെരിയാറിൽ ജലനിരപ്പ് ഉയർന്നു. ചൊവ്വാഴ്ച്ച പുലർച്ചെയോടെയാണ് വെള്ളം കൂടിയത്. ഇതേ തുടർന്ന് മണപ്പുറത്തിന്‍റെ വിവിധ ഭാഗങ്ങളിൽ വെള്ളം കയറി. മണപ്പുറം ക്ഷേത്രത്തിലും വെള്ളം കയറി. ക്ഷേത്രത്തിന്‍റെ പകുതിയോളം ഉയരത്തിൽ വെള്ളം കയറിയിരുന്നു.

ഇടുക്കി ജില്ലയിലടക്കം രണ്ട് ദിവസമായി പെയ്യുന്ന കനത്ത മഴയാണ് പെരിയാറിൽ ജലനിരപ്പ് ഉയരാൻ ഇടയാക്കിയത്. മഴ മൂലം കഴിഞ്ഞ പത്തു മണിക്കൂറിനുള്ളിൽ  പെരിയാറിൽ വലിയതോതിൽ ജലനിരപ്പുയർന്നു. തിങ്കളാഴ്ച്ച രാത്രി പത്തു മണിയോടെ സമുദ്ര നിരപ്പിൽ നിന്ന് 40 സെൻറിമീറ്റർ ഉയരത്തിലായിരുന്നു പുഴ ഒഴുകിയിരുന്നത്. എന്നാൽ, രാത്രി മുകളിൽ നിന്നുള്ള വെള്ളം കൂടുതലായി ഒഴുകിയെത്തിയതോടെ പുലർച്ചെ ജലനിരപ്പ് വളരെ അധികം ഉയരുകയായിരുന്നു.

പുലർച്ചെ അഞ്ചടിയിലേറെയാണ്  ജലനിരപ്പുയർന്നത്. സമുദ്ര നിരപ്പിൽ നിന്ന് 1.9 മീറ്റർ ഉയർന്നാണ് രാവിലെ പുഴ ഒഴുകിയത്. ആലുവ ജലശുദ്ധീകരണ ശാലയിൽ പുഴയിലെ ജലനിരപ്പ് അറിയുന്നതിന് സ്‌ഥാപിച്ചിട്ടുള്ള സ്കെയിലിൽ ചൊവ്വാഴ്ച്ച പുലർച്ചെ 1.9 മീറ്ററാണ് ജലനിരപ്പ് കാണിച്ചത്. 1.7 മീറ്ററാകുമ്പോഴേക്കും മണപ്പുറത്ത് വെള്ളം കയറുമെന്നാണ് കണക്ക്. വൈകീട്ടോടെ ജലനിരപ്പ് 1.6 ലേക്ക് താഴ്ന്നിരുന്നു. ഇതിന്‍റെ ഭാഗമായി മണപ്പുറത്തും വെള്ളക്കെട്ട് കുറഞ്ഞു.

മഴ തുടരുന്നത് പെരിയാറിന്‍റെ തീരങ്ങളിലെ താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവരെ ഭീതിയിലാക്കിയിട്ടുണ്ട്. കടുങ്ങല്ലൂർ പഞ്ചായത്തിൽ തീരത്ത് താമസിക്കുന്ന ഏലൂക്കര, കയിൻറിക്കര, കീരപ്പിള്ളി, അമ്പാട്ടുമാലി, കടേപ്പിള്ളി, എരമം തോപ്പിലക്കാട് എന്നിവിടങ്ങളിലുള്ളവർ ആശങ്കയിലാണ്. വെള്ളം ജനവാസ കേന്ദ്രങ്ങളിലേക്ക് കയറിയിട്ടില്ലങ്കിലും തീരങ്ങളോട് ചേർന്ന പാടശേഖരങ്ങളിൽ ജലനിരപ്പ് ഉയർന്നിട്ടുണ്ട്.


Tags:    
News Summary - water level raised in periyar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.