കൽപറ്റ: ഉരുൾ ദുരന്തവുമായി ബന്ധപ്പെട്ട് നടപ്പാക്കുന്ന പുനരധിവാസ പദ്ധതി ഇരകളെയോ പ്രാദേശിക ഭരണകൂടങ്ങളെയോ കേൾക്കാതെയെന്ന് ആക്ഷേപം. നിലവിൽ രണ്ട് എസ്റ്റേറ്റുകൾ ഏറ്റെടുത്ത് നടപ്പാക്കാനുദ്ദേശിക്കുന്ന പുനരധിവാസ പദ്ധതിയുടെ കാര്യത്തിൽ ഗുണഭോക്താക്കളുടെയോ ദുരന്തം നടന്ന പ്രദേശത്തെ ജനപ്രതിനിധികളുടെയോ അഭിപ്രായങ്ങൾ സ്വീകരിക്കാനോ കേൾക്കാനോ തയാറാകാതെ സംസ്ഥാന സർക്കാറും ഉദ്യോഗസ്ഥരും തീരുമാനമെടുക്കുകയാണെന്നാണ് ആക്ഷേപം.
മേപ്പാടി പഞ്ചായത്തിലെ നെടുമ്പാല എസ്റ്റേറ്റും കല്പറ്റ മുനിസിപ്പാലിറ്റിയിലെ എല്‍സ്റ്റോണ്‍ എസ്റ്റേറ്റും ദുരന്തബാധിതരെ പുനരധിവസിപ്പിക്കുന്നതിനായി മാതൃക ടൗണ്‍ഷിപ് നിർമിക്കുന്നതിന് ഏറ്റവും അനുയോജ്യമാണെന്ന് കണ്ടെത്തിയെന്നാണ് മുഖ്യമന്ത്രി നിയമസഭയിൽ അറിയിച്ചത്. എന്നാൽ, പലരും ഈ സ്ഥലങ്ങളിൽ വീട് ലഭ്യമാകുന്നതിൽ തൃപ്തരല്ല. ദുരന്തത്തിൽ ബന്ധുക്കളെല്ലാം നഷ്ടപ്പെട്ട് ഒറ്റക്കായിപ്പോയ നിരവധിപേർ അവരുടെ ബന്ധുക്കളുടെ വാസസ്ഥലത്തേക്കാണ് മാറിയത്. തമിഴ്നാട് ഉൾെപ്പടെയുള്ള മറ്റു സംസ്ഥാനങ്ങളിലേക്ക് മാറിത്താമസിക്കേണ്ടി വന്നവരുമുണ്ട്.
പാലക്കാട്, കോഴിക്കോട്, മലപ്പുറം ഉൾെപ്പടെയുള്ള മറ്റു ജില്ലകളിലേക്ക് പോയവരും നിരവധി. കുടുംബങ്ങൾ നഷ്ടപ്പെട്ടതോടെ ബന്ധുക്കൾ താമസിക്കുന്നതോ നേരത്തേ താമസിച്ചിരുന്നതോ ആയ ഇടത്തേക്കാണ് ഇവരെല്ലാം മാറിയത്. ചൂരൽമല റോഡിൽ താമസിച്ചിരുന്ന രമ്യക്ക് ഒറ്റരാത്രികൊണ്ട് നഷ്ടപ്പെട്ടത് മകളും ഭർത്താവും ഭർത്താവിന്റെ അച്ഛനും അമ്മയുമുൾെപ്പടെയുള്ള ഉറ്റവരെയാണ്. രമ്യയും ചെറിയ മകനും ഗുരുതര പരിക്കുകളോടെ ഇപ്പോഴും ചികിത്സയിലാണ്. പാലക്കാട് സ്വദേശിനിയായ ഇവർക്ക് വയനാട്ടിൽ ഇനി ഉറ്റവരെന്നു പറയാൻ ആരുമില്ല. തനിക്ക് നിർദിഷ്ട ടൗൺഷിപ്പിൽ വീട് ലഭിച്ചാൽ എന്താവുമെന്നാണ് ഇവർ ചോദിക്കുന്നത്.
ഉരുൾ ദുരന്തത്തിൽ ഒറ്റക്കായിപ്പോയവരിൽ പലരും തങ്ങളുടെ ബന്ധുക്കൾ താമസിക്കുന്ന നാട്ടിലേക്ക് മാറാൻ ആഗ്രഹിക്കുന്നവരാണ്. പുനരധിവാസ പദ്ധതിയിൽ ഇവർക്കുള്ള വീടുകൾ അവിടെ വേണമെന്നാണ് ആഗ്രഹിക്കുന്നത്. ജോലിയും ബന്ധുക്കളെയും സ്വന്തം നാടും ഉപേക്ഷിക്കാൻ താൽപര്യമില്ലാതെ മേപ്പാടി ഭാഗങ്ങളിൽതന്നെ സ്ഥിരതാമസമാക്കാൻ ആഗ്രഹിക്കുന്നവരുമുണ്ട്.
ഇരകൾ ആഗ്രഹിക്കുന്ന സ്ഥലങ്ങളിൽ വീട് വെക്കാനുള്ള അനുവാദം നൽകി അതിനുവേണ്ട തുക സർക്കാർ നൽകണമെന്നാണ് ഇവരുടെ ആവശ്യം. കൂടാതെ, നിലവിൽ കണ്ടെത്തിയിരിക്കുന്ന സ്ഥലത്തെ കുറിച്ചും ആരോപണങ്ങൾ ഉയർന്നിട്ടുണ്ട്. കല്പറ്റ മുനിസിപ്പാലിറ്റിയിലെ എല്‍സ്റ്റോണ്‍ എസ്റ്റേറ്റിന് സമീപത്താണ് റാട്ടക്കൊല്ലി, മണിക്കുന്ന് മല. ഇവിടം വാസയോഗ്യമല്ലെന്ന ആരോപണം ഉയർന്നുകഴിഞ്ഞു. മലകൾക്ക് സമീപമുള്ള ഇവിടം ഭാവിയിൽ അപകടസാധ്യത ഉള്ളതാണോ എന്നത് സംബന്ധിച്ച് കൃത്യമായ പഠനം നടന്നിട്ടില്ലെന്നാണ് അറിയുന്നത്.
ദുരന്തബാധിതർക്ക് മറ്റൊരു മലയുടെ ചുവട്ടിൽ പാർപ്പിടമൊരുക്കുന്നതിലെ വിരോധാഭാസമാണ് പലരും ചോദ്യംചെയ്യുന്നത്. നെടുമ്പാല എസ്റ്റേറ്റ് പാട്ടക്കരാറിലുള്ള ഭൂമിയാണ്. പാട്ടക്കാലാവധി കഴിഞ്ഞ് സർക്കാറിലേക്ക് കണ്ടുകെട്ടേണ്ട ഭൂമി വില കൊടുത്ത് സർക്കാർതന്നെ വാങ്ങുകയാണെന്ന ആരോപണവുമുണ്ട്. 2019ലെ പുത്തുമല ഉരുൾ ദുരന്തത്തിനിരയായവരുടെ പുനരധിവാസം അഞ്ചു വർഷം പിന്നിട്ടിട്ടും പൂർണമായിട്ടില്ല. പലരും ഇന്നും വാടകവീടുകളിലാണ് കഴിയുന്നത്. പൂത്തക്കൊല്ലിയിൽ സർക്കാർ ഏറ്റെടുത്ത് നിർമിച്ച 52 വീടുകളിൽ പലതും വാസയോഗ്യമല്ലാത്ത അവസ്ഥയിലാണ്. മുണ്ടക്കൈ ഉരുൾദുരന്തവുമായി ബന്ധപ്പെട്ട് രണ്ടു ടൗണ്‍ഷിപ്പിലും കൂടി ഏകദേശം 1000 വീടുകള്‍ നിർമിക്കുവാനാണ് ലക്ഷ്യമിടുന്നതെന്നാണ് മുഖ്യമന്ത്രി അറിയിച്ചത്. പുത്തുമലയിലെ അവസ്ഥ തന്നെയാകുമോ തങ്ങൾക്കുമെന്ന ആശങ്കയും മുണ്ടക്കൈ ദുരന്തത്തിലെ ഇരകൾ പങ്കുവെക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.