പാലക്കാട്: ആർ.എസ്.എസ് പ്രവർത്തകൻ സഞ്ജിത്തിെൻറ കൊലപാതകത്തിൽ ആയുധങ്ങൾ കണ്ടെത്തി. കണ്ണന്നൂരിൽ ആയുധങ്ങൾ ഉപേക്ഷിക്കപ്പെട്ട നിലയിലാണ് കണ്ടെത്തിയത്.
ദേശീയ പാതക്ക് അരികിലാണ് വടിവാൾ ഉൾപ്പെടെയുള്ള ആയുധങ്ങൾ കണ്ടെത്തിയത്. കണ്ടെടുത്ത ആയുധങ്ങളിൽ രക്തക്കറയുണ്ട്.
തിങ്കളാഴ്ച രാവിലെ 9 മണിയോടെയാണ് ആർ.എസ്.എസ് തേനാരി മണ്ഡലം ബൗദ്ധിക് ശിക്ഷൺ പ്രമുഖ് എലപ്പുള്ളി സ്വദേശി സഞ്ജിത്തി (27) നെ ഒരു സംഘം വെട്ടിക്കൊലപ്പെടുത്തിയത്. മമ്പ്രത്തെ ഭാര്യവീട്ടിൽ നിന്നും ഭാര്യയുമായി ബൈക്കിൽ വരികയായിരുന്ന സഞ്ജിത്തിനെ കാറിലെത്തിയ അക്രമികൾ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. വിജനമായ സ്ഥലത്ത് വച്ച് ബൈക്ക് തടഞ്ഞ ശേഷമായിരുന്നു ആക്രമണം.ബൈക്കിൽ നിന്നും സഞ്ജുവിനെ വലിച്ചിട്ട് അക്രമികൾ വെട്ടിക്കൊല്ലുകയായിരുന്നു.
അതേസമയം, അക്രമി സംഘത്തിൽ അഞ്ച് പേരുണ്ടായിരുന്നുവെന്നും മാസ്‌കോ മുഖംമൂടിയോ ധരിച്ചിരുന്നില്ലെന്നും കൊല്ലപ്പെട്ട സഞ്ജിത്തിന്‍റെ ഭാര്യ അർഷിക മാധ്യമങ്ങളോട് പറഞ്ഞു. പ്രതികളെ കണ്ടാൽ തിരിച്ചറിയാനാകുമെന്നും ഇവർ പറഞ്ഞു.
'രാവിലെ 8.40ന് വീട്ടിൽ നിന്നിറങ്ങിയതാണ്. ഗട്ടർ വന്നപ്പോൾ ബൈക്ക് സ്ലോ ആക്കി. കാറിൽ വന്നവർ സഞ്ജിതിനെ വെട്ടുകയായിരുന്നു. അവർ അഞ്ചു പേർ ഉണ്ടായിരുന്നു. ഇവരെ കണ്ടാൽ തിരിച്ചറിയും. സഞ്ജിതിന് നേരത്തെ ഭീഷണിയുണ്ടായിരുന്നു. അതിനാൽ ഒരാഴ്ച മുൻപേ തന്‍റെ മമ്പറത്തുള്ള വീട്ടിലേക്ക് താമസം മാറ്റിയിരുന്നു. നാട്ടുകാരുടെ മുന്നിലിട്ടാണ് വെട്ടിയത്. എന്നെ വലിച്ച് ചാലിലേക്ക് തള്ളിയിട്ടു...' -അർഷിക പറഞ്ഞു.
പ്രതികൾ തൃശൂർ ഭാഗത്തേക്ക് കടന്നതായാണ് പൊലീസ് നിഗമനം. എട്ടുസംഘങ്ങളായി തിരിഞ്ഞ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. പാലിയേക്കര ടോൾ പ്ലാസയിലെ സി.സി.ടി.വി ദൃശ്യങ്ങൾ അടക്കം പരിശോധന വിധേയമാക്കും. കുന്നംകുളത്തും ചാവക്കാടും കൊടുങ്ങല്ലൂരിലും ചെറായിലും പൊന്നാനിയിലും അന്വേഷണം വ്യാപിപ്പിക്കും. വെള്ള നിറത്തിലുള്ള മാരുതി 800 കാറിലാണ് പ്രതികൾ കൊലയ്‌ക്കെത്തിയതെന്ന് കണ്ടെത്തിയിട്ടുണ്ട്. കാറിനായി തെരച്ചിൽ തുടങ്ങി.
ഉടൻ പാലക്കാട് ജില്ല ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. തലയിൽ മാത്രം ആറുവെട്ടുകളടക്കം ശരീരത്തിൽ മുപ്പതോളം വെട്ടുകളാണുള്ളതെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നു. മൃതദേഹവുമായി ആർ.എസ്.എസ് പ്രവർത്തകർ ചന്ദ്രനഗർ വൈദ്യുത ശ്മശാനത്തിലേക്ക് വിലാപയാത്ര നടത്തി.
കൊലക്ക് പിന്നിൽ എസ്.ഡി.പി.െഎ ആണെന്ന് ബി.ജെ.പി ആരോപിച്ചു. എന്നാൽ എസ്.ഡി.പി.ഐ ഇത് നിഷേധിച്ചു. കഴിഞ്ഞ കുറച്ചു മാസങ്ങളായി എലപ്പുള്ളി പഞ്ചായത്തിൽ ആർ.എസ്.എസ്-എസ്.ഡി.പി.െഎ സംഘർഷം നിലനിർക്കുന്നുണ്ട്. ഇതിെൻറ തുടർച്ചയാണ് കൊലപാതകമെന്നാണ് സൂചന. സഞ്ജിത്തിനെതിരെ നിരവധി കേസുകളുണ്ടെന്ന് െപാലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.