പൊലീസ് ആക്ട് ഭേദഗതി; കേരളത്തെ ഫാഷിസ്റ്റ് സ്റ്റേറ്റാക്കാനുള്ള ഇടത് നീക്കം -വെൽഫെയർ പാർട്ടി

തിരുവനന്തപുരം: പൊലീസ് ആക്ടിൽ ഭേദഗതി വരുത്തി 118 എ വകുപ്പ് കൂട്ടിച്ചേർത്ത് പുതിയ ഓർഡിനൻസ് പുറപ്പെടുവിച്ചതിലൂടെ കേരളത്തെ ഇടതുപക്ഷ സർക്കാർ ഫാഷിസ്റ്റ് സ്റ്റേറ്റാക്കാനുള്ള നീക്കമാണ് നടത്തുന്നതെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്‍റ് ഹമീദ് വാണിയമ്പലം. സർക്കാരിന്‍റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ ജനാധിപത്യപരമായി സമരം ചെയ്യുന്നവരെ വേട്ടയാടുന്നതിനു വേണ്ടിയുള്ള ഫാഷിസ്റ്റ് തന്ത്രത്തിന്‍റെ ഭാഗമായി ചുട്ടെടുത്തതാണ് പുതിയ ഭേദഗതി നിയമമെന്നും അദ്ദേഹം പറഞ്ഞു.

ഭരണപക്ഷ പാർട്ടികളുടെയും പ്രതിപക്ഷത്തിന്‍റെയും എതിർപ്പിനെ വകവെക്കാതെ പിണറായിയും സി.പി.എമ്മും ഏകാധിപത്യ സമീപനമാണ് സ്വീകരിക്കുന്നത്. സൈബർ ലോകത്തെ കുറ്റകൃത്യങ്ങൾ തടയാനെന്ന പേരിൽ പൊലീസിന് അമിതാധികാരം നൽകിക്കൊണ്ടുള്ള പുതിയ നിയമ ഭേദഗതി ഭരണകൂടത്തിന്‍റെ സർവ്വാധിപത്യത്തിന് വേണ്ടിയുള്ള ഒളിച്ചു കടത്തലാണ്. സാമൂഹ്യ മാധ്യമങ്ങളിലെ കുറ്റകൃത്യങ്ങൾ തടയാൻ എന്ന പേരിൽ നിയമങ്ങൾ ഉണ്ടാക്കി ജനങ്ങളുടെ സ്വാതന്ത്ര്യത്തിനു മേൽ കടന്നുകയറാനാണ് പിണറായി ശ്രമിക്കുന്നത്. വ്യക്തികളുടെ പരാതിയില്ലാതെ പൊലീസിനു തന്നെ സ്വമേധയാ കേസെടുക്കാനും അറസ്റ്റ് ചെയ്യാനും അധികാരം നൽകുന്ന ഇത്തരം നിയമങ്ങൾ ജനങ്ങളുടെ സ്വൈര്യമായ ജീവിതത്തെ ഇല്ലാതാക്കലാണ്.

പൊലീസിന് അമിതാധികാരം നൽകുന്ന ഇത്തരം ഭേദഗതികൾ സമൂഹത്തിൽ ദൂരവ്യാപക പ്രത്യാഘാതങ്ങൾ ഉണ്ടാക്കും.

വ്യക്തികളുടെ സൽപേര് അപകീർത്തിപ്പെടുത്തുന്നതിനെതിരെയും അപമാനിക്കലും ഭീഷണിപ്പെടുത്തലും തടയുന്നതിനു വേണ്ടിയുമാണ് ഇത്തരം നിയമങ്ങളെന്ന് പറയുമ്പോഴും ഭരണകൂട ഭീകരതയ്ക്ക് വേണ്ടിയുള്ള വഴി ഒരുക്കലാണ് ഇതു പോലുള്ള നിയമങ്ങളിലൂടെ സർക്കാർ ലക്ഷ്യം വയ്ക്കുന്നതെന്ന് ജനാധിപത്യ സമൂഹം പലപ്പോഴായി തിരിച്ചറിഞ്ഞതാണ്. 2000ലെ ഐ.ടി ആക്ടിലെ 66-എ വകുപ്പും 2011-ലെ കേരള പൊലീസ് ആക്ടിലെ 118 (ഡി) വകുപ്പും അഭിപ്രായ സ്വാതന്ത്ര്യത്തിനു എതിരാണ് എന്നു കണ്ടെത്തിയ സുപ്രീം കോടതി നേരത്തെ തന്നെ അവ റദ്ദാക്കിയിരുന്നു. ഇതിനെ മറികടക്കുന്നതിന് വേണ്ടിയുള്ള ഇടതുപക്ഷ സർക്കാറിന്‍റെ പുതിയ തന്ത്രമാണ് ഇപ്പോൾ ഓർഡിനൻസായി പുറത്തുവന്നിരിക്കുന്നത്. ആർ.എസ്.എസ് വൽക്കരിക്കപ്പെട്ട കേരള പൊലീസിനെ കൂടുതൽ സംഘ്പരിവാർ പ്രീണനത്തിലേക്ക് കൊണ്ടുപോകാനാണ് സർക്കാർ ഇതിലൂടെ ലക്ഷ്യം വെക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - welfare party condemns police act amendment

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.