തിരുവനന്തപുരം: ഐ.ടി വകുപ്പിലെ കരാർ നിയമനങ്ങളെ കുറിച്ച് ഗുരുതരമായ നിരവധി ആരോപണങ്ങൾ ഉയർന്ന സാഹചര്യത്തിൽ മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞ് അഴിമതി സംബന്ധിച്ച് സംയുക്ത നിയമസഭാ സമിതിയെ കൊണ്ട് അന്വേഷിപ്പിക്കണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡൻറ് ഹമീദ് വാണിയമ്പലം ആവശ്യപ്പെട്ടു.
മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന ശിവശങ്കരന്‍റെ നേതൃത്വത്തിൽ നടന്ന കരാർ നിയമനങ്ങളിൽ പലതും അനധികൃതവും അഴിമതി നിറഞ്ഞതുമാണെന്ന തെളിവുകളാണ് പുറത്ത് വരുന്നത്. എന്നാൽ താനറിയാതെയാണ് ഇത്തരം നിയമനങ്ങൾ നടക്കുന്നതെന്ന് പറഞ്ഞ് ഒഴിയാനാണ് പിണറായി വിജയൻ ശ്രമിക്കുന്നത്. സർക്കാറിൻറെ പരാജയം ഉദ്യോഗസ്ഥരുടെ മേൽ കെട്ടിവെച്ച് രക്ഷപ്പെടാനുള്ള ശ്രമം മാത്രമാണിത്. സ്പ്രിങ്ക്ളർ ഇടപാട്, സ്റ്റാർട്ടപ്പ് മിഷൻ നിയമനങ്ങൾ, സി-ഡിറ്റ് ഐ.ടി വകുപ്പിലേക്ക് മാറ്റിയത്, മുഖ്യമന്ത്രിയുടെ സോഷ്യൽ മീഡിയ കൈകാര്യം ചെയ്യുന്നവരുടെ സ്ഥിരപ്പെടുത്തൽ തുടങ്ങിയ വിവിധ നിയമനങ്ങളിൽ മുഖ്യമന്ത്രിയുടെ ഓഫിസ് സംശയത്തിന്‍റെ നിഴലിലാണ്.
കഴിഞ്ഞദിവസം ഇഞ്ചിപ്പെണ്ണ് എന്ന അപരനാമത്തിൽ അറിയപ്പെടുന്ന ലാബി ജോർജ്ജിന്‍റെ സ്റ്റാർട്ടപ്പ് മിഷനിലെ അനധികൃത നിയമനവുമായി ബന്ധപ്പെട്ട വാർത്ത പുറത്തുവന്നിരുന്നു. സ്വന്തമായി മാധ്യമസ്ഥാപനം നടത്തുന്ന ഇവർക്ക് എൺപതിനായിരം രൂപ ഫെല്ലോഷിപ്പ് ലഭിക്കുന്ന പ്രൊജക്റ്റ് മാനേജറായി ഐ.ടി വകുപ്പിൽ എങ്ങനെയാണ് നിയമനം ലഭിച്ചതെന്ന് വ്യക്തമാക്കേണ്ട ബാധ്യത സർക്കാറിനുണ്ട്. കൊച്ചി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഒരു സ്വകാര്യ മാധ്യമ സ്ഥാപനത്തിന്‍റെ ചുമതല വഹിക്കുന്ന ഒരാൾക്ക് സർക്കാറിൻറെ സുപ്രധാനമായ സംവിധാനങ്ങളിൽ ഇടം ലഭിച്ചതിന്‍റെ മാനദണ്ഡം അധികൃതർ വ്യക്തമാക്കണം.
എന്നാൽ ഇത്തരമൊരു സ്ഥാപനത്തെക്കുറിച്ച് ഇവർക്കുള്ള ബന്ധം തനിക്ക് അറിയില്ലായിരുന്നു എന്നാണ് സ്റ്റാർട്ടപ്പ് മിഷൻ സി.ഇ.ഒ സജി ഗോപിനാഥ് പറയുന്നത്. പ്രളയദുരിതാശ്വാസ സമയത്തെ ഡാറ്റാ കളക്ഷൻ പോലുള്ള സുപ്രധാന സർക്കാർ സംവിധാനങ്ങളിൽ ഇവർ പ്രവർത്തിച്ചിരുന്നു എന്നാണ് മനസ്സിലാകുന്നത്. ഇങ്ങനെ വ്യത്യസ്ത സന്ദർഭങ്ങളിൽ മതിയായ യോഗ്യത ഇല്ലാത്തവരുടെ അനധികൃതമായ നിയമങ്ങളെ കുറിച്ചും അഴിമതി ഇടപാടുകളെക്കുറിച്ചും മുഖ്യമന്ത്രിയെയും ബന്ധപ്പെട്ടവരേയും മാറ്റിനിർത്തി വിശദമായ അന്വേഷണം നടത്താൻ സർക്കാർ തയ്യാറാകണമെന്ന് അദ്ദേഹം പറഞ്ഞു.
Latest Video:
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.