മദ്യ മാഫിയയ്ക്കും സ്വാശ്രയ ലോബിക്കും പിണറായി സർക്കാർ കീഴടങ്ങി -റസാഖ് പാലേരി

തിരുവനന്തപുരം: മദ്യമാഫിയയ്ക്കും സ്വാശ്രയ ലോബിക്കും സമ്പൂര്‍ണ്ണമായി കിഴടങ്ങിയ സര്‍ക്കാരാണ് പിണറായി വിജയന്‍ നയിക്കുന്നതെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡൻറ് റസാഖ് പാലേരി. വെൽഫെയർ പാർട്ടി തിരുവനന്തപുരം ജില്ലാ കമ്മിറ്റി എക്സൈസ് വകുപ്പ് മന്ത്രിയുടെ വസതിയിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മദ്യ ലോബിക്ക് ഒത്താശ ചെയ്യുന്ന തരത്തില്‍ മദ്യനയം അട്ടിമറിക്കുകയാണ് സര്‍ക്കാര്‍. കേരളത്തില്‍ നടക്കുന്ന ഒട്ടുമിക്ക സ്ത്രീപീഡനങ്ങള്‍ക്കും കൊലപാതകങ്ങള്‍ക്കും പിന്നിലും മദ്യം പ്രധാന വില്ലനാണ്. ആ നിലക്ക് അത്തരം സംഭവങ്ങളുടെ ഉത്തരവാദിത്വം മദ്യം വില്‍ക്കുന്ന സര്‍ക്കാര്‍ ഏറ്റെടുക്കണം. മദ്യം സുലഭമായി വിതരണം നടത്തി എന്തു മദ്യ വര്‍ജനമാണ് സര്‍ക്കാര്‍ കൊണ്ടുവരുന്നത്. മദ്യ വര്‍ജ്ജനോപദേശമല്ല മദ്യ നിരോധനത്തിനുള്ള നടപടികളാണ് സര്‍ക്കാറില്‍ നിന്നുണ്ടാകേണ്ടത്.

ഖജനാവിന്റെ വരുമാന വർധന മാത്രം ലക്ഷ്യംവച്ച് നാട്ടിൽ സുലഭമായി മദ്യമൊഴുക്കാനുള്ള സർക്കാർ നീക്കം തെരുവിൽ ചോദ്യം ചെയ്യപ്പെടണം. തെരഞ്ഞെടുപ്പ് കാലത്ത് മദ്യ മുതലാളിമാർക്ക് നൽകിയ വാഗ്ദാനങ്ങളെക്കാൾ വലുതാണ് സ്ത്രീകളും കുട്ടികളുമടങ്ങുന്ന സമൂഹത്തിന്റെ സുരക്ഷിതത്വമെന്ന് ഉത്തരവാദപ്പെട്ടവർ മനസ്സിലാക്കണം. നൂതനമായ വരുമാന സ്രോതസ്സുകൾ കണ്ടെത്തി വികസിപ്പിച്ച് കൊണ്ടുവരേണ്ടതിന് പകരം ജനങ്ങളെ കുടിപ്പിച്ച് കിടത്തി നാടുഭരിക്കുന്നത് അങ്ങേയറ്റം ജനവിരുദ്ധമാണ്.


പോഷകാഹാരമെന്നോണം മദ്യ വിതരണം നടത്തുമെന്ന രീതിയിൽ സി.പി.എമ്മിന്റെ നേതാക്കൾ നടത്തുന്ന പ്രസ്താവനകൾ ഭരണകക്ഷിയായ പാർട്ടിയുടെ സാമൂഹിക നിരുത്തരവാദിത്തം വെളിപ്പെടുത്തുന്നതാണ്. സർക്കാരിന്റെയും പോലീസിന്റെയും എക്‌സൈസിന്റെയും പരാജയമാണ് മയക്കുമരുന്നു വ്യാപകമാകുന്നതിന് കാരണം. അത് തടയാൻ നട്ടെല്ലില്ലെങ്കിൽ എന്തിനാണ് നാണം കെട്ട് ഭരണത്തിലിരിക്കുന്നത്. കേരളത്തെ സമ്പൂർണ്ണമായി ക്രിമിനൽവത്കരിക്കുകയാണ് ഇടതു സർക്കാർ ചെയ്യുന്നത്. പൂട്ടിയ ബിവറേജസ് ഔട്ട്ലറ്റ്ലെറ്റുകളും പുതിയ ബാറുകളും തുറക്കാനുള്ള നീക്കം ആത്മഹത്യാപരമാണ്. ഇതിൽനിന്ന് പിന്മാറാൻ സർക്കാർ തയ്യാറാകണമെന്നും റസാഖ് പാലേരി ആവശ്യപ്പെട്ടു.

വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡൻറ് അഷ്റഫ് കല്ലറ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി പ്രേമ ജി പിഷാരടി, മദ്യവിരുദ്ധ ജനകീയ മുന്നണി ജില്ലാ ചെയർമാൻ അഡ്വ. ഹരീന്ദ്രനാഥ്, ഫ്രറ്റേണിറ്റി മൂവ്മെൻ്റ് സംസ്ഥാന ജനറൽ സെക്രട്ടറി ആദിൽ അബ്ദുൽ റഹീം, വുമൺ ജസ്റ്റിസ് മൂവ്മെൻറ് ജില്ലാ പ്രസിഡൻറ് അമീന ഷാഫി , രാജഗോപാലൻ നായർ എന്നിവർ സംസാരിച്ചു. ജില്ലാ വൈസ് പ്രസിഡൻറ് മധു കല്ലറ സ്വാഗതവും അഡ്വ അനിൽകുമാർ നന്ദിയും പറഞ്ഞു.

Tags:    
News Summary - Welfare Party Thiruvananthapuram District Committee marched to the residence of Excise Department Minister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.