'ആംബർ-എൽ' എന്ന കപ്പൽ ഭീമൻ

കൊച്ചി കടലിൽ മത്സ്യബന്ധന ബോട്ടിലിടിച്ച് രണ്ടു പേരുടെ മരണത്തിന് ഇടയാക്കിയ 'ആംബർ-എൽ' എന്ന ചരക്കുകപ്പൽ ബൾക്കർ കാർഗോ ഷിപ്പ് ഗണത്തിൽപ്പെടുന്നതാണ്. പാനമയിൽ രജിസ്റ്റർ ചെയ്ത ഈ ചരക്കു കപ്പൽ 2000ലാണ് നിർമാണം പൂർത്തിയാക്കിയത്. 185 മീറ്റർ നീളവും 30 മീറ്റർ വീതിയുമുള്ള ഭീമാകാരനായ കപ്പലിന് 48,282 ടൺ ആണ് ആകെ ഭാരം. എന്നാൽ, കപ്പലിന്‍റെ കേവുഭാരം (ഗ്രോസ് ടെന്നേജ്) 25,955 ടൺ.

വലിയ അളവിൽ ഭക്ഷ്യധാന്യങ്ങൾ, കൽക്കരി, സിമന്‍റ്, അസംസ്കൃത വസ്തുക്കൾ, എണ്ണ, പെട്രോൾ, മറ്റ് ദ്രാവക രൂപത്തിലുള്ള വസ്തുക്കൾ എന്നിവ വഹിക്കാൻ ശേഷിയുള്ള ചരക്കു കപ്പലിനെയാണ് 'ബൾക്കർ കാർഗോ ഷിപ്പ്' എന്ന പേരിൽ അറിയപ്പെടുന്നത്. 

14.3 നോട്ടിക്കൽ മൈൽ പരമാവധി വേഗതയുള്ള 'ആംബർ-എൽ' ജൂൺ ഒന്നിന് ചെങ്കടലിൽ നിന്നാണ് കൊച്ചി ലക്ഷ്യമാക്കി യാത്ര പുറപ്പെട്ടത്. ജൂൺ 11ന് പുലർച്ചെ രണ്ട് മണിക്ക് മത്സ്യബന്ധന ബോട്ടിലിടിച്ച കപ്പൽ, ആ സമയം മുതൽ കൊച്ചി പുറംകടലിൽ ഉള്ളതായി ലോകത്തിലെ കപ്പലുകളുടെ വിവരങ്ങൾ ലഭ്യമാക്കുന്ന ഷിപ്പിങ് എക്സ്പ്ലോറർ എന്ന വെബ് സൈറ്റിൽ രേഖപ്പെടുത്തിയിട്ടുണ്ട്. 

ഇന്‍റർനാഷനൽ മാരിടൈം ഒാർഗനൈസേഷൻ (ഐ.എം.ഒ) നമ്പർ 9200354ൽ രജിസ്റ്റർ ചെയ്ത 'ആംബർ-എൽ'ന്‍റെ മാരിടൈം മൊബൈൽ സർവീസ് ഐഡന്‍റിറ്റീസ് നമ്പർ (എം.എം.എസ്.ഐ) 357782000 ആണ്. '3FTE9' എന്ന കോൾ സൈൻ നമ്പറിലാണ് ഈ കപ്പൽ അറിയപ്പെടുന്നത്. പാനമ കൊടിയാണ് കപ്പലിൽ ഉയർത്തുന്നത്. 

Tags:    
News Summary - what is cargo ship Amber L

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.