'സംസ്ഥാനവും പഞ്ചായത്തും സി.പി.എം ഭരിക്കുമ്പോൾ അവരുടെ മീതേ പറക്കുന്ന പരുന്താണ് ഡോ. പ്രഭുദാസെന്ന് വിശ്വസിക്കാൻ ബുദ്ധിമുട്ടുണ്ട്'

അട്ടപ്പാടിയിൽ ശിശുമരണങ്ങളിലേക്ക്​ നയിച്ച വീഴ്​ചകൾ മറച്ചുപിടിക്കുന്നതിന്​ കോട്ടത്തറ ആശുപത്രി സൂപ്രണ്ട്​ ഡോ. ആർ. പ്രഭുദാസിനെ ബലിയാടാക്കാനുള്ള ആരോഗ്യവകുപ്പി​െൻറ ശ്രമത്തിനെതിരെ ഡോ. ജി.ആർ. സന്തോഷ്​കുമാർ. 'ഒരു സമൂഹത്തിലെ മാതൃ-ശിശു മരണങ്ങളെ കുറക്കുന്നതിൽ ആശുപത്രികൾക്കും ഡോക്ടർമാർക്കും ചെയ്യാവുന്നതിന് ഒരു പരിധിയുണ്ടെന്ന്​ അദ്ദേഹം ഫേസ്​ബുക്കിൽ കുറിച്ചു. 'സംസ്ഥാനവും ജില്ലയും പഞ്ചായത്തും സി.പി.എം ഭരിക്കുമ്പോൾ അവരുടെ മീതേ പറക്കുന്ന ഒരു പരുന്താണ് ഡോ. പ്രഭുദാസ് എന്ന് വിശ്വസിക്കാൻ ബുദ്ധിമുട്ടുണ്ട്. ഡോ. പ്രഭുദാസും അദ്ദേഹത്തോടൊപ്പം ജോലി ചെയ്തുവരുന്ന ഡോക്ടർമാരും ആരോഗ്യ പ്രവർത്തകരും നല്ല രീതിയിൽ അവരുടെ പണി ചെയ്യുന്നുണ്ട് എന്നാണ് അറിയുന്നത്.

ഈ ടീമിന്‍റെ സ്ഥാനത്ത് കൂടുതൽ മികച്ച ഒരു ടീം വേണമെങ്കിൽ മന്ത്രിക്കും സെക്രട്ടറിക്കും നിസ്സാരമായി അത് ചെയ്യാം. ഒപ്പം അഴിമതി അന്വേഷിക്കുകയോ, ഡോ. പ്രഭുദാസ് കുറ്റം ചെയ്തെങ്കിൽ സസ്പെൻഷൻ, പിരിച്ചുവിടൽ എന്നിവ നടപ്പാക്കുകയോ ചെയ്യാം. പക്ഷെ മന്ത്രിയും സെക്രട്ടറിയും അറിയേണ്ട ഒരു പൊതുജനാരോഗ്യ സത്യമുണ്ട്. ഒരു സമൂഹത്തിൽ അമ്മയുടേയും കുഞ്ഞിന്‍റെയും ആരോഗ്യത്തെ ആത്യന്തികമായി നിർണ്ണയിക്കുന്ന ഘടകങ്ങൾ കുടിവെള്ളം, പോഷകാഹാരം, പാർപ്പിടം, മാലിന്യ നിർമ്മാജ്ജനം തുടങ്ങിയവയാണ്.

ഈ ഘടകങ്ങൾ പഞ്ചായത്തിന്‍റെ നേരിട്ടുള്ള നിയന്ത്രണത്തിൽ വരുന്ന കാര്യങ്ങളാണ്. അട്ടപ്പാടിയിലെ മൂന്ന് പഞ്ചായത്തുകളും ഭരിക്കുന്നത് സി.പി.എമ്മും ബ്ലോക്ക് പഞ്ചായത്ത് ഭരിക്കുന്നത് സി.പി.ഐയുമാണ്. മാതൃശിശു മരണങ്ങൾ കുറക്കാൻ ഉദ്ദേശിച്ചുകൊണ്ട് മന്ത്രി വീണ ജോർജിന്‍റെ നേതൃത്വത്തിൽ നടന്നുവരുന്ന പ്രകടനങ്ങൾ ആത്മാർത്ഥത ഉള്ളതാണെങ്കിൽ അത് ആദ്യം ആരംഭിക്കേണ്ടത് ആശുപത്രികളിൽ നിന്നല്ല, പഞ്ചായത്തുകളിൽ നിന്നാണ്​' -അദ്ദേഹം ഫേസ്​ബുക്ക്​ പോസ്​റ്റിൽ കുറിച്ചു. നാഷനല്‍ ഹെല്‍ത്ത് മിഷന്‍റെ സോഷ്യല്‍ ആൻഡ്​ ബിഹേവിയര്‍ ചെയ്ഞ്ച് കമ്യൂണിക്കേഷന്‍ സ്റ്റേറ്റ് ഇന്‍ചാര്‍ജ്ജായിരുന്നു ഡോ. ജി.ആർ. സന്തോഷ്​ കുമാർ.

ഫേസ്​ബുക്ക്​ പോസ്റ്റിന്‍റെ പൂർണരൂപം:

കഴിഞ്ഞ 26 വർഷമായി അട്ടപ്പാടിയിലെ ആദിവാസികൾക്കൊപ്പം താമസിച്ച് അട്ടപ്പാടിയിൽ ഇന്ന് കാണുന്ന ആരോഗ്യ സംവിധാനങ്ങൾ, അഗളിയിൽ കാണുന്ന ട്രൈബൽ സ്​പെഷാലിറ്റി ആശുപത്രി ഉൾപ്പെടെ വളർത്തിയെടുക്കാൻ മുന്നിൽ നിന്ന് പ്രവർത്തിച്ച ഡോക്ടറാണ് പ്രഭുദാസ്. ഈ പ്രവർത്തനങ്ങൾ അട്ടപ്പാടിയിലെ മാതൃശിശു മരണങ്ങൾ കുറച്ചുകൊണ്ടുവരാൻ കാര്യമായ പങ്കുവഹിച്ചിട്ടുണ്ട്. ഡോ. പ്രഭുദാസ് ഇപ്പോൾ ട്രൈബൽ സ്​പെഷാലിറ്റി ആശുപത്രി സൂപ്രണ്ടും അട്ടപ്പാടി ഹെൽത്ത് നോഡൽ ഓഫിസറുമാണ്. അട്ടപ്പാടിയിൽ ഉണ്ടായിരിക്കുന്ന മാതൃ-ശിശു മരണങ്ങളുടെ പശ്ചാത്തലത്തിൽ, ഡോ. പ്രഭുദാസിനും ട്രൈബൽ ആശുപത്രിക്കും എതിരായി നിരവധി അഴിമതി ആരോപണങ്ങൾ തനിക്ക് നേരിട്ട് ലഭിച്ചുവെന്നാണ് ആരോഗ്യമന്ത്രി വീണ ജോർജ് ഇപ്പോൾ പറയുന്നത്.

അതിന്‍റെ അടിസ്ഥാനത്തിൽ ആരോഗ്യ സെക്രട്ടറി രാജൻ കോബ്രഗഡെ ഡോ. പ്രഭുദാസിനെ ഒരു ദിവസം തിരുവനന്തപുരത്തേക്ക് വിളിപ്പിക്കുന്നു. അതേദിവസം തന്നെ ആരോഗ്യമന്ത്രി ഒരു സർജിക്കൽ സ്​ട്രൈക്കിലൂടെ അട്ടപ്പാടി ട്രൈബൽ ആശുപത്രി സന്ദർശിക്കുകയും 'അഴിമതി' നേരിട്ട് കണ്ടുപിടിക്കുകയും ചെയ്യുന്നു. എന്തായാലും വളരെ നന്നായി.

അട്ടപ്പാടിയിലെ ശിശുമരണം ഇനി കുറയുമല്ലോ. പക്ഷെ മാഡം, ഒരു സമൂഹത്തിലെ മാതൃ-ശിശു മരണങ്ങളെ കുറക്കുന്നതിൽ ആശുപത്രികൾക്കും ഡോക്ടർമാർക്കും ചെയ്യാവുന്നതിന് ഒരു പരിധിയുണ്ട്. ഡോ. പ്രഭുദാസും അദ്ദേഹത്തോടൊപ്പം അട്ടപ്പാടിയിൽ ഇപ്പോൾ ജോലി ചെയ്തുവരുന്ന ഡോക്ടർമാരും ആരോഗ്യ പ്രവർത്തകരും സാമാന്യം നല്ല രീതിയിൽ അവരുടെ പണി ചെയ്യുന്നുണ്ട് എന്നാണ് അറിയുന്നത്.

ഈ ടീമിന്‍റെ സ്ഥാനത്ത് കൂടുതൽ മികച്ച ഒരു ടീം വേണമെങ്കിൽ മന്ത്രിക്കും സെക്രട്ടറിക്കും നിസ്സാരമായി അത് ചെയ്യാവുന്നതേയുള്ളൂ. ഒപ്പം അഴിമതി അന്വേഷിക്കുകയോ, ഡോ. പ്രഭുദാസ് കുറ്റം ചെയ്തെങ്കിൽ സസ്പെൻഷൻ, പിരിച്ചുവിടൽ എന്നിവ നടപ്പാക്കുകയോ ചെയ്യാം. പക്ഷെ മന്ത്രിയും സെക്രട്ടറിയും അറിയേണ്ട ഒരു പൊതുജനാരോഗ്യ സത്യമുണ്ട്. ഒരു സമൂഹത്തിൽ അമ്മയുടേയും കുഞ്ഞിന്‍റെയും ആരോഗ്യത്തെ ആത്യന്തികമായി നിർണ്ണയിക്കുന്നത് Health determinants എന്ന് വിശേഷിപ്പിക്കുന്ന ഘടകങ്ങളാണ്. അവ കുടിവെള്ളം, പോഷകാഹാരം, പാർപ്പിടം, മാലിന്യ നിർമ്മാജ്ജനം തുടങ്ങിയവയാണ്.

ഈ ഘടകങ്ങളെ ചേർത്തുകൊണ്ടാണ് നാം പ്രാഥമികാരോഗ്യ സംരക്ഷണം എന്ന് പറയുന്നത്. ഇവ പഞ്ചായത്തിന്‍റെ നേരിട്ടുള്ള നിയന്ത്രണത്തിൽ വരുന്ന കാര്യങ്ങളാണ്. അട്ടപ്പാടിയിലെ മൂന്ന് പഞ്ചായത്തുകളും (അഗളി, പുതൂർ, ഷോളയൂർ) ഭരിക്കുന്നത് സി.പി.എമ്മും ബ്ലോക്ക് പഞ്ചായത്ത് ഭരിക്കുന്നത് മറ്റൊരു ഭരണകക്ഷിയായ സി.പി.ഐയുമാണ്. വളരെ വർഷങ്ങളായി ഈ രണ്ടു കക്ഷികളുമാണ് അട്ടപ്പാടിയിലെ പ്രാദേശിക ഭരണകർത്താക്കൾ.

അട്ടപ്പാടിയിലെ മാതൃശിശു മരണങ്ങൾ കുറക്കാൻ ഉദ്ദേശിച്ചുകൊണ്ട് ആരോഗ്യമന്ത്രി വീണ ജോർജിന്‍റെ നേതൃത്വത്തിൽ നടന്നുവരുന്ന പ്രകടനങ്ങൾ ആത്മാർത്ഥത ഉള്ളതാണെങ്കിൽ അത് ആദ്യം ആരംഭിക്കേണ്ടത് ആശുപത്രികളിൽ നിന്നല്ല, പഞ്ചായത്തുകളിൽ നിന്നാണ്. സർജിക്കൽ സ്​ട്രൈക്ക്​ നടത്തിയേ തീരൂ എന്ന് നിർബന്ധമാണെങ്കിൽ മന്ത്രിയുടെ രഹസ്യ സന്ദർശനത്തിന് മുന്നോടിയായി തിരുവനന്തപുരത്തേക്ക് മാറ്റിനിറുത്തേണ്ടത് പഞ്ചായത്ത് പ്രസിഡന്‍റുമാരെയും സെക്രട്ടറിമാരെയും പ്രാദേശിക നേതാക്കന്മാരെയും അവരുടെയെല്ലാം പങ്കുകച്ചവടക്കാരായ കരാറുകാരേയുമാണ്. ഡോ. പ്രഭുദാസും ​ട്രൈബൽ ആശുപത്രിയും അതിന് ശേഷം മാത്രമേ വരൂ.

സംസ്ഥാനവും ജില്ലയും പഞ്ചായത്തും സി.പി.എം ഭരിക്കുമ്പോൾ അവരുടെ മീതേ പറക്കുന്ന ഒരു പരുന്താണ് ഡോ. പ്രഭുദാസ് എന്ന് വിശ്വസിക്കാൻ ബുദ്ധിമുട്ടുണ്ട്. ആണെങ്കിൽ 'കടുവയെ പിടിച്ച കിടുവ' എന്ന പേരിൽ പുള്ളിക്കാരനെ ആദരിക്കേണ്ടി വരും. ആശുപത്രി സൂപ്രണ്ടിനെ തിരുവനന്തപുരത്തേക്ക് വിളിപ്പിച്ചിട്ട്, രഹസ്യമായി ട്രൈബൽ ആശുപത്രി സന്ദർശിക്കുന്നത് വലിയൊരു സർജിക്കൽ സൂത്രമായി പരിചയ സമ്പന്നയല്ലാത്ത മന്ത്രിക്ക് തോന്നും. പക്ഷെ ഇതൊക്കെ അൽപ്പത്തരമാണെന്ന് പറഞ്ഞു കൊടുക്കാനെങ്കിലും പാലക്കാട് ഡി.എം.ഒ ഒഫിസിൽ ഇരിക്കുന്ന സീനിയർ ഉദ്യോഗസ്ഥർക്ക് കഴിയണം. ഇല്ലെങ്കിൽ എന്തിനാണ് ഇത്രയും കാലം ഈ പണിയെടുത്തത്?

മന്ത്രി കരുതുന്നത് പോലെ അഴിമതിക്കാരനാണെങ്കിലും അല്ലെങ്കിലും, ആർക്കും വേണ്ടാതെ കഴിഞ്ഞിരുന്ന ഒരു ജനതയോടൊപ്പം 2-3 ദശാബ്​ദക്കാലം ജീവിച്ച ഒരു ഡോക്ടർ, അയാൾ അവിടെ ചെലവഴിച്ച സമയത്തെ പരിഗണിച്ചെങ്കിലും അൽപ്പം കൂടി മാന്യമായ സമീപനം അർഹിക്കുന്നു. ശിശുക്ഷേമ സമിതിയിലെ ഷിജുഖാനെപ്പോലെയുള്ള ഒരാൾ അന്വേഷണങ്ങളുടെ ഭാഗമായി ഒറ്റ ദിവസം പോലും മാറ്റിനിർത്തപ്പെടാതിരിക്കുകയും പാർട്ടി ജില്ലാ സെക്രട്ടറി തന്നെ അയാളുടെ നിരപരാധിത്വം തെളിയിക്കാൻ പത്രസമ്മേളനം വിളിച്ചുകൂട്ടുകയും ചെയ്യുന്ന നാട്ടിലാണ് ഡോ. പ്രഭുദാസിനെപ്പോലെയുള്ള ആരോഗ്യ വകുപ്പിലെ ഒരു സീനിയർ ഡോക്ടർ ഈ അവസ്ഥയെ നേരിടുന്നത്.

Tags:    
News Summary - When the state and panchayat are ruled by the CPM

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.