തദ്ദേശ ഫലം വന്നപ്പോൾ ഏവരെയും അമ്പരപ്പിച്ചതാണ് എറണാകുളം ജില്ലയിലെ ചില പഞ്ചായത്തുകളിൽ ട്വൻറി 20 കൂട്ടായ്മ കൈവരിച്ച വൻ വിജയം. കിഴക്കമ്പലം, ഐക്കരനാട്, കുന്നത്തുനാട് പഞ്ചായത്തുകൾ പിടിച്ചെടുക്കുകയും വെങ്ങോലയിൽ പ്രബല സാന്നിധ്യമായി മാറുകയും ചെയ്തത് ദേശീയതലത്തിൽ തന്നെ വാർത്തയായി. വികസന മാതൃകയുടെ വിജയമെന്ന് ട്വൻറി 20 അവകാശപ്പെടുേമ്പാൾ വ്യവസായികൾ രാഷ്ട്രീയ രംഗം കൈയടക്കുന്ന അപകടകരമായ പ്രവണതയാണിതെന്ന ആശങ്കയും മറുവശത്തുയരുന്നു. രാഷ്ട്രീയ പാർട്ടികളുടെ പ്രത്യക്ഷ പിന്തുണയില്ലാതെ വിജയിച്ചതെങ്ങനെ? കൂട്ടായ്മയുടെ സംഘാടകരും എതിർക്കുന്നവരും ഉയർത്തുന്ന വാദങ്ങളുടെ യാഥാർഥ്യമെന്ത്? കിഴക്കമ്പലത്ത് നടക്കുന്നതെന്തെന്ന് 'മാധ്യമം' അന്വേഷിക്കുന്നു.
തെരഞ്ഞെടുപ്പ് വിജയശേഷം ട്വൻറി 20യുടെ രൂപവത്കരണ ചരിത്രത്തെക്കുറിച്ച് ഏറെ കഥകൾ പ്രചരിക്കുന്നുണ്ടെങ്കിലും കിഴക്കമ്പലം പഞ്ചായത്തിലെ കിറ്റെക്സ് കമ്പനിക്കെതിരായ ജനകീയ പ്രക്ഷോഭത്തിെൻറ അലയൊലികളാണ് കൂട്ടായ്മയുടെ പിറവിക്കു കാരണമായതെന്നതാണ് സത്യം.
എം.സി. ജേക്കബ് എന്ന വ്യവസായി 1992ൽ തുടക്കമിട്ടതാണ് കിെറ്റക്സ് ഗാർെമൻറ്സ്. യു.എസ്, യൂറോപ്പ് തുടങ്ങിയ രാജ്യങ്ങളിലേക്കുള്ള കയറ്റുമതിയായിരുന്നു പ്രധാനം. പിന്നീട് അന്ന-കിറ്റെക്സ് ഗ്രൂപ്പിനു കീഴിൽ അന്ന അലൂമിനിയം, സാറാസ് കറി പൗഡർ, ചാക്സൺ പ്രഷർ കുക്കർ തുടങ്ങിയ സ്ഥാപനങ്ങളിലേക്ക് കമ്പനി വളർന്നു. എം.സി.ജേക്കബിെൻറ വിയോഗാനന്തരം മക്കളായ സാബു എം.ജേക്കബ്, ബോബി എം.ജേക്കബ് എന്നിവർ സ്ഥാപനങ്ങൾ ഏറ്റെടുത്തു. ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ കുട്ടികളുടെ വസ്ത്രനിർമാണ ശാലയാണ് നിലവിൽ കിെറ്റക്സ്. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ഗാർമെൻറ്സും ചിൽഡ്രൻസ് വെയറും ഉൾപ്പെടുന്ന കമ്പനിയുടെ വരുമാനം 1000 കോടി കടന്നിരുന്നു.
ബിസിനസുകാരനെന്താ രാഷ്ട്രീയം പാടില്ലേ? ഇതെല്ലാമാണ് ട്വന്‍റി20യുടെ വിജയം
കൂട്ടായ്മയുടെ തുടക്കത്തെ കുറിച്ച് നാട്ടുകാർ പറയുന്നത്: തമിഴ്നാട്ടിലെ തിരുപ്പൂരിൽ ഒരുകാലത്ത് മാരക വിഷാംശം അടങ്ങിയ മലിനജലം ഒഴുക്കിവിടുന്ന ഡൈയിങ് ആൻഡ് ബ്ലീച്ചിങ് സ്ഥാപനങ്ങൾ ഏറെയുണ്ടായിരുന്നു. ജനങ്ങളെയും ജീവിതത്തെയും അപകടകരമായ രീതിയിൽ ബാധിച്ചപ്പോൾ നാട്ടുകാർ നിയമപോരാട്ടത്തിലൂടെ അവരെ തുരത്തി. 1996ൽ ഹൈകോടതിയിൽ നിന്നും സുപ്രീംകോടതിയിൽ നിന്നും വിധി വന്നതോടെ കിെറ്റക്സ് ഗാർമെൻറ്സിേൻറതുൾപ്പെടെ യൂനിറ്റുകൾ അടച്ചുപൂട്ടി. പിന്നീട് അവ കിഴക്കമ്പലത്തേക്ക് പറിച്ചുനടുകയായിരുന്നു. പഞ്ചായത്തിലെ ചേലക്കുളം വാർഡിലാണ് ഈ കമ്പനി സ്ഥാപിച്ചത്.
2012ൽ കമ്പനിയിലെ ബ്ലീച്ചിങ് ആൻഡ് ഡൈയിങ് യൂനിറ്റിലെ മലിനജലം പുറത്തേക്ക് ഒഴുക്കിവിടുന്നതിനെതിരെ നാട്ടുകാർ കർമസമിതി രൂപവത്കരിച്ച് പഞ്ചായത്തിലേക്ക് മാർച്ചും ധർണയും നടത്തി. പ്രതിഷേധം അതിജീവിക്കാൻ സാബു എം.ജേക്കബിെൻറ നേതൃത്വത്തിൽ തുടക്കമിട്ടതാണ് ട്വൻറി 20യെന്ന സന്നദ്ധ സംഘടനയെന്ന് നാട്ടുകാർ പറയുന്നു. 'പാവപ്പെട്ടവരെ സഹായിക്കാനൊരു കൂട്ടായ്മ എന്നായിരുന്നു പ്രഖ്യാപനം. സ്വാഭാവികമായും ആവശ്യക്കാരായ ജനങ്ങൾ സഹായങ്ങൾ സ്വീകരിക്കാൻ മുന്നോട്ടുവന്നു. ഇതിെൻറ മറവിൽ പരിസര മലിനീകരണ പരാതിയിൽനിന്ന് ശ്രദ്ധമാറ്റാനായി. ബ്ലീച്ചിങ് ആൻഡ് ഡൈയിങ് യൂനിറ്റിൽനിന്ന് തോട്ടിലേക്കും വയലിലേക്കും ഒന്നാകെ മലിനജലം ഒഴുകിയെത്താൻ തുടങ്ങി.
പ്ലാൻറിൽനിന്നുള്ള മലിനജലം കടമ്പ്രയാറിലൂടെ ഒഴുകി ഇൻഫോ പാർക്ക് പരിസരത്തുപയോഗിക്കുന്ന വെള്ളത്തിൽ വരെ എത്തുന്നുവെന്നായിരുന്നു മലിനീകരണ നിയന്ത്രണ ബോർഡിലെ ഉന്നതോദ്യോഗസ്ഥയുടെ നേതൃത്വത്തിൽ നടന്ന പരിശോധനയുടെ റിപ്പോർട്ട്. പഞ്ചായത്ത് ഭരണസമിതി കമ്പനിക്ക് സ്റ്റോപ് മെമോ കൊടുക്കാനൊരുങ്ങി. ശ്രീലങ്കയിലേക്ക് മാറ്റുമെന്നും ആയിരക്കണക്കിന് തൊഴിലാളികളുടെ ജീവിതം മുട്ടുമെന്നും ഭീഷണി ഉയർത്തിയാണ് കമ്പനി ഇത് നേരിട്ടത്. ഇതോടെ, സർക്കാർ സംവിധാനങ്ങൾ കുലുങ്ങി. സമവായ ചർച്ചകളും തുടങ്ങി. അങ്ങനെ ട്രീറ്റ്മെൻറ് പ്ലാൻറ് സ്ഥാപിക്കാൻ അൽപം സാവകാശം നൽകാനും അതുവരെ മൂന്ന് കുളങ്ങൾ കുഴിച്ച് മലിനജലം ശുദ്ധീകരിക്കണമെന്നുമായിരുന്നു നിർദേശം. ഇതംഗീകരിച്ച് ചർച്ച അവസാനിച്ചെങ്കിലും നിർദേശം പാലിക്കപ്പെട്ടില്ല. 50 കോടിയോളം രൂപ ട്രീറ്റ്െമൻറ് പ്ലാൻറ് സ്ഥാപിക്കാനും പ്രതിവർഷം നടത്തിപ്പിനും വേണ്ടിവരും. എന്നാൽ, ഇതിെൻറ െചറിയൊരംശം മതി ആളുകളെ ഭക്ഷ്യവസ്തുക്കൾ നൽകി കൈയിലെടുക്കാൻ'-ഡി.സി.സി ജന.സെക്രട്ടറി എം.പി. രാജൻ ചൂണ്ടിക്കാട്ടുന്നു.
'കിഴക്കമ്പലം പഞ്ചായത്തിനെ സിംഗപ്പൂരിനെ പോലെയാക്കും'; 2015ൽ അധികാരത്തിലേറും മുമ്പ് ട്വൻറി 20 നാട്ടുകാർക്കായി നൽകിയ വാഗ്ദാനമാണത്. നാട്ടുകാർ വിശ്വസിച്ചു. സമൂഹ മാധ്യമങ്ങളിലും കുറച്ച് ഓൺലൈൻ സൈറ്റുകളിലും വികസന ഗാഥകൾ പരക്കുന്നുണ്ടെങ്കിലും ഭരണകർത്താക്കൾ അവകാശപ്പെട്ടതുപോലെ, ജനം പ്രതീക്ഷിച്ചതുപോലെ ഒരു വമ്പിച്ച വികസനമൊന്നും ഇവിടെ നടന്നിട്ടില്ലെന്ന് ചേലക്കുളത്തുകാർ ചൂണ്ടിക്കാട്ടുന്നു.
കമ്പനി സ്ഥാപനങ്ങളിലേക്ക് റോഡുകൾ വീതി കൂട്ടിയതും ടാറിട്ടതുമെല്ലാമാണ് വികസനക്കാഴ്ചകൾ. ഏറ്റവും ഒടുവിലായി തെരഞ്ഞെടുപ്പടുത്തപ്പോൾ, നാട്ടുകാർ ചോദ്യം ചെയ്യുമെന്ന സ്ഥിതി വന്നപ്പോൾ ചില റോഡുകൾ കൂടി നന്നാക്കി. എങ്കിലും പൊട്ടിപ്പൊളിഞ്ഞ റോഡും കുടിവെള്ളക്ഷാമവും വീടുകളുെട ശോച്യാവസ്ഥയുമെല്ലാം മറ്റെല്ലാ നാടുകളെയുംപോലെ ഇവിടെയുമുണ്ട്. ഗോഡ്സ് വില്ല എന്ന പേരിൽ നടപ്പാക്കിയ ലക്ഷംവീട് കോളനി പുനരുദ്ധാരണത്തെ കുറിച്ചും ആക്ഷേപങ്ങളേറെ ഉണ്ട്. ഇതിനായി ചെലവഴിച്ച ഫണ്ടിനെ കുറിച്ചു തന്നെ മുഖ്യ പരാതി. 14 ലക്ഷം വീതം ചെലവിട്ടാണ് 37 വീടുകൾ ഒരുക്കിയതെന്നാണ് അവകാശവാദം.
തങ്ങൾ ഭരണത്തിലേറുമ്പോൾ നഷ്ടത്തിലായിരുന്ന കിഴക്കമ്പലത്തിന് 13 കോടി ലാഭം കാലാവധി അവസാനിക്കുമ്പോൾ സ്വന്തമായി ഉണ്ടെന്നാണ് സാബു എം.ജേക്കബ് പറയുന്നത്. എന്നാലിത് പ്രായോഗികമായി ശരിയല്ല. പഞ്ചായത്തിെൻറ തനതുഫണ്ടാണെങ്കിൽപോലും ഇത്രയധികം വികസനത്തിനായി ചെലവഴിക്കാതെവെക്കുന്നത് അശാസ്ത്രീയതയാണ്. 13 കോടി ലാഭമെന്ന വാദത്തെ തള്ളി ധനമന്ത്രി ഡോ.തോമസ് ഐസക്കിെൻറ അഡീഷനൽ പ്രൈവറ്റ് സെക്രട്ടറി ഡോ. എം. ഗോപകുമാർ രംഗത്തെത്തിയിട്ടുണ്ട്.
കിഴക്കമ്പലത്ത് പൊതുപണം ഉണ്ടെന്നിരിക്കെ അതു ചെലവാക്കാതെ തെൻറ ഔദാര്യം വിതരണം ചെയ്ത് മേനി നടിക്കുന്ന മുതലാളിത്ത കബളിപ്പിക്കലാണ് നടക്കുന്നതെന്ന് ഡോ. എം. ഗോപകുമാർ പറയുന്നു. സിവിക് അഡ്മിനിസ്ട്രേഷനെ തകർത്ത് കോർപറേറ്റ് ഔദാര്യത്തെ പകരം വെച്ച് സാധൂകരിക്കുന്ന അപകടകരമായ രീതിയാണ് 20-20യെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
വർഷാവസാനത്തിൽ ഇത്ര കോടി മിച്ചം വെക്കാൻ ഇതെന്താ ബാങ്കിങ് സംവിധാനമാണോയെന്നും ചെലവഴിക്കാതിരുന്നാൽ ലാപ്സായിപ്പോകില്ലേയെന്നും കോൺഗ്രസുകാർ ചോദിക്കുമ്പോൾ, വേണ്ടത്ര വികസനപ്രവർത്തനം നടത്താതെ ഇത് സമ്പാദിച്ചുവെക്കുന്നതിൽ അർഥമെന്താണെന്നും ഈ തുകയിരിക്കെ അടുത്ത തവണ എങ്ങനെ ഫണ്ട് നേടിയെടുക്കുമെന്ന് സി.പി.എമ്മും ചോദിക്കുന്നു.
നാട് മുഴുവൻ വിജയ തേരോട്ടം നടത്തിയിട്ടും കമ്പനി നിലനിൽക്കുന്ന ചേലക്കുളം വാർഡ് പിടിക്കാൻ കഴിഞ്ഞതവണയും ഈ തെരഞ്ഞെടുപ്പിലും ട്വൻറി20ക്കായില്ല. കാരണം ലളിതം; മലിനീകരണത്തിെൻറ ദൂഷ്യവശങ്ങൾ ഏറ്റവും കൂടുതൽ പ്രത്യക്ഷത്തിൽ അനുഭവിക്കുന്നത് ഇന്നാട്ടുകാരാണ്. ഇത്തവണ യു.ഡി.എഫ് പിന്തുണക്കുന്ന സ്വതന്ത്ര സ്ഥാനാർഥിയും സി.ഡി.എസ് മെംബറുമായ അസ്മ അലിയാർ ആണ് ജയിച്ചത്. ഒറ്റക്കാണെങ്കിലും പോരാട്ടം തുടരുെമന്നും നാടിെൻറ ചെറുത്തുനിൽപിനായി ഒപ്പംനിന്ന പൊതുജനങ്ങളോട് എന്നും കടപ്പെട്ടിരിക്കുമെന്നും അസ്മ പറയുന്നു.
നേരേത്ത യു.ഡി.എഫിലെ അനൂപ് പി.എച്ച് ആയിരുന്നു ജനപ്രതിനിധി. ട്വൻറി20ക്കാരനല്ലാത്തതുകൊണ്ട് ഫണ്ട് വിതരണത്തിൽ കടുത്ത വിവേചനം നേരിട്ട അനുഭവം ഇദ്ദേഹത്തിനുണ്ട്. മറ്റു വാർഡുകളിൽനിന്ന് മാറി പേരിനുമാത്രം തുക അനുവദിക്കുന്ന സ്ഥിതിയായിരുന്നുവെന്ന് അനൂപ് ചൂണ്ടിക്കാട്ടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.