കോട്ടയം: നിരക്കുവർധനയാവശ്യപ്പെട്ട് സംസ്ഥാനത്ത് സ്വകാര്യ ബസ്സമരം കൊടുമ്പിരികൊള്ളുമ്പോളും തിരുവനന്തപുരം നഗരത്തിൽ സ്വകാര്യ ബസുകൾ നിരത്തിലിറങ്ങുന്നുണ്ട്. സമരത്തോട് ആഭിമുഖ്യമില്ലാത്തതിനാലല്ല പണിമുടക്ക് സമരം നടത്താൻ കഴിയാത്ത നിസഹായാവസ്ഥയിലാണ് ഉടമകൾ എന്നതാണ് കാരണം. നിയമം അനുസരിച്ച് പെർമിറ്റ് കൈവശം വെച്ച് സമരം നടത്താൻ സംസ്ഥാനത്തെ സ്വകാര്യ ബസുടമകൾക്ക് കഴിയില്ല.
അങ്ങനെ ചെയ്താൽ ആ പെർമിററുകൾ പിടിച്ചെടുക്കാൻ സർക്കാരിന് അധികാരമുണ്ട്. ഇക്കാര്യം ഹൈക്കോടതിയും ശരിവച്ചിട്ടുണ്ട്. ബസ് നിരക്ക് വർധിപ്പിക്കണമെന്ന അവകാശവാദമുന്നയിക്കാൻ സ്വകാര്യ ബസ് ഉടമകൾക്ക് കഴിയില്ലെന്ന് ഹൈക്കോടതി ജഡ്ജി കെ.എ. അബ്ദുൽ ഗഫൂർ 1997 സെപ്റ്റംബർ 30 ന് വിധിച്ചിരുന്നു. പെർമിറ്റുകൾ കൈവശം വെച്ച് സമരം ചെയ്യാൻ സ്വകാര്യബസുടമകൾക്ക് അവകാശമില്ല. നഷ്ടമാണെന്ന് തോന്നുന്ന ഉടമകൾ പെർമിറ്റ് സർക്കാരിന് മടക്കി നൽകണം. സർവീസ് നടത്താൻ മറ്റാരെങ്കിലും മുന്നോട്ടുവന്നാൽ അവർക്ക് സർക്കാർ അവർക്ക് പെർമിറ്റ് നൽകണമെന്നും വിധിയിലുണ്ട്.
നിലവിലുള്ള നിയമങ്ങൾ പര്യാപ്തമല്ലെങ്കിൽ ഓർഡിസൻസ് അടക്കം ഇറക്കി ജനങ്ങളുടെ ബുദ്ധിമുട്ട് പരിഹരിക്കണമെന്നും സെന്‍റർ ഫോർ കൺസ്യൂമർ എജുക്കേഷൻ നൽകിയ ഹരജിയിൽ ഹൈക്കോടതി നിർദേശിച്ചിരുന്നു. ഈ വിധിയുടെ അടിസ്ഥാനത്തിൽ നായനാർ സർക്കാരിന്‍റെ കാലത്ത് സ്വകാര്യ ബസ് സമരം നേരിടാൻ പെർമിറ്റ് പിടിച്ചെടുക്കൽ അടക്കമുള്ള നടപടികൾക്ക് സർക്കാർ തുടക്കമിട്ടിരുന്നു. അതോടെ സമരം അവസാനിക്കുകയും ചെയ്തു.
നേരത്തെ തിരുവനന്തപുരം നഗരത്തിൽ കെ.എസ്.ആർ.ടി.സി. ബസുകൾ മാത്രമാണ് സർവീസ് നടത്തിയിരുന്നത്. കെ. കരുണാകരൻ മുഖ്യമന്ത്രിയായിരിക്കെ കെ.എസ്.ആർ.ടി.സി ജീവനക്കാർ നടത്തിയ സമരം നേരിടാനാണ് സ്വകാര്യ ബസുകൾക്ക് ഇവിടെ പെർമിറ്റ് അനുവദിച്ചത്. നഗരത്തിലെ യാത്രക്കാർ ഒന്നടങ്കം ആവശ്യപ്പെട്ടതോടെയാണ് 100 ബസുകൾക്ക് അനുമതി നൽകിയത്. കെ.എസ്.ആർ.ടി.സി ജീവനക്കാർ യാത്രക്കാരെ കഷ്ടപ്പെടുത്തിയാൽ ബദൽ യാത്രാമാർഗം എന്നനിലയിലേക്ക് തലസ്ഥാന നഗരത്തിൽ സ്വകാര്യബസുകൾ മാറി. ഈ സ്വകാര്യബസുകൾ പണിമുടക്കിയാൽ പെർമിറ്റുകൾ തിരിച്ചെടുത്ത് കെ.എസ്.ആർ.ടി.സിക്ക് നൽകാൻ സർക്കാരിന് കഴിയും.
തിരുവനന്തപുരം നഗരത്തിലെ 100 സ്വകാര്യബസുകൾക്ക് പകരം ബസുകൾ ഓടിക്കാൻ കെ.എസ്.ആർ.ടി.സിക്ക് കഴിയുമെന്നിരിക്കെ പണിമുടക്കാൻ സ്വകാര്യ ബസുകൾ ധൈര്യപ്പെടില്ല. സംസ്ഥാനത്ത് മുഴുവൻ ഇൗ അവസരമുണ്ടെങ്കിലും ആകെയുള്ള 6418 ബസുകളിൽ 3626 ബസുകൾ മാത്രം ഓടിക്കാൻ കഷ്ടപ്പെടുന്ന കെ.എസ്.ആർ.ടി.സിക്ക് സ്വകാര്യ ബസുകൾക്ക് പകരം നിൽക്കാനാവില്ല. ഈ സാഹചര്യത്തിലാണ് തിരുവനന്തപുരം നഗരത്തിലൊഴികെ സ്വകാര്യബസ് സമരം നടത്താൻ ഉടമകൾക്ക് കഴിയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.