കോഴിക്കോട്: ഉത്തര്‍ പ്രദേശ് പൊലീസ് അറസ്റ്റ് ചെയ്ത് യു.എ.പി.എ ചുമത്തിയ മാധ്യമപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പനെതിരെയുള്ളത് കെട്ടിച്ചമച്ച കേസാണെന്ന് ഭാര്യ റെഹാനത്ത്. സിദ്ദീഖിനെ കുടുക്കിയതാണെന്നും ഭാര്യ പറഞ്ഞതായി 'ദി ന്യൂസ് മിനിറ്റ്' റിപ്പോര്‍ട്ട് ചെയ്യുന്നു.
അദ്ദേഹം വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാന്‍ പോകുകയായിരുന്നു. അത് മാധ്യമപ്രവര്‍ത്തകനെന്ന നിലയില്‍ അദ്ദേഹത്തിന്റെ ജോലിയാണ്. തന്റെ ജോലി ചെയ്തതിനാണ് രാജ്യദ്രോഹക്കുറ്റം ചുമത്തിയിരിക്കുന്നത് -റെഹാനത്ത് പറഞ്ഞു.
പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുമായി സിദ്ദിഖിന് ബന്ധമുണ്ടെന്ന ആരോപണം ഭാര്യ നിഷേധിച്ചു. സിദ്ദിഖിനും കുടുംബത്തില്‍ ആര്‍ക്കും ഒരു രാഷ്ട്രീയ പാര്‍ട്ടിയുമായും ബന്ധമില്ല -മലപ്പുറം വേങ്ങരയില്‍ലെ വീട്ടിലിരുന്ന് റെഹാനത്ത് പറയുന്നു.
ആറ് വര്‍ഷം മുമ്പാണ് സിദ്ദിഖ് ഡല്‍ഹിയിലേക്ക് പോയത്. ദിവസവും രാവിലെയും രാത്രിയും വിളിക്കാറുണ്ട്. ഒക്ടോബര്‍ 5ന് ഫോണ്‍ വന്നില്ല. അദ്ദേഹത്തിന്റെ മൊബൈല്‍ സ്വിച്ച് ഓഫ് ആയിരുന്നു. വാട്ട്സ്ആപ്പില്‍ എന്റെ സന്ദേശങ്ങള്‍ കണ്ടെങ്കിലും മറുപടി ലഭിച്ചില്ല. അദ്ദേഹത്തിന്റെ ലാന്‍ഡ്ലൈന്‍ നമ്പറിലേക്കും വിളിച്ചെങ്കിലും മറുപടി ലഭിച്ചില്ല -ഭാര്യ പറഞ്ഞു. സിദ്ദീഖ് പ്രമേഹ രോഗിയാണെന്നും ആരോഗ്യത്തില്‍ ആശങ്കയുണ്ടെന്നും റെഹാനത്ത് കൂട്ടിച്ചേര്‍ത്തു.
ഹാഥറസില്‍ കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ദലിത് പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിക്കാനെത്തിയപ്പോഴാണ് കേരള പത്രപ്രവര്‍ത്തക യൂനിയന്‍ ഡല്‍ഹി ഘടകം സെക്രട്ടറി സദ്ദീഖ് കാപ്പനെ ഉത്തര്‍ പ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തില്‍ കേരള പത്രപ്രവര്‍ത്തക യൂനിയന്‍ സുപ്രീംകോടതിയില്‍ ഹേബിയസ് കോര്‍പസ് ഹരജി നല്‍കിയിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.