ഒറ്റയാന്‍റെ ആക്രണത്തിൽ കേടുപാട് സംഭവിച്ച കാർ

ബോണറ്റിൽ കൊമ്പ് കുത്തിയിറക്കി കാർ ഉയർത്തി ഒറ്റയാൻ; കുട്ടികളടങ്ങിയ കുടുംബത്തിന്‍റെ രക്ഷപ്പെടൽ അവിശ്വസനീയം

പാലക്കാട്: അട്ടപ്പാടിയിൽ കാറിന് നേരെയുള്ള ഒറ്റയാന്റെ ആക്രമണത്തിൽ അഞ്ചംഗ കുടുംബം രക്ഷപ്പെട്ടത് തലനാരിഴക്ക്. ആനക്കൽ സ്വദേശി രാംകുമാറും 80 വയസുള്ള വയോധികയും രണ്ട് കുട്ടികളടക്കമുള്ളവരാണ് കാറിലുണ്ടായിരുന്നത്. പരുപന്തര കരുവടത്ത് മേഖലയിൽ വ്യാഴാഴ്ച രാത്രി ഏഴരയോടെയാണ് സംഭവം.

ബന്ധുവീട്ടിലെ ചടങ്ങിന് വേണ്ടി പരപ്പൻത്തറയിൽ നിന്ന് ചീരക്കടവിലേക്ക് പോവുകയായിരുന്നു കുടുംബം. ആന കാറിന് മുന്നിൽ വട്ടംവെച്ച് നിന്നപ്പോള്‍ ഒന്നും ചെയ്യില്ലെന്ന പ്രതീക്ഷയിലായിരുന്നു കുടുംബം. എന്നാല്‍ എല്ലാം തകിടംമറിച്ച് പാഞ്ഞടുത്ത ഒറ്റയാൻ ഇവർ സഞ്ചരിച്ചിരുന്ന കാർ ആക്രമിക്കുകയായിരുന്നു.

മൂന്ന് തവണയാണ്  കൊമ്പിൽ കോർത്ത് ഷെവർലെയുടെ ടവേര കാർ കാട്ടാന ഉയർത്തിയത്. കാറിന്റെ ബോണറ്റിലും വശത്തും കൊമ്പുകൊണ്ട് കുത്തി തുളകളിട്ടു. കൊമ്പിലുയര്‍ത്തി കാർ നിലത്തടിക്കാഞ്ഞതിനാൽ വലിയ ദുരന്തമാണ് ഒഴിവായത്. കാറിലുണ്ടായിരുന്നവര്‍ ബഹളംവെച്ചതോടെ കാര്‍ നിലത്ത് വെച്ച ഒറ്റയാന്‍ കാറിന് സമീപം ഏറെ നേരം നിലയുറപ്പിച്ചു.

തുടർന്ന്, റോഡിന് മറുവശത്തുള്ള പുഴയിലേക്ക് ഒറ്റയാൻ ഇറങ്ങിപ്പോയതോടെയാണ് കുടുംബം കാറിൽ നിന്ന് പുറത്തിറങ്ങിയത്. കാറിന്‍റെ പല ഭാഗങ്ങളിലും കൊമ്പ് കുത്തിയത് മൂലമുള്ള കേടുപാടുകളും സംഭവിച്ചിട്ടുണ്ട്. കാട്ടാനയുടെ ആക്രമണം ഈ മേഖലയില്‍ പതിവാണെന്നാണ് നാട്ടുകാർ പറയുന്നത്.

Tags:    
News Summary - wildelephant attack on a car in Attapadi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.