‘ലീഗുമായി കഴിയാവുന്ന മേഖലകളിൽ സഹകരിക്കും’; പുകഴ്ത്തി പി. മോഹനൻ


കോഴിക്കോട്: ഫലസ്തീൻ ഐക്യദാർഢ്യ റാലിയെക്കുറിച്ച് വിശദീകരിക്കാൻ വിളിച്ചുചേർത്ത വാർത്തസമ്മേളനത്തിൽ മുസ്‍ലിം ലീഗിനെ പുകഴ്ത്തി സി.പി.എം കോഴിക്കോട് ജില്ല സെക്രട്ടറി പി. മോഹനൻ. റാലിയിൽ ലീഗ് പങ്കെടുക്കണമെന്നാണ് ആഗ്രഹിച്ചത്. അതിനാലാണ് അവരെ ക്ഷണിച്ചത്. എന്നാൽ, പരിപാടി സംഘടിപ്പിച്ച സി.പി.എമ്മിനെ അഭിനന്ദിച്ച് ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞത് സാങ്കേതികമായി അവർക്ക് പങ്കെടുക്കാനാവില്ല എന്നാണ്. ആ സമീപനത്തെ പോസിറ്റിവായി കാണുന്നു. ലീഗിന് ഉറച്ച ഫലസ്തീൻ അനുകൂല നിലപാടുണ്ട്. അവരുമായി കഴിയാവുന്ന മേഖലകളിൽ സഹകരിക്കും.

ലീഗിനെ പരിപാടിയിലേക്ക് ക്ഷണിച്ചതിനെ പുതിയ രാഷ്ട്രീയ കൂട്ടുകെട്ടായോ സി.പി.എം-ലീഗ് മുന്നണി ബന്ധമെന്ന നിലയിലോ കാണേണ്ട. രാഷ്ട്രീയ ലാഭമല്ല, മനുഷ്യസ്നേഹപരമായ വലിയ ദൗത്യമാണ് റാലിയിലൂടെ നിർവഹിക്കുന്നത്. ഇപ്പോഴും റാലിയിൽ ലീഗ് പങ്കെടുക്കണമെന്നാണ് ആഗ്രഹം. കോൺഗ്രസിനെ ക്ഷണിക്കാഞ്ഞതെന്തുകൊണ്ട് എന്ന ചോദ്യത്തിന് ഇക്കാര്യത്തിൽ അവർക്ക് നിലപാടില്ലെന്നും ഇസ്രായേൽ അനുകൂല നിലപാടാണ് അവർ തുടരുന്നതെന്നും അതാണ് ശശി തരൂർ എം.പി വ്യക്തമാക്കിയതെന്നുമായിരുന്നു മറുപടി.

മുസ്‍ലിം സംഘടനകളെ ക്ഷണിച്ചപ്പോൾ ജമാഅത്തെ ഇസ്‍ലാമിയെ ഒഴിവാക്കിയത് ചൂണ്ടിക്കാട്ടിയപ്പോൾ അവരുമായി ഒത്തുപോകുന്ന നിലപാടല്ല സി.പി.എമ്മിന്റേത് എന്നായിരുന്നു മറുപടി. ലീഗിനോട് മുമ്പുണ്ടായിരുന്ന സമീപനം സി.പി.എം മാറ്റിയോ എന്ന ചോദ്യത്തിന് കോരപ്പുഴയിലൂടെ കുറെ വെള്ളം ഒഴുകിപ്പോയെന്നും ഓരോ കാലഘട്ടത്തിലും നാടിന്റെ പ്രശ്നങ്ങൾ മുൻനിർത്തിയാണ് രാഷ്ട്രീയ പാർട്ടികൾ നിലപാടെടുക്കുക എന്നും മോഹനൻ പറഞ്ഞു. ആര്യാടൻ ഷൗക്കത്തിനെ പരിപാടിയിലേക്ക് ക്ഷണിക്കുമോ എന്ന ചോദ്യത്തിന് അദ്ദേഹം നിലപാട് വ്യക്തമാക്കട്ടെ എന്നായിരുന്നു മറുപടി.

Tags:    
News Summary - 'Will co-operate with the Muslim League where possible'; Praise P. Mohanan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.