അടിമാലി: താൻ ബി.ജെ.പിയിലേക്ക് പോകില്ലെന്ന് ആവർത്തിച്ച് ദേവികുളം മുൻ എം.എൽ.എ എസ്. രാജേന്ദ്രൻ. ബി.ജെ.പി പ്രകാശ് ജാവദേക്കറെ കണ്ടശേഷം തുടർചർച്ച ഉണ്ടായിട്ടില്ലെന്ന് അദ്ദേഹം ആവർത്തിച്ചു. പ്രചരിക്കുന്ന വാർത്തകളിൽ വാസ്തവമില്ല. നേരത്തേ പറഞ്ഞിട്ടുള്ള നിലപാട് തന്നെയാണ് ഇപ്പോഴും. രണ്ടുമൂന്നു വർഷമായി ബി.ജെ.പി മാത്രമല്ല, മറ്റ് പല പാർട്ടികളും ക്ഷണിക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് മാധ്യമങ്ങളിലെ വാർത്തകൾ തന്നെ ബാധിക്കുന്ന വിഷയമല്ല. പാർട്ടി ആരെയും ദ്രോഹിക്കില്ല. പക്ഷേ, പാർട്ടിയെ മറയാക്കി ദ്രോഹിക്കുന്നവരുണ്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കേരളത്തിന്റെ ചുമതലയുള്ള ബി.ജെ.പി നേതാവ് പ്രകാശ് ജാവദേക്കറെ ഡൽഹിയിൽ പോയി എസ്. രാജേന്ദ്രൻ കണ്ടിരുന്നു. തുടർന്ന്, സി.പി.എമ്മുമായി അകൽച്ചയിലുള്ള രാജേന്ദ്രൻ ബി.ജെ.പിയിൽ ചേരുമെന്ന് വാർത്തകൾ വന്നിരുന്നു. എന്നാൽ, താൻ ഇപ്പോൾ പാർട്ടി പരിപാടികളിൽ പങ്കെടുക്കുന്നു. ലോക്സഭ തെരഞ്ഞെടുപ്പിൽ ഇടതുസ്ഥാനാർഥിക്കായി പ്രവർത്തിച്ചു. പാർട്ടിയുമായി ഒരു പ്രശ്നവുമില്ല. സംസ്ഥാന കമ്മിറ്റിയുമായി ആലോചിച്ചാണ് പ്രവർത്തനമെന്ന് രാജേന്ദ്രൻ വ്യക്തമാക്കി. ഇ.പി. ജയരാജൻ വിവാദം കത്തിനിൽക്കുമ്പോഴാണ് രാജേന്ദ്രന്റെ പ്രതികരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.