തിരുവനന്തപുരം: കെ-റെയിൽ പദ്ധതിയിൽനിന്ന് സംസ്ഥാന സർക്കാർ പിന്മാറിയിട്ടില്ലെന്നും നടപ്പാക്കുകതന്നെ ചെയ്യുമെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. പാർട്ടി സെക്രട്ടേറിയറ്റ് യോഗ ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കെ-റെയിൽ അട്ടിമറിക്കാൻ 150 കോടി കൈപ്പറ്റിയെന്ന ആരോപണം പി.വി. അൻവർ നിയമസഭയിൽ ഉന്നയിച്ചത് പ്രതിപക്ഷനേതാവ് നിഷേധിച്ചിട്ടില്ല. സഭക്ക് പുറത്ത് പറയാൻ വെല്ലുവിളിച്ചിട്ടുമില്ല. അത് എന്താണെന്ന് വി.ഡി. സതീശൻ വിശദീകരിക്കണം. അൻവറിന്റെ ആരോപണം സി.പി.എം ഏറ്റുപിടിക്കുന്നുണ്ടോയെന്ന ചോദ്യത്തിന് അതിന്റെ ആവശ്യമെന്താണെന്നായിരുന്നു മറുപടി. അൻവറിന്റെ ആരോപണം മാധ്യമങ്ങളിൽ കണ്ടു. വിശദാംശം വന്നശേഷം പാർട്ടി അഭിപ്രായം പറയും.
വീണാ വിജയന്റെ കമ്പനിക്കെതിരായ കേസിലൂടെ ലക്ഷ്യമിടുന്നത് മുഖ്യമന്ത്രി പിണറായി വിജയനെയാണ്. വീണക്കെതിരെ കേസിന് പോയ ഷോൺ ജോർജ് ബി.ജെ.പി അംഗത്വമെടുത്തു. അന്വേഷണത്തിന് പിന്നിൽ ബി.ജെ.പിയാണെന്ന് വ്യക്തമാവുകയാണ്. എക്സാലോജിക് പ്രശ്നം സൂക്ഷ്മമായി പരിശോധിച്ചാൽ, അതിൽ നിന്ന് പിണറായി വിജയനെ കുറച്ചാൽ പിന്നെ ഒന്നുമില്ല. അപ്പോൾ അത് രാഷ്ട്രീയമാണ്. പിണറായി വിജയനെ മാറ്റിനിർത്തിയാൽ പിന്നെ ആ കേസ് തന്നെയില്ല. ബി.ജെ.പി കേസുകള്‍ കൈകാര്യം ചെയ്യുന്ന യു.ഡി.എഫിന്റെ എം.എൽ.എയാണ് ഇക്കാര്യം നിയമസഭയിൽ ഉന്നയിക്കുന്നത്.
സർക്കാറിനെയും മുഖ്യമന്ത്രിയെും ദുർബലപ്പെടുത്താനുള്ള സംഘ്പരിവാർ നീക്കമാണിത്. നിയമസഭയിൽ യു.ഡി.എഫ് സ്വീകരിക്കുന്നത് ഇതേ നിലപാടാണ്. നിയമസഭയിൽ ബി.ജെ.പിക്ക് അംഗങ്ങളില്ലാത്തതിന്റെ കുറവ് യു.ഡി.എഫ് നികത്തുന്നുണ്ട്. കേസിനെ രാഷ്ട്രീയപരമായും നിയമപരമായും നേരിടും. കേരളത്തിന്റെ പൊതുവായ ആവശ്യത്തിന് വേണ്ടി കേന്ദ്രത്തിനെതിരെ നിൽക്കാൻ യു.ഡി.എഫ് തയാറാകുന്നില്ലെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.