കാസർകോട്: ജില്ലയിലെ എൻഡോസൾഫാൻ ദുരിതബാധിതർക്കുള്ള സാന്ത്വന പരിചരണ കേന്ദ്രമായി ടാറ്റ കോവിഡ് ആശുപത്രി മാറുമോ? ദേശീയ മനുഷ്യാവകാശ കമീഷനും സുപ്രീംകോടതിയും നിർദേശിച്ച എൻഡോസൾഫാൻ സാന്ത്വന പരിചരണകേന്ദ്രമായി ടാറ്റ കോവിഡ് ആശുപത്രിയെ മാറ്റണമെന്ന ആവശ്യവുമായി സെർവ് കലക്ടീവ് കൂട്ടായ്മ രംഗത്തെത്തി.
ഇക്കാര്യം ചൂണ്ടിക്കാട്ടിയുള്ള ഹരജി ഏപ്രിൽ നാലിന് സുപ്രീംകോടതി പരിഗണിക്കും. കോവിഡ് രോഗികൾ കുറഞ്ഞതോടെ കോവിഡ് ആശുപത്രി ജില്ലക്ക് നഷ്ടപ്പെടുമോ എന്ന അഭ്യൂഹം ശക്തമായിരിക്കെയാണ് സെർവ് കലക്ടീവ് കൂട്ടായ്മയുടെ നിർണായകനീക്കം.
എൻഡോസൾഫാൻ ദുരിതബാധിതരായ എല്ലാവർക്കും അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന വിധി നടപ്പാക്കാത്തത് ചൂണ്ടിക്കാട്ടിയുള്ള ഹരജിയിലാണ് സാന്ത്വന ചികിത്സാകേന്ദ്രം കൂടി ഉന്നയിക്കുന്നത്. ദുരിതബാധിതരായ എല്ലാവർക്കും അഞ്ച് ലക്ഷം നൽകാൻ സർക്കാർ തീരുമാനിച്ചെങ്കിലും സാന്ത്വന പരിചരണകേന്ദ്രത്തിന്‍റെ കാര്യത്തിൽ ഉറപ്പൊന്നും നൽകിയിട്ടില്ല.
2010 ഡിസംബർ 31നാണ് ദേശീയ മനുഷ്യാവകാശ കമീഷൻ അക്കാര്യം നിർദേശിച്ചത്. ജില്ലയിലെ 11 വില്ലേജുകളിലായി കഴിയുന്ന ആറായിരത്തിലധികം വരുന്ന എൻഡോസൾഫാൻ ദുരിതബാധിതർക്കായി സാന്ത്വന പരിചരണകേന്ദ്രമോ ആശുപത്രിയോ സ്ഥാപിക്കണമെന്ന്. ആംബുലൻസ് സർവിസും പരിശീലനം ലഭിച്ച ജീവനക്കാരെയും നിയമിച്ചുള്ള കേന്ദ്രാവിഷ്കൃത കേന്ദ്രമായിരിക്കണം.
ഇതിനുള്ള എല്ലാ സഹായവും സംസ്ഥാന സർക്കാർ നൽകുകയും വേണം. ജസ്റ്റിസ് കെ.ജി. ബാലകൃഷ്ണൻ അധ്യക്ഷനായ സമിതിയാണ് ശിപാർശ നൽകിയത്. ഇതിന്‍റെ ചുവടുപിടിച്ച് 2017ലും 2019ലും സുപ്രീംകോടതിയും എൻഡോസൾഫാൻ ഇരകൾക്ക് സാന്ത്വന പരിചരണകേന്ദ്രമെന്ന ആവശ്യം അംഗീകരിച്ച് ഉത്തരവിറക്കി. വർഷങ്ങൾ പിന്നിട്ടിട്ടും ഇക്കാര്യത്തിൽ ഒരു തീരുമാനവുമുണ്ടായിട്ടില്ല.
എൻഡോസൾഫാൻ ദുരിതബാധിതർക്ക് നഷ്ടപരിഹാരം നൽകാൻ 200 കോടി രൂപയാണ് ദിവസങ്ങൾക്കുമുമ്പ് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചത്. ദുരിതബാധിതരായ എല്ലാവർക്കും അഞ്ച് ലക്ഷം നൽകണമെന്ന സുപ്രീംകോടതി വിധി നടപ്പാക്കാത്തത് ചൂണ്ടിക്കാട്ടിയുള്ള ഹരജിയിൽ വിശദീകരണം തേടിയതിനെ തുടർന്നാണ് സംസ്ഥാനത്തിന്‍റെ പ്രഖ്യാപനം. നഷ്ടപരിഹാരത്തുക ഉടൻ നൽകണമെന്ന് ചൂണ്ടിക്കാട്ടി സുപ്രീംകോടതി രണ്ടുതവണ ഉത്തരവിട്ടിട്ടും നടപ്പാക്കിയില്ലെന്ന് ചൂണ്ടിക്കാട്ടി സെർവ് കലക്ടീവ് കൂട്ടായ്മയാണ് കോടതിയെ സമീപിച്ചത്.
നാലാഴ്ചക്കകം വിശദീകരണം നൽകാൻ കോടതി നിർദേശിച്ചു. ഇതോടെ, ചീഫ് സെക്രട്ടറി യോഗം വിളിച്ചു. ജില്ലയിൽ 6727 എൻഡോസൾഫാൻ ദുരിതബാധിതരുണ്ടെന്നും നഷ്ടപരിഹാരത്തുകയായ അഞ്ച് ലക്ഷം 3714 പേർക്ക് വിതരണം ചെയ്തിട്ടില്ലെന്നും കാസർകോട് കലക്ടർ റിപ്പോർട്ട് നൽകി. 1568 പേർക്ക് മൂന്നുലക്ഷം നൽകിയെന്നും ഇനി രണ്ടുലക്ഷം കൂടി നൽകാനുണ്ടെന്നും വിശദീകരിച്ചു. കലക്ടറുടെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് എല്ലാവർക്കും അഞ്ചുലക്ഷം നൽകാൻ തീരുമാനിച്ചത്. എൻഡോസൾഫാൻ ദുരിതബാധിതർക്കായി പ്രവർത്തിക്കുന്ന 12 സംഘടനകളുടെ കൂട്ടായ്മയാണ് സെർവ് കലക്ടീവ്. 2020 ജനുവരി നാലിനാണ് സുപ്രീംകോടതി വിധി നടപ്പാക്കാനുള്ള കോടതിയലക്ഷ്യ കേസ് ഫയൽ ചെയ്തുതുടങ്ങിയത്.
തെക്കിൽ വില്ലേജിലെ അഞ്ചരയേക്കർ സ്ഥലത്ത് 60 കോടിയോളം മുടക്കിയാണ് ടാറ്റ കോവിഡ് ആശുപത്രി നിർമിച്ചത്. 551 കിടക്കകളുമായി സംസ്ഥാനത്തെ ആദ്യ കോവിഡ് ആശുപത്രി. 2020 സെപ്റ്റംബർ ഒമ്പതിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനവും നിർവഹിച്ചു. ഇതിനകം ആയിരക്കണക്കിന് രോഗികളെ ചികിത്സിച്ചു. പക്ഷേ, കോവിഡ് കുറഞ്ഞതോടെ ആശുപത്രി ഏറക്കുറെ കാലിയായി. ഇതോടെ പൂട്ടാൻ പോകുന്നുവെന്ന അഭ്യൂഹവും പരന്നു. ആശുപത്രിയിലേക്ക് അനുവദിച്ച ഡോക്ടർമാരും നഴ്സുമാരും ജീവനക്കാരും പലരും ഇതര ജില്ലകളിലേക്ക് സ്ഥലംമാറിപ്പോയി. ഇതോടെ, വിഷയത്തിൽ സ്ഥലം എം.എൽ.എ സി.എച്ച്. കുഞ്ഞമ്പു ഇടപെട്ടു.
ആശുപത്രി സൂപ്പർ സ്പെഷാലിറ്റിയാക്കി മാറ്റുന്നത് പരിഗണിക്കണമെന്ന് നിർദേശിച്ച് വിശദ റിപ്പോർട്ട് അദ്ദേഹം ആരോഗ്യമന്ത്രിക്ക് സമർപ്പിച്ചു. പക്ഷേ, ആരോഗ്യവകുപ്പിൽനിന്ന് കാര്യമായ ഇടപെടലൊന്നുമുണ്ടായില്ല. ഇതിനിടയിലാണ് ആശുപത്രി നഷ്ടപ്പെടാതിരിക്കുക കൂടി ലക്ഷ്യമിട്ട് എൻഡോസൾഫാൻ സാന്ത്വന പരിചരണ കേന്ദ്രമെന്ന ആവശ്യം ഉന്നയിക്കുന്നത്. ഏപ്രിൽ നാലിന് പരിഗണിക്കുന്ന ഹരജി കണക്കിലെടുത്ത് ദുരിത ബാധിതർക്ക് അഞ്ച് ലക്ഷം നൽകണമന്ന വിധി നടപ്പാക്കാൻ സംസ്ഥാന സർക്കാർ നിർബന്ധിതമായി. ഇതുപോലെ പരിചരണകേന്ദ്രമെന്നതും പരിഗണിക്കുമോ എന്നാണ് കാത്തിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.