പേരക്കുട്ടികളുടെ കൺമുന്നിൽ വീട്ടമ്മ ലോറിയിടിച്ച് മരിച്ചു; അപകടം സ്കൂൾ വാനിൽ കയറ്റാൻ കാത്തിരിക്കുന്നതിനിടെ

നെടുമങ്ങാട്: നിയന്ത്രണം വിട്ട ലോറി ബസ് കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് ഇടിച്ചുകയറി പേരക്കുട്ടികളുടെ കൺമുന്നിൽ വീട്ടമ്മ മരിച്ചു. ഏലിയാവൂർ ഏലിയാകോണത്ത് വീട്ടിൽ ഷീല (56) ആണ് മരിച്ചത്. നെടുമങ്ങാട് ആര്യനാട് റോഡിൽ കുളപ്പട ഏലിയാവൂർ ബഥനി ആശ്രമം ജങ്ഷനിൽ ചൊവ്വാഴ്ച രാവിലെ 9.30 യോടെയായിരുന്നു അപകടം. സ്കൂൾ വാനിൽ കുട്ടികളെ കയറ്റാൻ കാത്തിരിക്കുന്നതിനിടെയാണ് സംഭവം.

മരിച്ച ഷീലയുടെ പേരക്കുട്ടികളായ വൈദ്യ വിനോദ് (4), വൈഗ വിനോദ് (8) എന്നിവർക്കും ഏലിയാവൂർ ദീപാ ഭവനിൽ ധന്യ (30), ധന്യയുടെ മകൾ ദിയാലക്ഷ്മി (8) എന്നിവർക്കും പരിക്കേറ്റു. വൈഗയും ദിയാലക്ഷ്മിയും ഉഴമലയ്ക്കൽ ശ്രീനാരായണ ഹയർ സെക്കൻഡറി സ്കൂളിൽ മൂന്നാം ക്ലാസിലും വൈദ്യ വിനോദ് എൽകെജി വിദ്യാർഥിനിയും ആണ്.

പരിക്കേറ്റ വിദ്യാർഥികളെ തിരുവനന്തപുരം എസ്എടി ആശുപത്രിയിലും ധന്യയെ മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. കാത്തിരിപ്പു കേന്ദ്രത്തിൽ സ്കൂൾ ബസ് കാത്ത് നിന്നവരാണ് അപകടത്തിൽപ്പെട്ടത്. ലോറി ഓടിച്ചിരുന്ന പരുത്തിപ്പള്ളി സ്വദേശി ദിലീപിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.

നെട്ടിറച്ചിറയിൽ നിന്ന് ആര്യനാട്ടേക്ക് വന്ന ലോറി റോഡിലൂടെ വലതു ഭാഗത്തേക്ക് കയറി കാത്തിരിപ്പു കേന്ദ്രത്തിൽ ഇടിച്ചു സമീപത്ത് കരമനയാറിന്റെ കരയിലേക്ക് പതിക്കുകയായിരുന്നു. ശബ്ദംകേട്ട് ഓടിയെത്തിയ സമീപവാസികളും നാട്ടുകാരും പൊലീസും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. ലോറി ഇടിച്ച് നിലംപൊത്തിയ മരം ഷീലയുടെ ദേഹത്തേക്ക് വീഴുകയായിരുന്നു. ഇത് എടുത്ത് മാറ്റി ഷീലയെ നെടുമങ്ങാട് ആശുപത്രിയിൽ എത്തിച്ചപ്പോഴെക്കും മരിച്ചു. മകൻ: വിനോദ്. മരുമകൾ: നിത്യ.

Tags:    
News Summary - woman killed in accident in front of grandchildren

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.