തൃശൂർ: വനിത നേതാവിന്റെ പരാതിയെത്തുടർന്ന് നിർബന്ധിത അവധി നൽകിയ ഡി.വൈ.എഫ്.ഐ ജില്ല സെക്രട്ടറി എൻ.വി. വൈശാഖനെ തെരഞ്ഞെടുക്കപ്പെട്ട എല്ലാ പദവികളിൽനിന്നും നീക്കാൻ തീരുമാനം. ചൊവ്വാഴ്ച വൈകീട്ട് ചേർന്ന അടിയന്തര സി.പി.എം ജില്ല സെക്രട്ടേറിയറ്റും ജില്ല കമ്മിറ്റിയുമാണ് തീരുമാനമെടുത്തത്. നിർദേശം സംസ്ഥാന കമ്മിറ്റിയെ അറിയിക്കും.
പാർട്ടിയിൽ വിഭാഗീയത വീണ്ടും തലപൊക്കുന്നതായും വൈശാഖനെതിരായ പരാതിക്ക് പിന്നിൽ വിഭാഗീയതയുണ്ടെന്നും പാർട്ടി വിലയിരുത്തി. ശക്തമായ പരിശോധനക്കും അച്ചടക്ക നടപടികൾക്കുമാണ് തീരുമാനം. പാർട്ടിയിൽ മുതിർന്ന നേതാവിന്റെയടക്കം പിന്തുണയുണ്ടായിരുന്ന വൈശാഖനെതിരെ നടപടിയുണ്ടാവില്ലെന്നാണ് കരുതിയിരുന്നത്. എന്നാൽ, ജില്ല സെക്രട്ടേറിയറ്റിന്റെ ഭൂരിപക്ഷാഭിപ്രായത്തിന് മുന്നിൽ മുതിർന്ന നേതാവിനും നടപടിയെ അനുകൂലിക്കേണ്ടി വന്നുവെന്നാണ് പറയുന്നത്.
ചാനൽ ചർച്ചകളിൽ സി.പി.എമ്മിന്റെ മുഖമായ വൈശാഖൻ വളരെ പെട്ടെന്ന് വളർന്നുവന്ന യുവനേതാവായിരുന്നു. ഡി.വൈ.എഫ്.ഐയുടെ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും മുഖമാസികയായ യുവധാരയുടെ എഡിറ്റോറിയൽ ബോർഡ് അംഗവും സി.പി.എമ്മിന്റെ ഏരിയ കമ്മിറ്റി അംഗവുമാണ്. ഡി.വൈ.എഫ്.ഐയുടെ ജില്ല സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കുന്നതും ഏരിയ കമ്മിറ്റിയിൽനിന്ന് തരംതാഴ്ത്തുന്നതും അടക്കമുള്ള നടപടികളാണ് ഇദ്ദേഹത്തിനെതിരെ പാർട്ടി നിർദേശിക്കുന്നത്.
ബ്രാഞ്ച് ഘടകത്തിൽ നിലനിർത്തിയേക്കും. അടുത്ത ദിവസം ജില്ല കമ്മിറ്റി ചേർന്ന് പുതിയ സെക്രട്ടറിയെ നിയോഗിക്കുന്നതടക്കമുള്ള തീരുമാനമെടുത്തേക്കും. വിഭാഗീയതയിൽ അച്ചടക്ക നടപടി നേരിടുന്ന ഡി.വൈ.എഫ്.ഐ മുൻ ജില്ല സെക്രട്ടറി അടക്കമുള്ളവർക്കും വിഭാഗീയതയിൽ പങ്കാളിത്തമുണ്ടെന്ന ആക്ഷേപമുള്ള പാർട്ടി ജില്ല നേതാക്കളിൽ ചിലർക്കെതിരെയും വരും നാളുകളിൽ നടപടിയുണ്ടാകുമെന്നാണ് സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.