വനിത നിർമാതാവിന്‍റെ പരാതി; നിർമാതാക്കളുടെ സംഘടന കുറ്റാരോപിതർക്കൊപ്പമെന്ന് ഡബ്ല്യു.സി.സി

കൊച്ചി: വനിത നിർമാതാവിന്‍റെ പരാതിയിൽ നിർമാതാക്കളുടെ സംഘടനക്കെതിരെ ഡബ്ല്യു.സി.സി. പരാതി ഗുരുതരവും ആശങ്കാജനകവുമാണെന്ന് ഡബ്ല്യു.സി.സി. ദുഷ്പ്രവണതകൾക്കെതിരെ ശബ്ദമുയർത്തിയ വനിത നിർമാതാവിന് പൂർണമായ ഐക്യദാർഢ്യം അറിയിക്കുന്നതായും വ്യക്തമാക്കി.

പരാതികൾ ഉന്നയിക്കപ്പെട്ടപ്പെട്ടിരിക്കുന്നത് സംഘടന നേതാക്കളെ കുറിച്ചാണെന്നും അവരിപ്പോഴും സംഘടനയുടെ തലപ്പത്തിരുന്നു കൊണ്ടാണ് കേസ് കൈകാര്യം ചെയ്യുന്നതെന്നും ഡബ്ല്യു.സി.സി പറഞ്ഞു. സംഘടന ഈ കാര്യത്തിൽ കുറ്റാരോപിതർക്കൊപ്പമാണ് നിൽക്കുന്നത് എന്നതിൻ്റെ തെളിവുകൂടിയാണിതെന്നും ഡബ്ല്യു.സി.സി ആരോപിച്ചു.

ഡബ്ല്യു.സി.സിയുടെ കുറിപ്പ്

'സിനിമയിലെ തൊഴിലുടമകൾ' എന്നാണ് കേരളത്തിലെ ചലച്ചിത്ര നിർമ്മാതാക്കൾ തങ്ങളെത്തന്നെ വിശേഷിപ്പിക്കുന്നത്. അതായത് നിയമപരമായി അവർക്കൊപ്പവും അവരുടെ കീഴിലും ജോലി ചെയ്യുന്ന ഓരോരുത്തർക്കും അച്ചടക്കവും സുരക്ഷയും ഉറപ്പാക്കേണ്ടവരാണ് തൊഴിലുടമകൾ. ഈ സാഹചര്യത്തിൽ നിർമ്മാതാക്കളുടെ സംഘടനയുടെ തലപ്പത്തിരിക്കുന്നവർക്ക് എതിരെ തൻ്റെ വ്യക്തിത്വത്തെ ഹനിക്കുന്നതും, സത്രീ വിവേചനത്തോടെയുമുള്ള പെരുമാറ്റം ഉണ്ടായി എന്ന് വനിതാ നിർമ്മാതാവ് പരാതികൾ ഉയർത്തുന്നത് വളരെ ഗുരുതരവും ആശങ്കാജനകവുമാണ്.

പരാതികൾ ഉന്നയിക്കപ്പെട്ടപ്പെട്ടിരിക്കുന്നത് സംഘടനാ നേതാക്കളെ കുറിച്ചാണ്. അവരിപ്പോഴും സംഘടനയുടെ തലപ്പത്തിരുന്നു കൊണ്ടാണ് കേസ് കൈകാര്യം ചെയ്യുന്നത്. സംഘടന ഈ കാര്യത്തിൽ കുറ്റാരോപിതർക്കൊപ്പമാണ് നിൽക്കുന്നത് എന്നതിൻ്റെ തെളിവുകൂടിയാണിത്. കേസിൻ്റെ ധാർമികമായ ഉത്തരവാദിത്തം പങ്കിട്ടുകൊണ്ട് താൽകാലികമായി സ്ഥാനത്തു നിന്ന് മാറി നിൽക്കാൻ പോലും ഇതുവരെ നേതാക്കൻമാർ മിനക്കെട്ടിട്ടില്ല. മലയാള ചലച്ചിത്ര വ്യവസായത്തെ നയിക്കേണ്ടത് കൃത്യമായ പ്രൊഫഷണൽ മൂല്യങ്ങളാണ് എന്നും കാലഹരണപ്പെട്ട ഏതെങ്കിലും അധികാര സമവാക്യങ്ങൾക്കുള്ളിൽ ഈ മേഖല തളച്ചിടപ്പെടേണ്ടതല്ലെന്നും ഉറപ്പാക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

തൻ്റെ മേഖലയിലെ ദുഷ്പ്രവണതകൾക്കെതിരെ ശബ്ദമുയർത്തിയ വനിതാ നിർമാതാവിന് പൂർണമായ ഐക്യദാർഢ്യം അറിയിക്കുന്നു. ഇവിടെ സ്വന്തം വഴി വെട്ടിത്തെളിക്കുന്നതിന് അസാമാന്യമായ ധൈര്യം ആവശ്യമാണ്. ഹേമകമ്മറ്റി റിപ്പോർട്ടിൽ പ്രതിപാദിക്കുന്ന "നിശബ്ദതയുടെ സംസ്കാരം" പ്രതിഷേധിക്കുന്ന സ്വരങ്ങളെ എങ്ങനെ അടിച്ചമർത്തുന്നു എന്നതിന്റെ സാക്ഷ്യമാണ്.

Full View


Tags:    
News Summary - Complaint of the woman producer; WCC said that the producers' association is with the accused

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.