ട്രെയിനില്‍ ഇതരസംസ്ഥാനക്കാരിക്കുനേരെ  പീഡനശ്രമം; പ്രതി കസ്റ്റഡിയില്‍

തിരുവനന്തപുരം: ട്രെയിന്‍യാത്രക്കിടെ ഇതരസംസ്ഥാനക്കാരിയായ യുവതിയെ മലയാളിയുവാവ് പീഡിപ്പിക്കാന്‍ ശ്രമിച്ചതായി പരാതി. മേഘാലയ സ്വദേശിനിയായ മുപ്പതുകാരിയാണ് തമ്പാനൂര്‍ റെയില്‍വേ പൊലീസില്‍ പരാതി നല്‍കിയത്. 

പ്രതിയെന്ന് സംശയിക്കുന്ന യുവാവിനെ ഞായറാഴ്ച രാത്രിയോടെ പൊലീസ് അമ്പലപ്പുഴനിന്ന് കസ്റ്റഡിയിലെടുത്തു. അമ്പലപ്പുഴ സ്വദേശിയായ അസം റൈഫിള്‍സിലെ ജവാനാണ് പിടിയിലായത്. കഴിഞ്ഞ 17 നാണ് കേസിനാസ്പദമായ സംഭവം. 

ഗുവാഹതിയില്‍നിന്ന് തിരുവനന്തപുരത്തേക്ക് വന്ന ഗുവാഹതി എക്സ്പ്രസിലാണ് പീഡനശ്രമമുണ്ടായത്. തിരുവനന്തപുരത്തെ ഐ.എസ്.ആര്‍.ഒ ഉദ്യോഗസ്ഥന്‍െറ വീട്ടില്‍ ജോലിക്ക് നില്‍ക്കുകയാണ് യുവതി. യാത്രാമധ്യേ സെക്കന്‍ഡ് എ.സി കമ്പാര്‍ട്ട്മെന്‍റില്‍ ഉറങ്ങുമ്പോഴായിരുന്നു സംഭവം. കമ്പാര്‍ട്ട്മെന്‍റില്‍ തന്നെക്കൂടാതെ മൂന്ന് ചെറുപ്പക്കാര്‍ ഉണ്ടായിരുന്നു. 

എന്നാല്‍, പുലര്‍ച്ച ഇതില്‍ ഒരാള്‍ തന്നെ ഉപദ്രവിക്കാന്‍ ശ്രമിച്ചെന്നും ബഹളംവെച്ചതോടെ മറ്റു രണ്ടുപേര്‍ ചേര്‍ന്ന് ഇയാളെ പിന്തിരിപ്പിക്കുകയായിരുന്നെന്നും യുവതി റെയില്‍വേ പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. അപ്പോഴത്തെ മാനസികാവസ്ഥയില്‍ ഇതുസംബന്ധിച്ച് ടി.ടി.ആറിനോടോ പൊലീസിനോടോ പരാതിപ്പെടാന്‍ കഴിഞ്ഞില്ല. 

യുവാക്കള്‍ എറണാകുളത്ത് ഇറങ്ങിയതായും പരാതിയില്‍ പറയുന്നു. തുടര്‍ന്ന് ജോലി ചെയ്യുന്ന വീട്ടിലത്തെിയ യുവതി വീട്ടുകാരുടെ സഹായത്തോടെയാണ് ഞായറാഴ്ച റെയില്‍വേ പൊലീസില്‍ പരാതിനല്‍കിയത്. യുവാക്കള്‍ സഞ്ചരിച്ച ബെര്‍ത്ത് നമ്പര്‍ ഉള്‍പ്പെടെ ചൂണ്ടിക്കാട്ടിയാണ് പരാതി. പ്രതിയെ കൂടുതല്‍ ചോദ്യംചെയ്യലിനായി തിങ്കളാഴ്ച രാത്രി ഏറനാട് എക്സ്പ്രസില്‍ തിരുവനന്തപുരത്ത് കൊണ്ടുവന്നു. തിരിച്ചറിയല്‍ പരേഡ് നടത്തിയശേഷം തുടര്‍നടപടി സ്വീകരിക്കുമെന്ന് റെയില്‍വേ പൊലീസ് പറഞ്ഞു.

Tags:    
News Summary - women from meghalaya assault in train

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.