കോഴിക്കോട്: ശ്രീനാരായണ ഗുരുവിന്‍െറ ‘നമുക്ക് ജാതിയില്ല’ വിളംബരം കള്ളരേഖയാണെന്ന് സംഘ്പരിവാര്‍ സംഘടനയായ ഭാരതീയ വിചാരകേന്ദ്രം പ്രമേയം പാസാക്കിട്ടും എസ്.എന്‍.ഡി.പി യോഗം നേതൃത്വം മൗനം പാലിക്കുന്നതില്‍ അണികളില്‍ ആശങ്ക. കോഴിക്കോട് യൂനിയന്‍ ഉള്‍പ്പെടെ പരസ്യമായി രംഗത്തുവന്നിട്ടും യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പ്രതികരിക്കാത്തതാണ് ചര്‍ച്ചയാകുന്നത്.
വിചാരകേന്ദ്രത്തിന്‍െറ പ്രമേയം തള്ളി യോഗം ജനറല്‍ സെക്രട്ടറി പ്രസ്താവനയിറക്കണമെന്നാണ് യൂനിയന്‍ ഭാരവാഹികളുടെ ആവശ്യം. അതേസമയം, പ്രമേയം സംബന്ധിച്ച് ഉടന്‍ പ്രസ്താവനയിറക്കിയാല്‍ ബി.ഡി.ജെ.എസ്- ബി.ജെ.പി ബന്ധത്തില്‍ വിള്ളലുണ്ടാക്കുമാണ് വെള്ളാപ്പള്ളിയുടെ കണക്കുകൂട്ടല്‍. മാത്രമല്ല, കേന്ദ്ര ഭരണത്തിന്‍െറ തണലില്‍ ബി.ഡി.ജെ.എസിന് ലഭിക്കാനിടയുള്ള ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനങ്ങള്‍ സംബന്ധിച്ച ധാരണ തകിടംമറിച്ചേക്കുമെന്നും കരുതുന്നതായി അദ്ദേഹവുമായി അടുപ്പമുള്ള വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.
എസ്.എന്‍.ഡി.പിയുടെ മൂന്നു മേഖലയോഗങ്ങള്‍ കൊല്ലം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളില്‍ വെള്ളാപ്പള്ളിയുടെ നേതൃത്വത്തില്‍ ഉടന്‍ നടക്കും. യോഗങ്ങളില്‍ യൂനിയന്‍ ഭാരവാഹികള്‍ വിഷയം ഉന്നയിച്ചേക്കും. കൊടുങ്ങല്ലൂര്‍ എസ്.എന്‍.ഡി.പി യൂനിയനിലെ ചിലര്‍ നേതൃത്വത്തിനെതിരെ രംഗത്തുവന്നിട്ടുണ്ട്.
ശിവഗിരി മഠം പിടിച്ചെടുക്കാന്‍ ചില ഹൈന്ദവ സംഘടനകള്‍ ശ്രമിച്ചിരുന്നുവെന്നും ഇത്തരം ശ്രമങ്ങള്‍ക്ക് മൗനാനുവാദം നല്‍കലാണ് ഗുരുനിന്ദക്കെതിരെ നേതൃത്വം പ്രതികരിക്കാത്തതിനു പിന്നിലെന്നും കമ്മിറ്റി അംഗവും ശ്രീനാരായണ ദര്‍ശനവേദി പ്രവര്‍ത്തകനുമായ സി.വി. മോഹന്‍കുമാര്‍ കുറ്റപ്പെടുത്തി. ഭാരതീയ വിചാരകേന്ദ്രത്തിന്‍െറ പ്രമേയം വേണ്ടത്ര പഠനം നടത്താതെയുള്ളതാണെന്ന് യോഗം മുന്‍ പ്രസിഡന്‍റ് അഡ്വ. വിദ്യാസാഗര്‍ പറഞ്ഞു.
പ്രമേയം അസംബന്ധം -സച്ചിദാനന്ദ സ്വാമി
കോഴിക്കോട്: ശ്രീനാരായണ ഗുരുവിന്‍െറ ‘നമുക്ക് ജാതിയില്ല’ വിളംബരം കള്ളരേഖയാണെന്ന ഭാരതീയ വിചാരകേന്ദ്രത്തിന്‍െറ പ്രമേയം ശുദ്ധ അസംബന്ധമാണെന്ന് ശിവഗിരി മഠത്തിലെ മുതിര്‍ന്ന സന്യാസി സച്ചിദാനന്ദ സ്വാമി ‘മാധ്യമ’ത്തോട് പറഞ്ഞു. ഗുരുവിന്‍െറ പ്രധാന ശിഷ്യനായ ശ്രീനാരായണ ചൈതന്യ സ്വാമിയെ ഗുരുവിനെ കാണുന്നതുപോലെതന്നെയാണ് എല്ലാവരും കാണുന്നത്. അദ്ദേഹം വ്യാജമായി ഒന്നും ചെയ്യില്ല.
1916ലാണ് ഗുരുവിന്‍െറ നമുക്ക് ജാതിയില്ല വിളംബരം. അതിന് മൂന്നുവര്‍ഷം മുമ്പ് 1913ല്‍ സ്ഥാപിച്ച അദൈ്വതാശ്രമത്തിന്‍െറ കവാടത്തില്‍ ‘‘മനുഷ്യന് ഒരു ജാതി, ഒരുമതം, ഒരുദൈവം എന്നല്ലാതെ ഓരോരുത്തര്‍ക്കും പ്രത്യേകം ജാതിയും മതവും ദൈവവും ഇല്ളെന്നതാകുന്നു’’ എന്ന് എഴുതിവെച്ചിരുന്നുവെന്നും ചാലക്കുടി ഗായത്രി ആശ്രമം പ്രസിഡന്‍റുകൂടിയായ സച്ചിദാനന്ദ സ്വാമി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.