തൃശൂർ: വിഖ്യാത സാഹിത്യകാരന്മാരായ ഷേക്സ്പിയറിെൻറയും മിഗ്വേൽ ഡി സർവാൻറിസിെൻറയും ചരമദിനമായ വെള്ളിയാഴ്ച ലോക വായന ദിനമായി ആചരിക്കുേമ്പാൾ ലോക സാഹിത്യ വിവർത്തകനായ എൻ. മൂസക്കുട്ടി സർവാൻറിസിെൻറ ഡോൺ ക്വിക്സോട്ട് വിവർത്തനം ചെയ്തുകൊണ്ടിരിക്കുകയാണ്. 1000 പേജുള്ള പുസ്തകത്തിെൻറ മൂന്നിെലാന്ന് വിവർത്തനം പൂർത്തിയായി. 22 വർഷമെത്തിയ വിവർത്തന ജീവിതത്തിലെ 130ാമത് പുസ്തകമാണിത്. ലോക സാഹിത്യത്തിലെ എത്രയോ അനശ്വര കഥാപാത്രങ്ങൾ മൂസക്കുട്ടിയിലൂടെ മലയാളത്തിലെത്തി. കോവിഡ് കാലത്തെ അഞ്ചാമത്തെ മൊഴിമാറ്റം കൂടിയാണിത്്. അഗതാ ക്രിസ്റ്റിയുടെ ആത്മകഥ, പുസ്തക ശാലയിലെ കൊല, ഗോസ്റ്റ് സ്റ്റോറീസ് തുടങ്ങിയവ ഇതിൽപ്പെടുന്നു.
ഐറിഷുകാരനായ ജെയിംസ് ജോയ്സ് 1922ൽ എഴുതിയ മാസ്റ്റർ പീസായ 'യുലീസസ്' എന്ന നോവലിെൻറ 18ാം അധ്യായത്തിൽ മോളി ബ്ലൂം എന്ന കഥാപാത്രത്തിെൻറ ദൈർഘ്യമേറിയ ആത്മഗതമുണ്ട്. 65ൽപരം പേജുകളിലായി ഇരുപതിനായിരത്തിൽപരം വാക്കുകൾ താളുകളിലേക്ക് അവരിൽനിന്ന് പ്രവഹിക്കുന്നു. രണ്ട് പൂർണവിരാമം ഒഴികെ ഈ അക്ഷരപ്രവാഹത്തിനിടയിൽ മറ്റൊരു ചിഹ്നവുമില്ല. ''വിവർത്തന ജീവിതത്തിലെ ഏറ്റവും സങ്കടകരവും പൂർത്തിയായപ്പോൾ സന്തോഷകരവുമായ നോവലാണ് യുലീസസ്. പല ഘട്ടങ്ങളിലും ദുർഗ്രാഹ്യത കാരണം കരച്ചിലിെൻറ വക്കോളമെത്തിയിട്ടുണ്ട്. എക്കാലത്തെയും വിവർത്തകർക്കുള്ള വെല്ലുവിളിയാണ് ഈ ഭാഗം'' -എൻ. മൂസക്കുട്ടി ഓർത്തെടുക്കുന്നു. ''1244 പേജുകളുള്ള പുസ്തകത്തിെൻറ വിവർത്തനം പൂർത്തിയാക്കിയത് രണ്ട് വർഷമെടുത്താണ്. യുലീസസിന് 2003ൽ കേരള സാഹിത്യ അക്കാദമിയുടെ വിവർത്തനത്തിനുള്ള അവാർഡ് ലഭിച്ചിരുന്നു. വിവർത്തനം ചെയ്തവയിൽ ഏറെ രസകരമായി അനുഭവപ്പെട്ടത് ആയിരത്തൊന്ന് രാവുകളായിരുന്നു. ഒരു വർഷംകൊണ്ട് പുസ്തകത്തിലെ 25 കഥകൾ വിവർത്തനം ചെയ്തു.
പൊന്നാനി അയിരൂർ സ്വദേശിയായ മൂസക്കുട്ടി 34 വർഷമായി തൃശൂർ ചെമ്പൂക്കാവിലാണ് താമസം. 1986ൽ ഗൾഫിൽ ജോലി ചെയ്തുകൊണ്ടിരിക്കേ ട്രോട്സ്കിസ്റ്റ് ആചാര്യനും ബന്ധുവും ആയിരുന്ന എം. റഷീദ് ആവശ്യപ്പെട്ടത് പ്രകാരം 'ട്രോട്സ്കി ഓൺ ആർട്ട് ആൻഡ് ലിറ്ററേച്ചർ' എന്ന കൃതിയാണ് ആദ്യമായി വിവർത്തനം ചെയ്ത് പ്രസിദ്ധീകരിച്ചത്. പിന്നീട് 1999ൽ തൃശൂർ എക്സ്പ്രസ് പത്രത്തിൽ സബ് എഡിറ്ററായിരിക്കേ ദീർഘാവധി എടുത്ത് മുഴുവൻ സമയ വിവർത്തകനായി മാറുകയായിരുന്നു. പ്രമുഖ പ്രസാദകരുടെ വിവർത്തനങ്ങൾ പതിയെ കിട്ടിത്തുടങ്ങിയതോടെ തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. വിശ്വസാഹിത്യങ്ങൾ ഒന്നൊന്നായി വന്നുകൊണ്ടിരുന്നു. വൈജ്ഞാനികം, വിവർത്തനം, ബാലസാഹിത്യം, പുനരാഖ്യാനം എന്നീ വിഭാഗങ്ങളിലായി നൂറുകണക്കിന് പുസ്തകങ്ങൾ വിവർത്തനം ചെയ്തു. എഴുത്തുകാരിയുടെ മുറി (വെർജീനിയ വൂൾഫ്), എെൻറ ജീവിതം (ചാർളി ചാപ്ലിൻ), വാൻക (ചെക്കോവ്), മോപ്പസാങ് കഥകൾ, ഒ. ഹെൻട്രി കഥകൾ, കിഴവനും കടലും (ഹെമിങ് വേ), ഐവാൻ ഇലച്ചിെൻറ മരണം (ടോൾസ്റ്റോയ്), ആത്മകഥ (മുസ്സോളിനി), ആത്മകഥ (സുഭാഷ് ചന്ദ്രബോസ്), ആത്മകഥ (അഗതാ ക്രിസ്റ്റി), സ്റ്റാലിെൻറ ജീവചരിത്രം (ട്രോട്സ്കി) തുടങ്ങിയവ പരിഭാഷകളിൽ ചിലതാണ്. ''രണ്ടു വർഷം പൂർത്തിയാക്കാനുള്ളവ ഇനിയും ബാക്കിയാണ്. കോവിഡ് കാലമായതിനാൽ പുറത്തിറങ്ങാനാകില്ലല്ലോ. എഴുത്തിെൻറ ലോകത്ത് നിന്ന് തൽക്കാലം പുറത്തേക്കില്ല '' -എഴുപതുകാരനായ മൂസക്കുട്ടി പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.