ചെങ്ങന്നൂര്‍: വക്കാലത്തുമായി ബന്ധപ്പെട്ട തർക്കത്തിനിടെ യുവ അഭിഭാഷകനെ കുത്തിയ മറ്റൊരു അഭിഭാഷകൻ പിടിയിൽ. ചെങ്ങന്നൂരിലെ പ്രമുഖമായ അഭിഭാഷക സ്ഥാപനത്തില്‍ പരിശീലനം നടത്തുന്ന ചെങ്ങന്നൂര്‍ പുലിയൂർ പേരിശ്ശേരി കളീയ്ക്കല്‍ വടക്കേതില്‍ രാഹുല്‍കുമാറിനാണ് (28) കുത്തേറ്റത്. സംഭവത്തില്‍ വി.എച്ച്.പി ജില്ല ട്രഷറർ കൂടിയായ ചെങ്ങന്നൂര്‍ ബാറിലെ അഭിഭാഷകൻ അശോക് അമ്മാഞ്ചിയെ (40) പൊലീസ് കസ്റ്റഡിയിലെടുത്തു.
ശനിയാഴ്ച രാത്രി ഒമ്പതിന് എം.സി റോഡിൽ ചെങ്ങന്നൂര്‍ ഗവ. ഐ.ടി.ഐ ജങ്ഷന് സമീപത്തെ ആര്യാസ് ഹോട്ടലിന് മുന്നിലാണ് സംഭവം. ഭക്ഷണം കഴിച്ചശേഷം എം.സി റോഡരികിലെ കടയില്‍നിന്ന് സാധനം വാങ്ങുന്നതിനിടയിലാണ് കത്തികൊണ്ട് ആക്രമിച്ചതെന്ന് പറയുന്നു. അശോകിന് നൽകിയിരുന്ന വക്കാലത്ത് ഒഴിഞ്ഞ കക്ഷികൾ രാഹുലിനെ സമീപിച്ചതിനെച്ചൊല്ലിയുള്ള വാക്കുതർക്കമാണ് കത്തിക്കുത്തിൽ കലാശിച്ചത്.
നെഞ്ചിലും വയറ്റിലും ഗുരുതര കുത്തേറ്റ രാഹുലിനെ തിരുവൻവണ്ടൂർ കല്ലിശ്ശേരി കെ.എം. ചെറിയാന്‍ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. രാത്രി തന്നെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി. ചെങ്ങന്നൂർ എസ്.ഐ എം.സി. അഭിലാഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.