ആലുവ എക്സൈസ് പിടികൂടിയ ‘സ്നോ ബാൾ’ ഹെറോയിൻ, പിടിയിലായ അസം സ്വദേശി സ്വദേശി ഇംദാദുൽ ഹക്ക്

'സ്നോ ബാൾ' ഹെറോയിനുമായി യുവാവ്​ പിടിയിൽ; ഡി.ജെ പാർട്ടികളിലെ മുന്തിയ ഇനം

ആലുവ: 'സ്നോ ബാൾ' എന്നറിയപ്പെടുന്ന ഹെറോയിനുമായി അസം സ്വദേശി എക്സൈസിന്‍റെ പിടിയിൽ. അസം സ്വദേശി ഇംദാദുൽ ഹക്ക് (29) ആണ് ആലുവ റേഞ്ച് എക്സൈസ് സംഘത്തിൻറെ പിടിയിലായത്.

ഇയാളുടെ പക്കൽനിന്ന് മൂന്നു ഗ്രാം ഹെറോയിൻ പിടിച്ചെടുത്തു. നഗരത്തിലും പരിസരങ്ങളിലും വൻതോതിൽ മയക്കുമരുന്നുകൾ എത്തിച്ചുകൊടുക്കുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ് ഇയാൾ. ഇടനിലക്കാരുടെ മുൻകൂട്ടിയുള്ള ഓർഡർ പ്രകാരമാണ് ഇയാൾ മയക്കുമരുന്ന് എത്തിച്ച് കൊടുത്തിരുന്നത്.

അസാമിലെ ഗുവഹത്തിയിലുള്ള ലഹരി മാഫിയ സംഘങ്ങളിൽ നിന്നാണ് ഇയാൾ മയക്കുമരുന്ന് കേരളത്തിൽ എത്തിക്കുന്നത്. ഏതാനും മാസങ്ങൾക്ക് മുമ്പ്​ മയക്കുമരുന്നുമായി പിടിയിലായ ബംഗാൾ സ്വദേശിയിൽനിന്ന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് ഇയാൾ ആലുവ റേഞ്ച് എക്സൈസ് സംഘത്തിൻറെ നിരീക്ഷണത്തിലായിരുന്നു.

മയക്കുമരുന്ന് കൈമാറാൻ വേണ്ടി ആലുവ മാറമ്പിള്ളിക്ക് സമീപം നിൽക്കുകയായിരുന്ന ഇയാളെ എക്സൈസ് സംഘം കൈയോടെ പിടികൂടുകയായിരുന്നു. പ്രതിയിൽനിന്ന് മയക്കുമരുന്നുകൾ വാങ്ങുന്ന ഉപഭോക്താക്കളെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുമെന്നും കൂടുതൽ അറസ്‌റ്റ് ഉടൻ ഉണ്ടാകുമെന്നും മയക്കുമരുന്നിന്‍റെ ഉറവിടം സംബന്ധിച്ച് എക്‌സൈസിന്‍റെ സാധ്യമായ എല്ലാ അധികാരങ്ങൾ ഉപയോഗിച്ചും മറ്റ് വകുപ്പുകളുടെ സഹകരണത്തോടെയും ഇതുസംബന്ധിച്ച സമഗ്ര അന്വേഷണം നടത്തുമെന്നും എക്സൈസ് അധികൃതർ അറിയിച്ചു.

ഡി.ജെ പാർട്ടികളിലെ പ്രിയ താരം

ഉപഭോക്താക്കൾക്കിടയിൽ 'സ്നോ ബാൾ'എന്ന ഓമനപ്പേരിൽ അറിയപ്പെടുന്ന മാരകമായ ഹെറോയിന് ആവശ്യക്കാർ ഏറെയാണ്. രണ്ട് മില്ലിഗ്രാം ഹെറോയിന് 3000 രൂപയാണ് ഇംദാദുൽ ഹക്ക് ഇടപാടുകാരിൽനിന്ന് ഇടാക്കുന്നത്. മൈക്രോഗ്രാം മാത്രം ഉപയോഗിച്ചാൽ ഇതിന്‍റെ രാസ ലഹരി മണിക്കൂറുകളോളം നിലനിൽക്കുന്നതിനാൽ നിശാ പാർട്ടികൾക്കും മറ്റും ഇത് വളരെ വ്യാപകമായി ഉപയോഗിക്കപ്പെടുന്നു. ക്ഷീണം, തളർച്ച എന്നിവ കൂടാതെ കൂടുതൽ ഉന്മേഷത്തോടു കൂടി ഡി.ജെ പാർട്ടികളിൽ പങ്കെടുക്കുവാൻ സാധിക്കുന്നു എന്നതാണ് ഇതിന് പ്രിയം ഏറാൻ കാരണം.

എന്നാൽ, ഇതിൻറെ ഉപയോഗക്രമം പാളിയാൽ അമിത രക്തസമ്മർദം മൂലം ഹൃദയാഘാതം സംഭവിക്കാൻ ഇടയുണ്ടെന്നാണ് ഈ മേഖലയിലെ വിദഗ്ധർ പറയുന്നത്. ഇൻസ്പെക്ടർ ആർ. അജിരാജിന്‍റെ നേതൃത്വത്തിൽ പ്രിവൻറീവ് ഓഫിസർ ടി.വി. ജോൺസൻ, ഷാഡോ ടീം അംഗങ്ങളായ എൻ.ഡി. ടോമി, എൻ.ജി. അജിത്കുമാർ, സിവിൽ എക്സൈസ് ഓഫിസർ രജിത്ത് ആർ. നായർ എന്നിവർ ചേർന്നാണ് പ്രതിയെ കസ്‌റ്റഡിയിലെടുത്തത്. 

Tags:    
News Summary - Young man arrested with 'snowball' heroin; Top item at DJ parties

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.