തിരുവനന്തപുരം: റീജനൽ കാൻസർ സെൻററിൽ ലിഫ്റ്റ് തകർന്നുവീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന കൊല്ലം പത്തനാപുരം മുണ്ടയം സ്വദേശി നദീറ (22) മരിച്ചു. മേയ് 15നായിരുന്നു അപകടം. ചികിത്സയിലുള്ള മാതാവിനെ കാണാൻ ആർ.സി.സിയിൽ എത്തിയതായിരുന്നു ഇവർ.
സാങ്കേതിക തകരാർ കാരണം അറ്റകുറ്റപ്പണികൾക്കായി തുറന്നിട്ടിരുന്ന ലിഫ്റ്റിെൻറ ചേംബറിൽ പ്രവേശിച്ച നദീറ താഴേക്ക് വീഴുകയായിരുന്നു. തുടയെല്ലിനും കഴുത്തിനും തലക്കും ഗുരുതരമായി പരിക്കേറ്റ ഇവരെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ന്യൂറോളജി വിഭാഗം തീവ്രപരിചരണ യൂനിറ്റിൽ ചികിത്സയിൽ തുടരവെ വ്യാഴാഴ്ച പുലർച്ചയോടെയാണ് മരിച്ചത്.
ആർ.സി.സിയിൽ അപകട മുന്നറിയിപ്പ് നൽകാതെ അറ്റകുറ്റപ്പണിക്കായി ലിഫ്റ്റ് തുറന്നിട്ടതാണ് അപകടത്തിനിടയാക്കിയത്. അപകടത്തെതുടർന്ന് ആർ.സി.സിയിലെ ഇലക്ട്രിക്കൽ വിഭാഗം ജീവനക്കാരനെ അധികൃതർ ജോലിയിൽനിന്ന് പുറത്താക്കിയിരുന്നു.
ആർ.സി.സി നഷ്ടപരിഹാരം നൽകണമെന്ന് നദീറയുടെ സഹോദരി ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും പരാതി നൽകിയതായി ഇവർ അറിയിച്ചു. സംഭവത്തിൽ വനിത കമീഷൻ ആർ.സി.സി അധികൃതരോട് വിശദീകരണം ആവശ്യപ്പെട്ടു. നദീറയുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകാൻ നിർദേശിച്ചു. മെഡിക്കൽ കോളജ് പൊലീസ് കേസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.