തിരുവനന്തപുരം: വിമാനയാത്രക്കിടെ മുഖ്യമന്ത്രിക്കെതിരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ച സംഭവത്തിൽ മുൻ എം.എൽ.എയും യൂത്ത് കോൺഗ്രസ് സംസ്ഥാന ഉപാധ്യക്ഷനുമായ കെ.എസ്. ശബരീനാഥൻ അറസ്റ്റിൽ. ചോദ്യം ചെയ്യലിന് ശംഖുമുഖം അസി. കമീഷണർ മുമ്പാകെ ഹാജരായതിന് പിന്നാലെയാണ് ശബരീനാഥന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.
അറസ്റ്റ് വിവരം പുറത്തുവിടാതിരുന്ന പൊലീസ്, ശബരീനാഥന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിച്ച തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതിയെ അഭിഭാഷകൻ മുഖേനെ അറിയിക്കുകയായിരുന്നു. വൈദ്യപരിശോധന പൂർത്തിയാക്കി ശബരീനാഥനെ എ.ആർ ക്യാമ്പിലെത്തിച്ചു. ശബരീനാഥനെ ഇന്ന് തന്നെ കോടതിയിൽ ഹാജരാക്കും.
തന്‍റെ അറസ്റ്റ് രേഖപ്പെടുത്തിയത് ഉച്ചക്ക് 12.30ന് ആണെന്ന് കെ.എസ്. ശബരീനാഥൻ മാധ്യമങ്ങളോട് പ്രതികരിച്ചു. രണ്ട് മുദ്രാവാക്യം വിളിച്ചതിനാണ് ഗൂഢാലോചന, വധശ്രമ കുറ്റങ്ങൾ ചുമത്തിയത്. ഇങ്ങനെ കേസെടുക്കാൻ തീവ്രവാദിയൊന്നും അല്ലല്ലോയെന്ന് ചോദിച്ച ശബരീനാഥൻ, മുഖ്യമന്ത്രി ഭീരുവാണെന്നതിന്‍റെ തെളിവാണ് അറസ്റ്റെന്നും കൂട്ടിച്ചേർത്തു.
ശബരിനാഥന്‍റെ മുൻകൂർ ജാമ്യാപേക്ഷയിൽ തീർപ്പാക്കുന്നത് വരെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി ഉത്തരവിട്ടതിന് പിന്നാലെയാണ് സർക്കാർ അഭിഭാഷകൻ അറസ്റ്റ് വിവരം അറിയിച്ചത്. ഇതിന് പിന്നാലെ അറസ്റ്റ് ചെയ്ത സമയം അടക്കമുള്ള രേഖകൾ ഉടൻ ഹാജരാക്കണമെന്ന് കോടതി അഭിഭാഷകനോട് നിർദേശിച്ചു.
വിമാനത്തിൽ പ്രതിഷേധത്തിനു നിർദേശം നൽകിയത് ശബരീനാഥനാണെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ചോദ്യം ചെയ്യൽ. ഇതിന്റെ വാട്സ്ആപ് സ്ക്രീൻ ഷോട്ടുകൾ പൊലീസിന് ലഭിച്ചു. യൂത്ത് കോൺഗ്രസിന്റെ ഔദ്യോഗിക വാട്സ്ആപ് ഗ്രൂപ്പിൽ നിന്നുള്ള വിവരങ്ങളാണ് പുറത്തു പോയത്.
മുഖ്യമന്ത്രി കണ്ണൂർ -തിരുവനന്തപുരം വിമാനത്തിൽ വരുന്നുണ്ടെന്നും രണ്ടു പേർ വിമാനത്തിൽ കയറി കരിങ്കൊടി കാണിച്ചാൽ എന്തായാലും വിമാനത്തിൽ നിന്ന് പുറത്തിറക്കാൻ കഴിയില്ലല്ലോ എന്നുമുള്ള സന്ദേശമാണ് ശബരീനാഥന്റേതായി പ്രചരിക്കുന്നത്. ഈ നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.