രണ്ട് യുവാക്കളെ കാറിടിച്ചു; ഒരാളെ ആശുപത്രിയിൽ കൊണ്ടുപോയി, റോഡരികിൽ കിടന്ന യുവാവ് മരിച്ചു

തുറവൂർ (ആലപ്പുഴ): നിയന്ത്രണം തെറ്റിയ കാറിടിച്ച് ദേശീയപാതയോരത്തുകൂടി ട്രോളി തള്ളി കൊണ്ടുപോയ യുവാവ് മരിച്ചു. മറ്റൊരാൾക്ക് ഗുരുതര പരുക്കേറ്റു. കോടംതുരുത്ത് മഴത്തുള്ളിവീട്ടിൽ പരമേശ്വരന്റെ മകൻ ധനീഷ്(29) ആണ് മരിച്ചത്. കാൽ നടയാത്രികനായ വല്ലേത്തോട് നികർത്തിൽ രഘുവരന്റെ മകൻ രാഘുലി(30)ന് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു. കൈയ്ക്ക് ഒടിവുമുണ്ട്. നെട്ടൂർ ലേക്‌ഷോർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് വൈകീട്ട് മൂന്നോടെ ദേശീയപാതയിൽ കോടംതുരുത്ത് ഗവ. എൽ.പി സ്കൂളിന് മുന്നിലായിരുന്നു അപകടം.

അതേസമയം, ധനീഷിനെ ആശുപത്രിയിൽ എത്തിക്കാൻ വൈകിയതാണ് മരണത്തിന് ഇടയാ​ക്കിയ​തെന്ന് പറയപ്പെടുന്നു. ഇടിയേറ്റ് ഇരുവരും റോഡരികിൽ വീണപ്പോൾ ധനീഷിന് ബോധം നഷ്ടമായിരുന്നു. രാഘുലിന് മാത്രമാണ് അനക്കമുണ്ടായിരുന്നത്. 108 ആംബുലൻസിൽ ഇദ്ദേഹത്തെ ആശേുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീടാണ് പരിക്കേറ്റ് സംഭവസ്ഥലത്ത് തന്നെ കിടന്ന ധനീഷിനും അനക്കമുണ്ടെന്ന് മനസ്സിലായത്. ഉടൻ തുറവൂർ ഗവ.ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.

പാതയോരത്ത് കൂടി ട്രോളി തള്ളി പോകുകയായിരുന്നു മരിച്ച ധനീഷ്. കാർ നിയന്ത്രണം തെറ്റി ധനീഷിനെയും രാഘുലിനെയും ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. സ്കൂട്ടർ യാത്രികയെ രക്ഷിക്കാനുള്ള ശ്രമത്തിൽ കാർ വെട്ടിച്ചതാണ് അപകടത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. ധനീഷിന്റെ മൃതദേഹം തുറവൂർ താലൂക്കാശുപത്രി മോർച്ചറിയിൽ. ധനീഷിന്റെ മാതാവ്: സതി, സഹോദരങ്ങൾ: നിധീഷ്, ബിനീഷ്, നിഷ. കുത്തിയതോട് പൊലീസ് കേസെടുത്തു.

Tags:    
News Summary - Youth killed in road accident

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.