ശ്രീകണ്ഠപുരം: യൂട്യൂബര്‍ ‘തൊപ്പി’ എന്ന മുഹമ്മദ് നിഹാദിനെ ശ്രീകണ്ഠപുരം പൊലീസ് അറസ്റ്റ് ചെയ്തു. മാങ്ങാട്ടെ വീടിന് സമീപംവെച്ചാണ് ശ്രീകണ്ഠപുരം എസ്.എച്ച്.ഒ ഇൻസ്പെക്ടർ രാജേഷ് മാരാങ്കലത്ത് തൊപ്പിയെ പിടികൂടിയത്. ശ്രീകണ്ഠപുരം തുമ്പേനിയിലെ കൊല്ലറക്കല്‍ സജി സേവ്യറിന്റെ പരാതിയിലാണ് അറസ്റ്റ്. കമ്പിവേലി നിർമിച്ചുനല്‍കി ഉപജീവനം കഴിക്കുന്ന സജി സേവ്യറിനെ യൂട്യൂബിലൂടെ അശ്ലീലരീതിയില്‍ നിരന്തരം അവഹേളിച്ചെന്നാണ് കേസ്.
കമ്പിവേലി സ്ഥാപിക്കുന്ന സ്ഥലങ്ങളില്‍ സജി സേവ്യര്‍ തന്റെ ഫോണ്‍ നമ്പര്‍ സഹിതം കമ്പിവേലി നിർമിച്ച് നല്‍കുമെന്ന ബോര്‍ഡ് സ്ഥാപിക്കാറുണ്ട്. മാങ്ങാട് കമ്പിവേലി നിർമിച്ച് നല്‍കിയ സ്ഥലത്ത് സ്ഥാപിച്ച ബോര്‍ഡില്‍നിന്ന് സജി സേവ്യറിന്റെ നമ്പര്‍ ശേഖരിച്ച് മൊബൈല്‍ ഫോണില്‍ വിളിച്ച മുഹമ്മദ് നിഹാദ് വളരെ മോശമായി അശ്ലീലസംഭാഷണം നടത്തി അതിന്റെ വിഡിയോ പകര്‍ത്തി യൂട്യൂബിലൂടെ പ്രചരിപ്പിക്കുകയായിരുന്നു. ഇതിനുപിറകെ തൊപ്പിയുടെ അനുയായികളായ നിരവധിപേര്‍ രാപകല്‍ ഭേദമന്യേ സജി സേവ്യറിനെ വിളിച്ച് അശ്ലീലം പറയാന്‍ തുടങ്ങി. ഇതോടെ സജി സേവ്യറിന്റെ ജീവിതമാര്‍ഗംതന്നെ അവതാളത്തിലായി.
തുടര്‍ന്ന് കഴിഞ്ഞ അഞ്ചിന് സജി സേവ്യര്‍ ശ്രീകണ്ഠപുരം പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. തുടർന്നാണ് തൊപ്പിയെ അറസ്റ്റ് ചെയ്തത്. എ.എസ്.ഐ സി.പി. സജിമോനും തൊപ്പിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.
പൊലീസ് ചോദ്യംചെയ്യലിലും കൂസലില്ലാതെ മുഹമ്മദ് നിഹാദ്. മാങ്ങാട്ടുനിന്ന് പിടികൂടി ശ്രീകണ്ഠപുരം പൊലീസ് സ്റ്റേഷനില്‍ എത്തിച്ച തൊപ്പിയെ എസ്.എച്ച്.ഒ രാജേഷ് മാരാങ്കലത്ത് ഉള്‍പ്പെടെയുള്ളവരാണ് ചോദ്യംചെയ്തത്. ഐ.ടി നിയമത്തെപ്പറ്റിയോ അതിനുള്ള ശിക്ഷയെക്കുറിച്ചോ ഒന്നും തൊപ്പിക്ക് ഒരു ധാരണയുമില്ല. അമേരിക്കയിലെ ഒരു യൂട്യൂബര്‍ ആളുകളെ ഹരംകൊള്ളിക്കുന്ന വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ ആവേശം കൊണ്ടാണ് തൊപ്പിയും ആ വഴിക്ക് നീങ്ങിയതെന്ന് ചോദ്യംചെയ്യലില്‍ വ്യക്തമാക്കി.
ഒരുതവണ അത്തരം വിഷയം യൂട്യൂബിലൂടെ കൈകാര്യം ചെയ്തപ്പോള്‍ അതിന് വന്‍ പിന്തുണയാണ് ലഭിച്ചത്. ഇതോടെ ആളുകളെ കൂടുതല്‍ ഹരംകൊള്ളിക്കുന്ന വിഷയങ്ങള്‍ കൈകാര്യം ചെയ്യാന്‍ തുടങ്ങി. ഇതിന് വന്‍തോതില്‍ ലൈക്ക് കിട്ടിയതോടെ ആ പാതയിലൂടെതന്നെ മുന്നോട്ടുപോവുകയായിരുന്നു.
താൻ ചെയ്യുന്ന വിഡിയോ വഴി മറ്റുള്ളവർക്കുണ്ടാവുന്ന അപമാനവും ദുരിതവും എന്താണെന്ന് ഇയാൾ ആലോചിച്ചില്ല. അതിനാൽ വളരെ മോശമായ വിഡിയോകൾ പ്രചരിപ്പിച്ചുകൊണ്ടേയിരുന്നു. പലയിടത്തും പരാതിയും കേസും വന്നിട്ടും തൊപ്പി ഗൗരവമായെടുത്തില്ല. ഐ.ടി നിയമത്തെപ്പറ്റിയും അതിന് ലഭിക്കുന്ന ശിക്ഷയെപ്പറ്റിയും പൊലീസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിക്കൊടുത്തതോടെ തൊപ്പി അസ്വസ്ഥനായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.