കോവിഡ്കാല പ്രതിസന്ധിയിൽ ഉഴറിവീണ മലയാള സിനിമക്ക് സക്സസ് ഓപറേഷൻ നൽകിയ സിനിമയാണ് ഇൻെവസ്റ്റിഗേഷൻ ത്രില്ലറായ 'ജാവ'. പ്രതാപൻ എന്ന പൊലീസ് ഓഫിസറുടെ വേഷത്തിൽ ജാവയിൽ ഏറെ തിളങ്ങിയത് മലയാളത്തിെൻറ പ്രിയനടൻ ഇർഷാദ് അലിയും. സമാന്തര സിനിമകളുടെ ഇഷ്ടതാരമായ ഇർഷാദ് സിനിമക്കൊപ്പം നടന്നുതുടങ്ങിയിട്ട് 25 വർഷം പിന്നിടുകയാണ്. 'പാർവതി പരിണയത്തി'ലായിരുന്നു തുടക്കം. ഇക്കാലത്തിനിടെ 125ലധികം സിനിമകൾ. ആറ് നായക വേഷങ്ങൾ. കുടുംബ പ്രേക്ഷകരുടെ ഇഷ്ടതാരമായി 50ഓളം സീരിയലുകളിൽ ചെറുതും വലുതുമായ വേഷങ്ങൾ. 2007 ൽ 'മാധവം' എന്ന സീരിയലിലെ അഭിനയത്തിന് സപ്പോർട്ടിങ് ആക്ടറിനുള്ള സ്റ്റേറ്റ് അവാർഡ്. ആ വർഷംതന്നെ ബെസ്റ്റ് ആക്ടറിനുള്ള ഫിലിം ക്രിട്ടിക്സ് അവാർഡ്. വീണ്ടും കുറെ നല്ല സിനിമകളും മികച്ച വേഷങ്ങളുമായി മലയാള സിനിമയിൽ കരിയർ ഗ്രാഫ് ഉയർത്തുകയാണ് ഇർഷാദ് അലി. ജാവ സൂപ്പർ ഹിറ്റായതിെൻറ സന്തോഷവും സിനിമ ജീവിതവും പങ്കുവെക്കുകയാണ് തൃശൂർ കേച്ചേരിയിലുള്ള വീട്ടിലിരുന്ന് ഉമ്മ നഫീസക്കും ഭാര്യ റംസീനക്കും മകൻ അർഷാഖിനുമൊപ്പം ഇർഷാദ് അലി...
ജാവയിലെ പ്രതാപൻ
ജാവയുടെ റിലീസിന് മുമ്പുതന്നെ പല ഇൻറർവ്യൂകളിലും ഞാൻ പറഞ്ഞിരുന്നു കോവിഡിനുശേഷം ആളുകളെ തിയറ്ററിൽ എത്തിച്ച സിനിമയായി 'ഓപ്പറേഷൻ ജാവ' മലയാള സിനിമാ ചരിത്രത്തിൽ രേഖപ്പെടുത്തുമെന്ന്. തരുൺ മൂർത്തി എന്ന സംവിധായകനിലും എഴുത്തുകാരനിലും ജാവയിലുമുള്ള വിശ്വാസം കൊണ്ടാണ് അങ്ങനെ പറഞ്ഞത്.
റിലീസിങ്ങിന് കുറെ തിയറ്ററുകൾ ലഭിച്ചതും ആളുകൾ സിനിമ കാണാൻ എത്തിയതും ഭാഗ്യമായി കരുതുന്നു. ജാവയിലെ പ്രതാപൻ വളരെ സോഫ്റ്റായ പൊലീസ് ഓഫിസറാണ്. ഒരിക്കലും പൊട്ടിത്തെറിക്കാത്ത, സഹപ്രവർത്തകരോട് വളരെ സ്നേഹത്തിൽ ഇടപെടുന്ന ഒരാൾ. പല പൊലീസ് വേഷങ്ങൾ ചെയ്തിട്ടുണ്ടെങ്കിലും അതിൽനിന്നെല്ലാം വളരെ വ്യത്യസ്തനായ പൊലീസ് ഓഫിസർ. തരുൺ എഴുതിവെച്ച കഥാപാത്രത്തിനോട് നൂറു ശതമാനം നീതിപുലർത്താൻ കഴിെഞ്ഞന്നാണ് വിശ്വാസം.
25 വർഷങ്ങൾ
ഇർഷാദ് സിനിമക്കൊപ്പം നടന്നുതുടങ്ങിയിട്ട് 25 വർഷം പിന്നിടുന്നു. തിരിഞ്ഞുനോക്കുമ്പോൾ പിന്നിൽ ഉയർച്ചതാഴ്ചകൾ നിറഞ്ഞ ഒറ്റയടിപ്പാത നീണ്ടുകിടക്കുന്നു. അതിെൻറ അേങ്ങയറ്റത്ത് മദ്രാസിൽനിന്ന് അവധിക്കെത്തുന്ന അമ്മാവെൻറ ഫോട്ടോ ശേഖരത്തിൽ നസീറിനൊപ്പമുള്ള ഫോട്ടോകൾ കണ്ട് അത്ഭുതപ്പെട്ട കുട്ടിയുണ്ട്. ആ അത്ഭുതം അഭിനയമോഹമായി വളർന്ന നാളുകൾ. നാട്ടിൻപുറത്തെ സാധാരണ യാഥാസ്ഥിതിക കുടുംബത്തിൽനിന്ന് മറ്റ് സുഹൃത്തുക്കളെപ്പോലെതന്നെ ഗൾഫിലേക്ക് ചേക്കേറേണ്ടിയിരുന്ന യൗവനം. ആ യൗവനത്തെ ഇവിടെ പിടിച്ചുനിർത്തിയത് അടങ്ങാത്ത അഭിനയമോഹമായിരുന്നു.
''സിനിമയിൽ എത്തിയിട്ട് 25 വർഷമായെന്നത് വളരെ സന്തോഷം നൽകുന്ന കാര്യമാണ്. ജീവിതത്തിൽ കണക്കെടുപ്പുകൾ ഒന്നും ഇല്ലാത്ത വ്യക്തിയാണ്. ഈ കലകൊണ്ടാണ് ഇത്രയും നാൾ ജീവിച്ചത്. ഇനിയുമങ്ങനെ ജീവിക്കണം എന്നാണ് ആഗ്രഹം. ഇതിനിടയിൽ ഒരുപാട് നല്ല വേഷങ്ങൾ ചെയ്യാൻ സാധിച്ചിട്ടുണ്ട്. മലയാള സിനിമയുടെ ചരിത്രം അടയാളപ്പെടുത്തുമ്പോൾ എവിടെയെങ്കിലും ഇർഷാദ് എന്ന പേര് പരാമർശിക്കാതെ പോകില്ല എന്ന സന്തോഷമുണ്ട്. സിനിമയെ സ്നേഹിക്കുന്നവരുടെ ഇടയിൽ തീർച്ചയായും എന്നിലെ നടന് ഒരു സ്ഥാനം ഉണ്ടാകുമെന്നാണ് വിശ്വാസം''.
തുടക്കം നാടക സമിതികളിൽ ആയിരുന്നു. പക്ഷേ, നാട്ടിൻപുറത്തെ മുസ്ലിം യാഥാസ്ഥിതിക കുടുംബത്തിൽനിന്ന് എത്തിപ്പിടിക്കാൻ പറ്റാത്തത്ര ദൂരത്തിലായിരുന്നു സിനിമ. എന്നിട്ടും സിനിമയിലെത്തി ഗോഡ് ഫാദർ ഇല്ലാതെ. തീവ്രമായ ആഗ്രഹം ഒടുവിൽ ലക്ഷ്യം കാണുകയായിരുന്നു.
പൊലീസ് വേഷങ്ങളിലേക്ക്
'മെമ്മറീസ്' സിനിമയുടെ സെറ്റിൽെവച്ച് ജീത്തു ചോദിച്ചു. ഇർഷാദിന് ഏതു വേഷം ചെയ്യണമെന്നാണ് ഏറ്റവും കൂടുതൽ ആഗ്രഹം? നല്ല പൊലീസ് വേഷം ചെയ്താൽ കൊള്ളാമെന്നുണ്ട് എന്ന ആഗ്രഹം ഞാൻ പറഞ്ഞു. അങ്ങനെയാണ് 'ദൃശ്യം' എന്ന സിനിമയിൽ എസ്.ഐ ആയി വിളിക്കുന്നത്. അത് ചെയ്തുകഴിഞ്ഞപ്പോൾ പലരും പറഞ്ഞു പൊലീസ് വേഷം നന്നായി മാച്ച് ആകുന്നുണ്ടെന്ന്. പിന്നീട് ചെറുതും വലുതുമായ നിരവധി പൊലീസ് വേഷങ്ങൾ തേടിയെത്തി.
പൊലീസ് വേഷങ്ങളുടെ ആവർത്തന വിരസത എന്നെ മടുപ്പിക്കുന്നുണ്ട്. ഒന്നു മാറ്റിപ്പിടിച്ചാൽ നന്നായിരിക്കും എന്ന തോന്നലുണ്ട്. ഓരോ സ്ക്രിപ്റ്റ് റൈറ്റേഴ്സിേൻറതും വ്യത്യസ്ത രീതിയിലുള്ള പൊലീസുകാരാണ്. ദൃശ്യത്തിലെ പൊലീസ് അല്ല 'അനുരാഗകരിക്കിൻ വെള്ള'ത്തിലേത്. യൂനിഫോം വേണ്ട എന്നതായിരുന്നു ജാവയിലെ പൊലീസ് വേഷം ചെയ്തപ്പോൾ ഉണ്ടായ സന്തോഷം.
കോമഡിയും സീരിയസ് റോളും ഒരുമിച്ച്
എല്ലാ കാര്യങ്ങളിലും ഫൺ കണ്ടെത്തുന്ന സമൂഹമാണ് നമ്മുടേത്. വില്ലൻ വേഷം ചെയ്തതിെനക്കാൾ നൂറിരട്ടി റീച്ച് ഒരു കോമഡി കഥാപാത്രം ചെയ്യുമ്പോൾ മലയാളി പ്രേക്ഷകർക്കിടയിൽ കിട്ടും. അനുരാഗ കരിക്കിൻ വെള്ളത്തിൽ നാല് സീൻ മാത്രമേ ഉള്ളൂ. 'തണ്ണീർമത്തൻ ദിനങ്ങളി'ലും വളരെ കുറച്ച് സീൻ മാത്രം. പക്ഷേ, ആ കാരക്ടറിലൊക്കെ ഒരു ഫൺ എലമെൻറ് ഉള്ളതുകൊണ്ട് അതിന് ആളുകൾക്കിടയിലെ സ്വീകാര്യത കൂട്ടുന്നുണ്ട്. ഒരു നെടുനീളൻ വില്ലൻ വേഷത്തെക്കാൾ പ്രേക്ഷകർക്കിഷ്ടം രണ്ടോ മൂന്നോ സീനിലെ കോമഡി വേഷമാകും. അതുകൊണ്ടുതന്നെ കോമഡി ചെയ്യാൻ ഇഷ്ടമാണ്. സ്ഥിരമായി കോമഡി ചെയ്യുക എന്നല്ല. ഡിഫറൻറ് ആയ കഥാപാത്രങ്ങൾ ചെയ്യണം. എന്നാൽ കഴിഞ്ഞ വർഷം ചെയ്ത പ്രിയനന്ദനെൻറ 'സൈലൻസർ' എന്ന സിനിമയിൽ സീരിയസ് കാരക്ടർ ആയിരുന്നു. വ്യത്യസ്തത ഉണ്ടാക്കാനാണ് ശ്രമിക്കുന്നത്.
പാഠം ഒന്നിൽനിന്ന് സീരിയലിലേക്ക്
'പാഠം ഒന്ന് ഒരു വിലാപ'ത്തിൽ അഭിനയിച്ചു കഴിഞ്ഞപ്പോൾ ഞാൻ കരുതി എനിക്ക് ഇനി അവസരങ്ങളുടെ കുത്തൊഴുക്കാണെന്ന്. കാരണം ഞാൻ പാഠം ഒന്നിലെ നായകനല്ലേ, മീരാജാസ്മിെൻറ നായകനല്ലേ. പക്ഷേ, ഒറ്റ സിനിമപോലും തേടിവന്നില്ല. ഒരു വർഷത്തോളം ഒരു പണിയുമില്ലാതെ വീട്ടിലിരുന്നു. അങ്ങനെ തൃശൂർ വന്നപ്പോൾ ചന്ദ്രേട്ടൻ പറഞ്ഞു, സീരിയൽ രംഗം വളരെ സജീവമാണിപ്പോഴെന്ന്. വല്ലപ്പോഴും എടുക്കുന്ന സിനിമയും കാത്ത് ഇരിക്കാതെ സീരിയലിൽ ശ്രമിക്കാൻ പറഞ്ഞു. അന്ന് വൈകീട്ട് എന്നെ തേടി തിരുവനന്തപുരത്തുനിന്ന് സീരിയലിൽനിന്ന് ഫോൺ വന്നു. അങ്ങനെ സിനിമ വിട്ട് സീരിയൽ രംഗത്ത് സജീവമായി ആറു വർഷം. ആദ്യ സീരിയൽ സണ്ണി ജോസഫ് സംവിധാനം ചെയ്ത 'നിനവുകൾ നോവുകൾ' ആണ്. 50 ഓളം സീരിയലുകളിൽ ചെറുതും വലുതുമായ വേഷങ്ങൾ. 'ജ്വാല', 'എം.ടി കഥകൾ', 'ഉണ്ണിയാർച്ച', 'സ്വാമി അയ്യപ്പൻ', 'രാധാമാധവം', 'കുഞ്ഞാലി മരയ്ക്കാർ', 'മിഴിതുറക്കുമ്പോൾ' തുടങ്ങി ജനപ്രിയ സീരിയലുകളുടെ നിര നീളും. പലരും പറയാറുള്ളതുപോലെ സീരിയൽ എെൻറ ചോറാണ്. സിനിമ എെൻറ ചോരയും. ഇതിനിടയിൽ സുഹൃത്തുക്കളായ പല സംവിധായകരും സീരിയലിൽ അഭിനയിച്ച് ജീവിതം കളയാതെ സിനിമയിലേക്ക് തിരിച്ചുപോകാൻ ഉപദേശിച്ചു. അങ്ങനെയിരിക്കെയാണ് 'ഭക്തജനങ്ങളുടെ ശ്രദ്ധയ്ക്ക്' എന്ന സിനിമയിൽ നായകനായി വിളിക്കുന്നത്. അതോടെ സിനിമയിൽ വീണ്ടും സജീവമായി.
മികച്ച കഥാപാത്രങ്ങൾക്കായി കാത്തിരിക്കുന്നു
ഇഷ്ടമുള്ളതും അല്ലാത്തതുമായ ഒത്തിരി കഥാപാത്രങ്ങൾ ചെയ്തിട്ടുണ്ട്. സിനിമ തൊഴിലും കൂടിയാണ്. കല എന്നതിനപ്പുറം ജീവിതമാർഗംകൂടിയാണ്. തീവ്രമായ സെലക്ടിവ് ആയ ഒരു നടനൊന്നുമല്ല ഇതുവരെ. എന്നാലും, എെൻറ ചില താൽപര്യങ്ങൾക്കും വിശ്വാസങ്ങൾക്കും എതിരായ ചില വേഷങ്ങൾ വേണ്ടെന്നുവെച്ചിട്ടുമുണ്ട്.
എന്നെ തൃപ്തിപ്പെടുത്തിയ ഒരുപാട് വേഷങ്ങളുണ്ട്. ആദ്യം പറയാവുന്നത് 'പാഠം ഒന്ന് ഒരു വിലാപത്തിലെ' റസാഖിേൻറതാണ്. പിന്നെ 'ഭക്തജനങ്ങളുടെ ശ്രദ്ധയ്ക്ക്' സിനിമയിലെ വിശ്വനാഥൻ. ടേണിങ് പോയൻറായ സിനിമകളാണ് 'പുള്ളിപ്പുലികളും ആട്ടിൻകുട്ടിയും,' 'ദൃശ്യം' തുടങ്ങിയ സിനിമകൾ. ഹ്യൂമറും വഴങ്ങും എന്ന് തെളിയിച്ചതാണ് പുള്ളിപ്പുലിയും ആട്ടിൻകുട്ടിയിലെയും ചക്ക മണിയൻ എന്ന കഥാപാത്രം. 'അനുരാഗ കരിക്കിൻ വെള്ള'ത്തിലെ പൊലീസ് ഇർഫാൻ ഖാനും 'ജാവ'യിലെ പ്രതാപനും വളരെ സംതൃപ്തി നൽകിയവയാണ്.
ഈയിടെ ചെയ്ത 'ആണ്ടാൾ' എന്ന സിനിമയിലെ ഇരുളപ്പൻ എന്ന കഥാപാത്രവും വളരെ ഇഷ്ടപ്പെട്ടതാണ്. എന്നെ തൃപ്തിപ്പെടുത്തുന്ന കഥാപാത്രങ്ങൾ വരാനിരിക്കുന്നതേയുള്ളൂ എന്നാണ് എെൻറ വിശ്വാസം. സിനിമകൾ ചെയ്തുകൊണ്ടിരിക്കുമ്പോഴാണ് ആഴത്തെക്കുറിച്ച് മനസ്സിലാകുന്നത്. മുമ്പ് ചെയ്തതൊക്കെ കുറച്ചുകൂടി മെച്ചമാക്കാമല്ലോ എന്ന തിരിച്ചറിവ് ഉണ്ടാകും. അപ്പോൾ കുറച്ചുകൂടി നന്നായി ചെയ്യാൻ സാധിക്കും.
നായകനായ 'ആണ്ടാൾ' സിനിമ പൂർത്തിയാക്കിയിട്ടുണ്ട്. വ്യത്യസ്തമായ കാരക്ടർ ഉള്ള മറ്റൊരു സിനിമയും ചെയ്തുെവച്ചിട്ടുണ്ട്. ഇപ്പോൾ ഫഹദ് നായകനാകുന്ന 'മലയൻകുഞ്ഞ്' എന്ന സിനിമയുടെ തിരക്കിലാണ്. രണ്ട് വ്യത്യസ്തമായ കാരക്ടർ വരാനിരിക്കുന്നു. അതുകൂടി വരുന്നതോടെ കരിയറിൽ ഒരു ചെയ്ഞ്ച് ഉണ്ടാകുമെന്ന് കരുതുന്നു.
ഇഷ്ടം ഫഹദിനോടും മഞ്ജുവിനോടും
ആരോടാണ് ഇഷ്ടം? എന്ന് ചിന്തിക്കുമ്പോൾ കെ.ജി. ശങ്കരപ്പിള്ളയുടെ കവിതയാണ് ഓർമ വരുന്നത്.
'ഏറ്റവും കൂടുതൽ ഇഷ്ടം ആരോടാണ്?
എന്നോട് തന്നെ.
അത് കഴിഞ്ഞാൽ?
അത് കഴിയില്ലല്ലോ.'
മമ്മൂട്ടി, മോഹൻലാൽ എന്നീ ലെജൻഡുകളെ എല്ലാക്കാലവും എല്ലാവർക്കും ഇഷ്ടമാണ്. അവരെ തള്ളിപ്പറയാൻ ആർക്കുമാവില്ലല്ലോ. പുതുതലമുറയിൽ ഏറ്റവും കൂടുതൽ ഇഷ്ടം ആരോടാണെന്ന് ചോദിച്ചാൽ അത് ഒരു പക്ഷേ, ഫഹദിനോട് ആയിരിക്കാം. മലയാളത്തിലെ ഇഷ്ടനടി ആരെന്ന ചോദ്യത്തിന് ഒരു ഉത്തരമേയുള്ളൂ മഞ്ജുവാര്യർ. പാർവതി ഉൾപ്പെടെയുള്ള മറ്റു നടിമാരൊക്കെ മികച്ചതുതന്നെയാണ്. പക്ഷേ, ഫേവറേറ്റ് മഞ്ജുവാണെന്ന് മാത്രം.
വായനയും എഴുത്തും
വായനയെ കുറിച്ചുള്ള ഓർമകൾക്ക് നോമ്പുകാലത്തിെൻറ വിശുദ്ധിയുണ്ട്. വായന തുടങ്ങുന്നത് നോമ്പുകാലത്താണ്. സ്കൂൾ വിട്ടുവന്നശേഷം ലൈബ്രറിയിൽ പോകും. അല്ലെങ്കിൽ, വീട്ടിലെ ചെറിയ ലൈബ്രറിയിൽനിന്ന് പുസ്തകം എടുത്ത് വായിക്കും. നോമ്പുതുറക്കുന്നതുവരെ കളിക്കാൻ പോകണ്ട, ക്ഷീണിക്കണ്ട എന്നാണ് വീട്ടിൽനിന്നുള്ള നിർദേശം.
ചെറുപ്പകാലത്ത് തറവാട്ടിലുള്ളവരും നാട്ടിലുള്ള കുറച്ചുപേരും ചേർന്ന് ഒരു കൈയെഴുത്ത് മാസിക നടത്തിയിരുന്നു- 'സാന്ധ്യതാരകം'. സഹോദരനായ സാദിഖിെൻറ മേൽനോട്ടത്തിലായിരുന്നു അത്. അമ്മാവൻമാരുടെയും ചേട്ടൻമാരുടെയും എെൻറയും കഥകളും കവിതകളും ലേഖനങ്ങളുമാണ് അതിലുണ്ടാവുക. മറ്റൊരു സഹോദരനായ നാസർ അത്യാവശ്യം ചിത്രങ്ങൾ വരച്ച് ലേ ഔട്ട് ചെയ്യും. എല്ലാവരും ചേർന്ന് നല്ല കൈയക്ഷരത്തിൽ എഴുതി തയാറാക്കും. ബൈൻഡ് ചെയ്ത് എല്ലാവർക്കും വായിക്കാൻ കൊടുക്കും. രസകരമായ ഓർമകളാണതെല്ലാം.
വായനയെ കുറെക്കൂടി തിരിച്ചുപിടിക്കണം എന്നാണ് ആഗ്രഹം. ലോക്ഡൗൺ കാലത്ത് വായിച്ച രാജശ്രീയുടെ 'കല്യാണിയെന്നും ദാക്ഷായണിയെന്നും പേരായ രണ്ട് സ്ത്രീകളുടെ കത' ഏറെ രസകരമായി തോന്നിയ നോവലാണ്. സുഭാഷ്ചന്ദ്രെൻറ 'സമുദ്രശിലയും' ഇക്കാലത്ത് വായിച്ചു. ടി.ഡി. രാമകൃഷ്ണെൻറ 'സുഗന്ധി എന്ന ആണ്ടാൾ ദേവനായകി' അടുത്ത കാലത്ത് വായിച്ച നോവലുകളിൽ ഏറ്റവും ഇഷ്ടപ്പെട്ടതാണ്. പുതിയ തലമുറയിലെ എഴുത്തുകാരിൽ ഏറ്റവും ഇഷ്ടം എസ്. ഹരീഷിെൻറ കഥകളോടാണ്. സന്തോഷ് ഏച്ചിക്കാനം, പി. സന്തോഷ് കുമാർ എന്നിവരുടെ കഥകളോടും അടുപ്പം കൂടുതലുണ്ട്.
എെൻറ സാഹിത്യസൃഷ്ടികൾ കവിതകളിൽ ഒതുങ്ങുന്നു. മുമ്പ് വിവിധ മാസികകളിൽ കവിതകൾ പ്രസിദ്ധീകരിച്ചുവന്നിട്ടുണ്ട്. കവിസുഹൃത്തുക്കളിൽ കാർന്നോരായ കെ.ജി. ശങ്കരപ്പിള്ള എഴുതാത്തതിെൻറ പേരിൽ എപ്പോഴും ചീത്തപറയും. ലഭിച്ച കഴിവ് ഉപയോഗിക്കാതെ നഷ്ടപ്പെടുത്തിക്കളയുന്നു എന്ന് പറഞ്ഞ് കവി ശൈലനും ശാസിക്കാറുണ്ട്. പിന്നെ ലോക്ഡൗൺ കാലത്ത് ഫേസ്ബുക്കിൽ കവിത അവതരിപ്പിച്ചിരുന്നപ്പോഴും പല കവികളും എഴുതാൻ പ്രേരിപ്പിച്ചിരുന്നു. സ്ഥായിയായ മടിയാണ് തടസ്സം. പിന്നെ എെൻറ ഫോക്കസും ഇതല്ലല്ലോ.
ഉമ്മയുടെ പ്രാർഥന
ഒമ്പതാം ക്ലാസിൽ പഠിക്കുമ്പോഴാണ് ഉപ്പയുടെ മരണം. അബ്ദു എന്നായിരുന്നു ഉപ്പയുടെ പേര്. അതോടെ ജീവിതം അനിശ്ചിതത്വത്തിലായി. ഉമ്മ നഫീസ വളരെ യാഥാസ്ഥിതികമായ മുസ്ലിം കുടുംബത്തിലെ ഒരാളാണ്. ടി.വിയിൽ സിനിമ കണ്ടിട്ടുണ്ടാവാം. ഉമ്മയുടെ പ്രാർഥനകളിൽപോലും എെൻറ സിനിമകൾ ഉണ്ടാവില്ല. അവൻ ആഗ്രഹിക്കുന്നവഴിയിൽ അവനെ വിജയിപ്പിച്ചുകൊടുക്കണേ എന്നാകും ഉമ്മയുടെ പ്രാർഥന.
സിനിമയിലേക്കുള്ള വരവിന് കുടുംബത്തിൽനിന്ന് പ്രോത്സാഹനം എന്നു പറയാനാവില്ല. ആരും എതിർത്തില്ല എന്ന് മാത്രം. സപ്പോർട്ട് ചെയ്യാനും മാത്രം ആർക്കും സാമ്പത്തികമായ അവസ്ഥയും ഉണ്ടായിരുന്നില്ല. ഞാൻ വഴി തെരഞ്ഞെടുക്കുകയും ഒറ്റയാൾ പോരാട്ടം നടത്തുകയുമായിരുന്നു.
വൈഫ് റംസീന ബാങ്ക് ജീവനക്കാരിയാണ്. മകൻ അർഷാഖ് പ്ലസ് ടുവിന് പഠിക്കുന്നു. സൈലൻസറിലും ആസിഫ് അലിയുടെ സിനിമയിലും ചെറിയ വേഷങ്ങൾ ചെയ്തിട്ടുണ്ട്. ഫോട്ടോഗ്രഫിയും വിഷ്വൽ മീഡിയയുമാണ് അവന് താൽപര്യം. പ്രിയനും ഞാനും ഒരേ തോണിയിൽ...
സംവിധായകൻ പ്രിയനന്ദനനും ഞാനും ഒരുമിച്ച് സിനിമയിൽ വന്നവരാണ്. എെൻറ നാടകകാല സുഹൃത്താണ്. എെൻറ സിനിമയുടെ നീളമുണ്ട് പ്രിയനുമായുള്ള സൗഹൃദത്തിന്. നിരന്തരം സിനിമയും ജീവിതവുമെല്ലാം ചർച്ച ചെയ്യുന്ന അടുത്ത സുഹൃത്താണ് പ്രിയൻ. ഞങ്ങൾ ഒരേ തോണിയിൽ സഞ്ചരിച്ചിരുന്നവർ ആണ്. 'കാക്കാലൻ' നാടകം ചെയ്യുന്ന കാലത്താണ് പ്രിയനെ പരിചയപ്പെടുന്നത്. അന്ന് പ്രിയൻ 'സങ്കരൻ' എന്ന നാടകം ചെയ്യുന്ന കാലമാണ്. അതിൽ അഭിനയിക്കാൻ എന്നെ ക്ഷണിച്ചതാണ്. കാക്കാലൻ നാടകത്തിൽ കമിറ്റ് ചെയ്തിരുന്നതുകൊണ്ട് സങ്കരനിലേക്ക് പോയില്ല. അതിൽ അഭിനയിച്ചിരുന്നെങ്കിൽ എെൻറ നാടകാഭിനയ ജീവിതത്തിെൻറ ഗതി വേറൊന്നാകുമായിരുന്നു. കാരണം കാക്കാലൻ ഒരു വേദിയിൽ അവസാനിച്ചപ്പോൾ സങ്കരന് കേരളമാകെ വേദികൾ ലഭിച്ചു.
നാടകത്തിൽ അഭിനയിക്കാൻ കൊതി
ഈയിടെ തൃശൂർ വല്ലച്ചിറക്കടുത്ത് ഒരു ഗ്രാമത്തിൽ നാടകം കാണാൻപോയി. അവിടെ ശശിധരൻ നടുവിൽ സുഹൃത്തുക്കളുമൊത്ത് ഒരു നാടക ദ്വീപ് ഒരുക്കിയിട്ടുണ്ട്. ഒരു ഗ്രാമം നാടകത്തെ ഇത്രമേൽ സ്നേഹിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന കാഴ്ച അത്ഭുതപ്പെടുത്തി. ഈ കോവിഡ് കാലത്തുപോലും വലിയൊരു ജനക്കൂട്ടം ടിക്കറ്റ് എടുത്ത് നാടകത്തിന് എത്തിയിരുന്നു. ഇപ്പോൾ നാടകത്തെ ഇഷ്ടപ്പെടുന്നവരുടെ എണ്ണം കൂടിയിട്ടുണ്ട്. നാടകത്തിന് ചെലവാക്കുന്ന തുക വർധിച്ചിട്ടുണ്ട്. ഒരു പുതിയ നാടകസംസ്കാരം വളർന്നുവരുന്നുണ്ട്. നല്ല ഒരു സ്ക്രിപ്റ്റും നല്ല സംവിധായകനും നല്ല ഗ്രൂപ്പും സാഹചര്യങ്ങളും ഒത്തുവരുകയാണെങ്കിൽ നാടകം ചെയ്യണമെന്നുണ്ട്.
ലോക്ഡൗൺകാല കവിതകൾ
കവിത ഇഷ്ടമാണ്. വല്ലപ്പോഴും മറ്റുള്ളവരുടെ കവിതകൾ ചൊല്ലി ഫേസ്ബുക്കിലിടുന്ന ശീലം ഉണ്ടായിരുന്നു. ലോക്ഡൗൺ സമയത്ത് ദിവസവും ഓരോ കവിതകൾ ചൊല്ലി ഫേസ്ബുക്കിലിട്ടാലോ എന്ന ആശയം സുഹൃത്തുക്കളുമായി പങ്കുവെച്ചു. നല്ല പ്രോത്സാഹനമാണ് ലഭിച്ചത്. അങ്ങനെ കവിതകൾ തിരഞ്ഞുപിടിച്ച് അവതരിപ്പിച്ച് ദിവസവും ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്യുന്നതിലായി ശ്രദ്ധ. ലോക്ഡൗൺ കാലം കഴിഞ്ഞതുപോലും അറിഞ്ഞില്ല. ഒട്ടേറെ കവിസുഹൃത്തുക്കളെ അക്കാലത്ത് ലഭിച്ചു. അമ്പതിലധികം കവിതകൾ ആ സമയത്ത് പോസ്റ്റ് ചെയ്തിട്ടുണ്ട്.
●
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.