ഒത്തുചേരലിന്റെയും പങ്കുവെക്കലിന്റെയും പാഠങ്ങളുമായി പുതിയേടത്ത് വീട്ടിൽ അവർ ഓരോ പെരുന്നാളും ആഘോഷിച്ചു. ആഡംബരമായ ആഘോഷങ്ങൾ അല്ലെങ്കിലും അത്തറിന്റെയും പുത്തനുടുപ്പിന്റെയും സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും നറുമണപ്പൂക്കൾ കുടുംബത്തിൽ നിറഞ്ഞുനിന്നു
ഇതൊരു മുത്തശ്ശിക്കഥയാണ്. കോഴിക്കോട് മായനാട് പുതിയേടത്ത് തറവാട്ടിലെ ഒരു മുതുമുത്തശ്ശിയുടെ കഥ. 12 മക്കളും 36 പേരക്കുട്ടികളും പേരക്കുട്ടികളുടെ മക്കളും അവരുടെ മക്കളുമായി അഞ്ചാം തലമുറക്കൊപ്പം എന്നും പെരുന്നാളായി ജീവിക്കുന്ന 94കാരിയുടെ കഥ.
ഈ കഥ തുടങ്ങുന്നത് കാരന്തൂരിലാണ്. കാരന്തൂർ സ്വദേശിയായ സെയ്ദിന്റെയും അസ്മയുടെയും മൂന്ന് പെൺമക്കളിൽ രണ്ടാമത്തെ മകളായിട്ടാണ് ആയിഷ ജനിച്ചത്. 16ാം വയസ്സിൽ എൽ.പി സ്കൂൾ അധ്യാപകനായ യൂസുഫിന്റെ കൈപിടിച്ച് മായനാട് പുതിയേടത്ത് വീട്ടിലെത്തി. ആ ദാമ്പത്യത്തിൽ 18ാം വയസ്സിൽ ആയിഷ കടിഞ്ഞൂൽ പെൺമണിക്ക് ജന്മമേകി. പിന്നീട് എട്ടു പെൺകുട്ടികൾ കൂടി ജനിച്ചു. ഒമ്പതു പെൺകുട്ടികൾക്കുശേഷമാണ് ഒരാൺ തരിയെന്ന ആഗ്രഹം സഫലമായത്. പത്താമത്തെ മകനുശേഷം വീണ്ടും രണ്ടാൺകുട്ടികളെക്കൂടി പ്രസവിച്ചു. അങ്ങനെ 12 മക്കളുടെ ഉമ്മയായി. സൈനബ, ഫാത്തിമത്ത് സുഹറ, കദീജ, അസ്മ, റുഖിയ, ജമീല, സുബൈദ, സക്കീന, നദീറ, മുനീർ, മുജീബ്, റഫീഖ് എന്നിങ്ങനെ മക്കൾക്ക് പേരുമിട്ടു.
മക്കളാൽ സമ്പന്നമായിരുന്നെങ്കിലും യൂസുഫിനും ആയിഷക്കും ജീവിതം അത്ര സമ്പന്നമായിരുന്നില്ല. ജോലിയിൽനിന്ന് കിട്ടുന്ന കുറഞ്ഞ മാസവരുമാനം മാത്രമായിരുന്നു ജീവിതം പച്ചപിടിപ്പിച്ചിരുന്നത്. വീട്ടിൽ എന്നും പെരുന്നാൾ പോലെ ആളും ആഘോഷവുമായിരുന്നെങ്കിലും അടുക്കളയിൽ ഓരോ ദിവസവും തള്ളിനീക്കാൻ ആയിഷ പ്രയാസപ്പെട്ടിരുന്നു. മക്കളുടെ ഇഷ്ടങ്ങൾക്കനുസരിച്ച് ഓരോന്നും തയാറാക്കുക എന്നത് വലിയ ഉത്തരവാദിത്തമായി. ആത്മവിശ്വാസവും ആത്മസമർപ്പണവും കഠിനാധ്വാനവും വഴി ദമ്പതികൾ എല്ലാ പ്രതിസന്ധികളെയും അതിജീവിച്ചു. വെള്ളവസ്ത്രം മാത്രം ധരിക്കുന്ന ആയിഷക്ക് രാവിലത്തെ പത്രവായനയും അഞ്ചുനേരമുള്ള നമസ്കാരവും ജീവിത സപര്യപോലെ ഒഴിച്ചു കൂടാനാവാത്ത കാര്യങ്ങളായിരുന്നു. ഒത്തുചേരലിന്റെയും പങ്കുവെക്കലിന്റെയും പാഠങ്ങളുമായി പുതിയേടത്ത് വീട്ടിൽ അവർ ഓരോ പെരുന്നാളും ആഘോഷിച്ചു. ആഡംബരമായ ആഘോഷങ്ങൾ അല്ലെങ്കിലും അത്തറിന്റെയും പുത്തനുടുപ്പിന്റെയും സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും നറുമണപ്പൂക്കൾ കുടുംബത്തിൽ നിറഞ്ഞുനിന്നു. കൂട്ടുകുടുംബത്തിന്റെ മഹിമ സഹോദരങ്ങൾക്കിടയിൽ തെളിമയേകി. ഓരോ പെരുന്നാൾ വരുമ്പോഴും യൂസുഫ് മാഷ് കോഴിക്കോട് ടൗണിലേക്ക് വണ്ടികയറും. എല്ലാവർക്കും ഒരു പോലത്തെ മീറ്റർ കണക്കിന് തുണിയുമായി എത്തും. തയ്യൽ അറിയുന്ന മൂത്ത പെൺകുട്ടികൾ അതെല്ലാം ഒരോരുത്തരുടെയും ഇഷ്ടാനുസരണം തയ്ച്ചെടുക്കും. പെരുന്നാളിന്റെ അന്ന് യൂനിഫോമിട്ട പോലെ എല്ലാവരും ഉടുത്തൊരുങ്ങും. പെരുന്നാൾ തലേന്ന് മൈലാഞ്ചിയിടലും ഒരുക്കങ്ങളുമായി ആഘോഷം തന്നെയായിരിക്കും.
പെൺമക്കൾ വിവാഹ പ്രായമെത്തിയതോടെ ഓരോരുത്തരെയായി അനുയോജ്യരായവർക്ക് കൈപിടിച്ചു കൊടുത്തു. അവർക്കും മക്കളായി. അതിനിടെ, കോട്ടപ്പറമ്പ് യു.പി സ്കൂളിൽ നിന്ന് വിരമിച്ച വർഷംതന്നെ യൂസുഫ് മരിച്ചു. പിന്നീട് ജീവിതത്തോടുള്ള ഒറ്റയാൾ പോരാട്ടമായിരുന്നു ആയിഷക്ക്. എല്ലാ പ്രതിസന്ധികളും അതിജീവിച്ചു മുന്നോട്ടു നീങ്ങി. കഷ്ടപ്പാടിനിടയിലും എല്ലാ പെൺമക്കളെയും വിവാഹം കഴിച്ചയച്ചു. മക്കൾക്കെല്ലാം മക്കളായി. അഞ്ചാം തലമുറയിലെ മൂന്നുവയസ്സുകാരിയെ വരെ താലോലിക്കാനുള്ള ഭാഗ്യവും ആയിഷക്ക് ലഭിച്ചു. എല്ലാവരെയും ഒരു കരക്കെത്തിച്ചു. ഇപ്പോൾ മൂത്ത മകൾക്ക് 76 വയസ്സായി.
90 വയസ്സു വരെ മറ്റ് ആരോഗ്യപ്രശ്നങ്ങളില്ലാതെ വിശ്രമജീവിതം നയിച്ച ആയിഷക്ക് കഴിഞ്ഞ വർഷം സ്ട്രോക്കുണ്ടായി. എന്നാൽ, അതും അതിജീവിച്ചു അവർ. ചെറിയ ഒരു ഓർമക്കുറവുണ്ട് ഇപ്പോൾ. 12 മക്കളിൽ രണ്ടാമത്തെ മകളെ നഷ്ടമായതാണ് ഭർത്താവിന്റെ വിയോഗത്തിനുശേഷം ആയിഷയെ തളർത്തിയത്. വാർധക്യത്തിന്റെ അവശതകളിലും മക്കളുടെയും പേരക്കുട്ടികളുടെയും കൂടെ ദിവസങ്ങൾ ചെലവഴിക്കാൻ ആയിഷ പോകാറുണ്ട്. എവിടെ പോയാലും കുറച്ചു ദിവസം കഴിഞ്ഞാൽ തറവാട്ടിൽ തിരിച്ചെത്തും. ഇളയ മകനും കുടുംബവുമാണ് കൂടെയുള്ളത്. ഓരോ പെരുന്നാളും എത്തുന്നതിന് മുമ്പേ ആ ഉമ്മയുടെ കാത്തിരിപ്പ് തുടങ്ങും. മക്കളെയോ പേരക്കുട്ടികളെയോ കാണാനുള്ള ആകാംക്ഷനിറഞ്ഞ ദിവസങ്ങളായിരിക്കും. മനസ്സിന്റെ അകത്തുള്ള മൈലാഞ്ചിത്തോപ്പിൽ ഇശൽ മൂളുന്ന മാപ്പിളപ്പാട്ടുമായി കാത്തു കാത്തിരിക്കും പുതിയേടത്ത് വരാന്തയിൽ. ആ കാത്തിരിപ്പിന് നിരാശ നൽകാതെ ആ മടിത്തട്ടിൽ അണയാൻ അവരെത്തും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.