കറുമുറു കൊറിക്കാം

ടി.വി കൊണ്ടിരിക്കുമ്പോള്‍ എന്തെങ്കിലുമൊന്ന് കൊറിക്കുന്ന ശീലം എല്ലാവര്‍ക്കുമുണ്ട്. എന്നാല്‍ ബേക്കറികളിലെ കുപ്പികളില്‍ ദിവസങ്ങളായി കിടക്കുന്ന വിഭവങ്ങളെ മാറ്റി, രുചിയോടെ കറുമുറു  കൊറിക്കാന്‍ ഞൊടിയിടയില്‍ ഉണ്ടാക്കാന്‍ കഴിയുന്ന സ്നാക്സാണ് മിക്സ്ചറും മുറുക്കും പക്കവടയുമെല്ലാം. ഇനി നിങ്ങളുടെ അടുക്കളയിലും ഇതെല്ലാം തയാറാക്കാം.

മുറുക്ക്

ചേരുവകള്‍:

അരിപ്പൊടി -രണ്ട് കപ്പ്
പൊട്ടുകടല പരിപ്പ് -ഒരു കപ്പ്
ഡാല്‍ഡ -ഒരു ടേബ്ള്‍ സ്പൂണ്‍
ഉപ്പ്, വെളിച്ചെണ്ണ -ആവശ്യത്തിന്
എള്ള് -രണ്ടര ടീസ്പൂണ്‍
നല്ലജീരകം -രണ്ട് ടീസ്പൂണ്‍
കായപ്പൊടി -അര ടീസ്പൂണ്‍

തയാറാക്കുന്ന വിധം:

കടലപ്പരിപ്പ് (പൊട്ടുകടല) പൊടിച്ചെടുക്കുക. അരിപ്പൊടിയില്‍ ഡാല്‍ഡ ചേര്‍ത്ത് നന്നായി യോജിപ്പിക്കണം. ഇനി കടലപ്പരിപ്പും ബാക്കിയെല്ലാ ചേരുവകളും പൊടിയിലേക്കിട്ട് ഒന്നിച്ചാക്കി യോജിപ്പിച്ചതിലേക്ക് ചൂടുവെള്ളമൊഴിച്ച് നല്ലവണ്ണം കുഴച്ചെടുത്ത് സേവനാഴിയില്‍ മുറുക്കിന്‍െറ ചില്ലിട്ട് ഞെക്കി തിളക്കുന്ന വെളിച്ചെണ്ണയിലിട്ട് വറുത്തുകോരുക.

മിക്സ്ചര്‍

ചേരുവകള്‍:

കടലമാവ് -അഞ്ച് കപ്പ്
സോഡാപ്പൊടി -ഒരു നുള്ള്
അരിപ്പൊടി -രണ്ട് ടേബ്ള്‍ സ്പൂണ്‍
ഡാല്‍ഡ -കാല്‍ കപ്പ്
ജീരകം -അര ടീസ്പൂണ്‍
അണ്ടിപ്പരിപ്പ് -100 ഗ്രാം
നിലക്കടല (കടലപ്പരിപ്പ്) -കാല്‍ കപ്പ്
മുന്തിരി -മൂന്ന് ടീസ്പൂണ്‍
കായപ്പൊടി -അര സ്പൂണ്‍
വേപ്പില -മൂന്നിതള്‍
മുളകുപൊടി, ഉപ്പ്, വെളിച്ചെണ്ണ -പാകത്തിന്
അവില്‍ -അര കപ്പ്

തയാറാക്കുന്നവിധം:

രണ്ട് കപ്പ് കടലപ്പൊടിയും അര സ്പൂണ്‍ മുളകുപൊടിയും പാകത്തിന് ഉപ്പും അല്‍പം വെള്ളത്തില്‍ കുഴച്ച് നൂല്‍പുട്ടിന്‍െറ അച്ചില്‍ (ഇടിയപ്പത്തിന്‍െറ അച്ച്) നിറച്ച് ഞെക്കി തിളച്ച എണ്ണയില്‍ വറുത്തുകോരുക.
രണ്ട് കപ്പ് കടലമാവും ഒരു നുള്ള് സോഡാപ്പൊടിയും ഡാല്‍ഡയും പാകത്തിന് ഉപ്പും ചേര്‍ത്ത് നല്ലതുപോലെ കുഴക്കുക. ശേഷം ഇതില്‍ അല്‍പം വെള്ളവുംകൂടി ചേര്‍ത്ത് നന്നായി കുഴച്ച് അയഞ്ഞ പാകത്തിലാക്കിവെക്കണം. ഇത് ഒരു കയിലുകൊണ്ട് കോരി (തുളയുള്ള) അരിപ്പ കയിലിലേക്കൊഴിച്ച് (വെളിച്ചെണ്ണയുടെ മുകളിലേക്കാക്കി വേണം ഒഴിക്കാന്‍) വറുത്തെടുക്കണം. ബാക്കിവരുന്ന കടലമാവും അരിപ്പൊടിയും ഡാല്‍ഡയും ജീരകവും ഉപ്പും നന്നായി വെള്ളം ചേര്‍ത്ത് കുഴച്ചെടുക്കുക. ഈ മാവ് വലിയ തുളയുള്ള ചില്ലിട്ട് ഞെക്കി തിളച്ച എണ്ണയിലിട്ട് വറുത്തു കോരുക. അണ്ടിപ്പരിപ്പ്, ഉണക്കമുന്തിരി, അവില്‍, നിലക്കടല, കറിവേപ്പില എന്നിവ ഒറ്റക്കൊറ്റക്ക് എണ്ണയില്‍ വറുത്തെടുക്കുക. മിക്സ് ചെയ്യുന്ന വിധം: വലിയ ദ്വാരമുള്ള ചില്ലില്‍ ഞെക്കിപ്പൊരിച്ച മുറുക്ക് ചെറുതായൊന്ന് പൊടിച്ചെടുക്കണം. ബാക്കിയെല്ലാം ഒരുമിച്ചാക്കി മുളകുപൊടിയും കായപ്പൊടിയും ചേര്‍ത്ത് മിക്സ് ചെയ്ത് കാറ്റ് കടക്കാത്ത ടിന്നിലാക്കി വെക്കുക.


പക്കാവട

ചേരുവകള്‍:

കടലമാവ് -മൂന്നു കപ്പ് (ഇടത്തരം കപ്പിന്)
അരിപ്പൊടി -ഒരു കപ്പ്
ഡാല്‍ഡ/വെളിച്ചെണ്ണ -രണ്ട് ടേബ്ള്‍സ്പൂണ്‍
നല്ലജീരകം -ഒന്നര ടീസ്പൂണ്‍
കായപ്പൊടി -ഒന്നര ടീസ്പൂണ്‍
മുളകുപൊടി -രണ്ട് ടീസ്പൂണ്‍
ഉള്ളി പൊടിയായരിഞ്ഞത് -നാല് ടീസ്പൂണ്‍
സോഡാപ്പൊടി -മുക്കാല്‍ ടീസ്പൂണ്‍
കറിവേപ്പില -രണ്ടിതള്‍ പൊടിയായരിഞ്ഞത്
ഉപ്പ്, വെളിച്ചെണ്ണ -ആവശ്യത്തിന്

തയാറാക്കുന്നവിധം:

കടലമാവും അരിപ്പൊടിയും ഡാല്‍ഡയും നന്നായി ഇളക്കിച്ചേര്‍ക്കുക. ആവശ്യത്തിന് വെള്ളമൊഴിച്ച് മറ്റെല്ലാ  ചേരുവകളും ചേര്‍ത്ത് നന്നായി കുഴച്ച് യോജിപ്പിച്ചെടുക്കുക. ഇനി സേവനാഴിയില്‍ പക്കാവടയുടെ ചില്ലിട്ട് ഞെക്കിയെടുത്ത് തിളച്ച വെളിച്ചെണ്ണയിലിട്ട് വറുത്തുകോരുക.

ഡയമണ്ട് കട്ട്

ചേരുവകള്‍:

മൈദപ്പൊടി -അര കിലോ
കോഴിമുട്ട പതപ്പിച്ചത് -രണ്ടെണ്ണം
ഉപ്പ്, വെളിച്ചെണ്ണ -പാകത്തിന്

തയാറാക്കുന്ന വിധം:

മൈദപ്പൊടിയില്‍ മുട്ട അടിച്ചു പതപ്പിച്ചതും ഉപ്പും ചേര്‍ത്ത് യോജിപ്പിച്ചെടുക്കുക. അതിലേക്ക് അല്‍പാല്‍പമായി വെള്ളം ചേര്‍ത്ത് ചപ്പാത്തിക്ക് കുഴക്കുന്നപോലെ കുഴച്ച് വലുതാക്കി പരത്തുക. പരത്തിയത് ഡയമണ്ട് ആകൃതിയില്‍ മുറിച്ചെടുത്ത് തിളക്കുന്ന വെളിച്ചെണ്ണയില്‍ വറുത്തുകോരുക. മധുരം വേണമെങ്കില്‍ ചൂടോടെതന്നെ പഞ്ചസാര സീറാക്കി ഒഴിച്ചാല്‍ മതിയാകും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.