ആട്ടിറച്ചി കൊണ്ടുള്ള വിഭവങ്ങള്‍

മട്ടന്‍ കുറുമ

ചേരുവകള്‍:

  • ആട്ടിറച്ചി -അര കിലോ
  • തേങ്ങ ചിരകിയത് -മുക്കാല്‍ കപ്പ്
  • ഇഞ്ചി -ഒരു വലിയ കഷണം
  • വെളുത്തുള്ളി -8-10 അല്ലി
  • പച്ചമുളക് -6-7 എണ്ണം
  • കസ്കസ് -ഒരു ടേ.സ്പൂണ്‍
  • അണ്ടിപ്പരിപ്പ് -20 ഗ്രാം
  • നെയ്യ് -അര കപ്പ്
  • സവാള നീളത്തിലരിഞ്ഞത് -ഒരു കപ്പ്
  • ഏലക്കായ -3-4 എണ്ണം
  • ഗ്രാമ്പൂ -3-4 എണ്ണം
  • കറുവപ്പട്ട -ഒരിഞ്ചു കഷണം
  • മുളകുപൊടി -ഒരു ടീ.സ്പൂണ്‍
  • മല്ലിപ്പൊടി -ഒരു ടേ.സ്പൂണ്‍
  • മഞ്ഞള്‍പൊടി -കാല്‍ ടീ.സ്പൂണ്‍  
  • മല്ലിയില, പൊതീന അരിഞ്ഞത് -മുക്കാല്‍ കപ്പ്
  • തൈര് -മുക്കാല്‍ കപ്പ്
  • ഉപ്പ് -ആവശ്യത്തിന്
  • കാരറ്റ് ചെറിയ ചതുരക്കഷണങ്ങളാക്കിയത്  -കാല്‍ കപ്പ്
  • പച്ചപ്പട്ടാണി വേവിച്ചത് -മുക്കാല്‍ കപ്പ്.

പാകപ്പെടുത്തുന്ന വിധം:
കുറച്ച് നെയ്യൊഴിച്ച് സവാള വഴറ്റണം. 2 മുതല്‍ 8 വരെ അരച്ചെടുത്ത് ഇതിലേക്ക് ചേര്‍ത്ത് കുറച്ചുനേരം വഴറ്റി അടച്ചുവെക്കണം. അല്‍പം ചൂടുവെള്ളം ഒഴിച്ചുകൊടുക്കാം. കഷണങ്ങള്‍ നന്നായി വെന്തുകഴിഞ്ഞാല്‍ പൊടിമസാലകളും ഉപ്പും തൈരും ചേര്‍ത്തിളക്കണം. ഇതിലേക്ക് കാരറ്റ് അരിഞ്ഞതും പച്ചപ്പട്ടാണി വേവിച്ചതും ചേര്‍ത്തു കൊടുക്കാം. 11 മുതല്‍ 13 വരെ ഒന്നു ചൂടാക്കി പൊടിച്ചെടുത്തത് ചേര്‍ത്തിളക്കി ഗ്രേവിയുടെ കട്ടിക്കനുസരിച്ച് വേണമെങ്കില്‍ അല്‍പം ചൂടുവെള്ളം ഒഴിച്ചിളക്കി കുറുകി തുടങ്ങുമ്പോള്‍ പൊതിന, മല്ലിയില അരിഞ്ഞത് വിതറി ഇറക്കിവെക്കാം. ബ്രെഡ്, പത്തിരി, വെള്ളപ്പം, നെയ്ച്ചോറ്, ഇടിയപ്പം തുടങ്ങിയവയോടൊപ്പം കഴിക്കാം.
ഉരുളക്കിഴങ്ങ് കുറച്ച് ചെറിയ ചതുരക്കഷണങ്ങളായി മുറിച്ച് വേവിച്ചു ചേര്‍ത്തും മട്ടണ്‍ കുറുമ തയാറാക്കാവുന്നതാണ്.

ആട്ടിന്‍ സൂപ്പ്

ചേരുവകള്‍:

  • ആടിന്‍െറ കൈകാലുകള്‍, വാരിയെല്ല്, നട്ടെല്ല് തുടങ്ങിയ ഭാഗങ്ങള്‍ മുറിച്ച് ചതച്ചെടുത്തത് -500 ഗ്രാം
  • ഇഞ്ചി, വെളുത്തുള്ളി ചതച്ചത് -ഒരു ടേ. സ്പൂണ്‍
  • മഞ്ഞള്‍പൊടി -കാല്‍ ടീ.സ്പൂണ്‍
  • ചുവന്നുള്ളി -6-7 ചുള
  • നെയ്യ് -ഒരു ടേ. സ്പൂണ്‍
  • ചുവന്നുള്ളി പൊടിയായരിഞ്ഞത് -ഒരു ടേ. സ്പൂണ്‍
  • കുരുമുളകുപൊടി -ഒരു ടേ.സ്പൂണ്‍
  • കൂവപ്പൊടി -ഒരു ടീ.സ്പൂണ്‍
  • ഉപ്പ് -ആവശ്യത്തിന്.

പാകപ്പെടുത്തുന്ന വിധം:
1 മുതല്‍ 4 വരെ കുക്കറില്‍വെച്ച് 8-10 ഗ്ളാസ്  വെള്ളവും ഒഴിച്ച് കുക്കറില്‍ 6-7 വിസില്‍ വരുന്നതുവരെ അടുപ്പില്‍ വെക്കണം. ആവി പോയാല്‍ തുറന്ന് മത്തുകൊണ്ടോ, കനമുള്ള കയിലുകൊണ്ടോ ഉടച്ച് മജ്ജയും കൊഴുപ്പും ഇളക്കി ആട്ടിന്‍ സ്റ്റോക്കിലേക്ക് ചേര്‍ക്കണം. എല്ല് മാറ്റണം. നെയ്യില്‍ ചുവന്നുള്ളി അരിഞ്ഞത് വഴറ്റി അരികിലേക്ക് നീക്കി കൂവപ്പൊടി വഴറ്റണം. ഇതിലേക്ക് സ്റ്റോക്ക് ഒഴിച്ചിളക്കി ഉപ്പും കുരുമുളകുപൊടിയും ചേര്‍ത്തിളക്കി തിളക്കുമ്പോള്‍ ഇറക്കിവെക്കണം. ചെറിയ ചൂടോടെ കഴിക്കുന്നത് കൂടുതല്‍ നന്നായിരിക്കും. കര്‍ക്കടക മാസത്തില്‍ അടുപ്പിച്ച് കുറെ ദിവസം ആട്ടിന്‍സൂപ്പ് കഴിക്കുന്നത് ചിലര്‍ക്കൊക്കെ പതിവാണ്. പ്രസവരക്ഷയായും ആട്ടിന്‍സൂപ്പ് കഴിക്കാറുണ്ട്.

ആട്ടിറച്ചി ഡ്രൈ ഫ്രൈ

ചേരുവകള്‍:

  • ആട്ടിറച്ചി എല്ല് കുറഞ്ഞ വലിയ കഷണങ്ങള്‍ -അര കി. ഗ്രാം
  • മഞ്ഞള്‍പൊടി -കാല്‍ ടീ.സ്പൂണ്‍
  • മുളകുപൊടി -ഒന്നര ടീ.സ്പൂണ്‍
  • മല്ലിപ്പൊടി -ഒരു ടീ.സ്പൂണ്‍
  • ചെറുനാരങ്ങ നീര് -ഒരു ടേ.സ്പൂണ്‍
  • ഇഞ്ചി, വെളുത്തുള്ളി അരച്ചത് -ഒരു ടേ. സ്പൂണ്‍
  • ഉപ്പ് -ആവശ്യത്തിന്
  • ഗരം മസാലപ്പൊടി -അര ടീ.സ്പൂണ്‍
  • കറിവേപ്പില -കുറച്ച്
  • വെളിച്ചെണ്ണ -ആവശ്യാനുസരണം

പാകപ്പെടുത്തുന്ന വിധം:
1 മുതല്‍ 9 വരെ പുരട്ടി ഒരു മണിക്കൂര്‍ മസാല പിടിക്കാന്‍ വെക്കണം. പരന്ന കുക്കറില്‍ കുറച്ച് വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ ഇറച്ചിക്കഷണങ്ങള്‍ നിരത്തണം. അല്‍പനേരം കഴിഞ്ഞാല്‍ കഷണങ്ങള്‍ തിരിച്ചിട്ടുകൊടുക്കാം. തീ കുറച്ച് കുക്കര്‍ അടക്കണം. കുറച്ചുനേരം കഴിഞ്ഞ് കുക്കര്‍ തുറന്ന് ഇരുവശവും ഉലത്തിയെടുക്കണം. മല്ലിയില മുകളില്‍ വിതറി വിളമ്പാനുള്ള പാത്രത്തിലേക്ക് പകരാം.

തയാറാക്കിയത്: ശാന്ത അരവിന്ദന്‍

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.