ചൂട് കൂടുതലാണെങ്കിലും ഒമാനിലെ റമദാൻ നാളുകളാണ് ഏറെ ഇഷ്ടമെന്ന് പറയുന്നു സഫ്ന. കാരണം സ്ത്രീകൾക്കു പോകാൻ സാധിക്കുന്ന പള്ളികൾ കൂടുതലുണ്ട്. രാത്രി വൈകിയും പ്രാർഥനകളിൽ പങ്കെടുക്കാൻ പോകാനും കഴിയും. പാചകം തന്‍റെ ഇഷ് ടങ്ങളിൽ ഒന്നാണെങ്കിലും നോമ്പു കാലത്തു പാചകം ചെയ്യുമ്പോൾ ഇതു വ്രതകാലമാണ് ആഘോഷകാലമല്ല എന്നു മനസിനെ ഓർമിപ്പിക്കാറുണ്ട്. ആൺപെൺ ഭേദമില്ലാതെയും പ്രായവ്യത്യാസമില്ലാതെയും കുടുംബത്തിൽ എല്ലാവരും ഇഫ്താർ ഒരുക്കങ്ങളിൽ പങ്കുചേരുന്നതാണ് നാട്ടിലെ ശീലം.
കുടുംബത്തിലെ എല്ലാവരും ഒരുമിച്ചു ചേരുകയും വിശേഷങ്ങൾ പങ്കുവെക്കുകയും ചെയ്തിരുന്ന ദിവസങ്ങൾ ഇപ്പോൾ നഷ്ടബോധം ഉണ്ടാക്കാറുണ്ട്. എങ്കിലും കുടുംബവും ഇവിടുത്തെ നല്ല അയൽക്കാരും സുഹൃത്തുക്കളുമൊക്കെയായി ആ സന്തോഷം ഇവിടെയും വീണ്ടെടുക്കാൻ ശ്രമിക്കാറുണ്ട്. അൽ ഹെയ് ലിലെ യുനൈറ്റഡ് പ്രൈവറ്റ് സ്കൂളിൽ അധ്യാപികയായ സഫ്ന ഒമാനിൽ എത്തിയിട്ട് ഏഴു വർഷമായി. ഗൾഫാറിൽ എൻജിനീയറായ മൻസൂറിന്‍റെ ഭാര്യയാണ്. മകൻ നിഹാൽ ഒന്നാം ക്ലാസ് വിദ്യാർഥി. കുട്ടികൾക്ക് പ്രിയങ്കരമായ ബ്രോസ് ബ്രോസ്റ്റഡ് ചിക്കൻ വീട്ടിലുണ്ടാക്കാനുള്ള ഒരു ആരോഗ്യകരമായ പാചകക്കുറിപ്പാണ് സഫ്ന പങ്കുവെക്കുന്നത്.
ചേരുവകൾ:
തൊലിയും കൊഴുപ്പും മാറ്റിയ ചിക്കൻ കഷണങ്ങൾ- അഞ്ച്, ആറെണ്ണം, ഷാഹി മുളകുപൊടി, മഞ്ഞൾപ്പൊടി, മൈദ, മുട്ട -രണ്ട് എണ്ണം, പൊടിച്ച കോൺഫ്ലേക്സ് ഉപ്പ്-പാകത്തിന്, സൺഫ്ലവർ ഓയിൽ -വറുക്കാൻ വേണ്ടത്.
തയാറാക്കുന്നവിധം:
ചിക്കൻ കഷണങ്ങൾ മുളകുപൊടിയും മഞ്ഞൾപ്പൊടിയും ഉപ്പും പുരട്ടി 20 മിനിറ്റെങ്കിലും ഫ്രിഡ്ജിൽ വയ്ക്കുക. അതിനു ശേഷം എടുത്ത് ആവിയിൽ വെച്ച് വേവിക്കുക. ഒരു ബൗളിൽ മുട്ട പൊട്ടിച്ചു ഒഴിച്ച് നന്നായി പതപ്പിക്കുക. മൈദയും പൊടിച്ച കോൺഫ്ലേക്സും വേറെ വേറെ എടുത്തുവെക്കുക. ചിക്കൻ കഷണങ്ങൾ ആദ്യം മൈദയിൽ ഉരുട്ടിയ ശേഷം മുട്ട മിശ്രിതത്തിൽ മുക്കുക. അതിന് ശേഷം കോൺഫ്ലേക്സ് പൊ ടിയിൽ ഉരുട്ടിയ ശേഷം തിളപ്പിച്ച എണ്ണയിൽ വറുത്തു എടുക്കുക. കഴിയുമെങ്കിൽ പരന്ന ഒരു പാനിൽ കുറച്ച് എണ്ണ ഉപയോഗിച്ച് ഷാലോ ഫ്രൈ ചെയ്യുക. അതാണ് ആരോഗ്യകരം. തിരിച്ചും മറിച്ചും ഇട്ടു മൊരിച്ചെടുത്താൽ മതി. എന്തു വറുക്കുമ്പോഴും ഒരുപാട് എണ്ണയിൽ മുക്കിയിട്ടു വറുക്കുന്ന ഡീപ് ഫ്രൈയിങ് ഒഴിവാക്കാൻ ശ്രമിക്കാം. വിളമ്പുമ്പോൾ കൂട്ടിനു ഗാർലിക് പേസ്റ്റ് കൂടി ഉണ്ടെങ്കിൽ കേമമായി.
തയാറാക്കിയത്: ഹേമ സോപാനം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.