അജ്മാന്: കേരളം കഴിഞ്ഞാല്‍ കൂടുതല്‍ ഓണാഘോഷം നടക്കുന്നത് യു.എ.ഇയിലായിരിക്കും. ഏകദേശം ആറുമാസത്തോളം നീളുന്നതാണ് യു.എ.ഇയിലെ ആഘോഷം. പരിമിതമായ അവധിദിനങ്ങളാണ് ആഘോഷങ്ങള്‍ ഇത്രമേല്‍ നീണ്ടുപോകാന്‍ പ്രധാന കാരണം. മിക്കവാറും പ്രവാസികൂട്ടായ്മകള്‍ ഓണാഘോഷം സംഘടിപ്പിക്കാറുണ്ട്. സംഘാടകര്‍ക്ക് ഓരോരുത്തരുടെയും പരിപാടിയുടെ കാര്യം മാത്രം നോക്കിയാല്‍ മതിയെങ്കില്‍ യു.എ.ഇയിലെ ഭൂരിപക്ഷം ആഘോഷങ്ങളിലും ഭാഗഭാക്കാവുന്ന മലയാളിയുണ്ട്. 'മാവേലി ലിജിത്ത്'എന്നറിയപ്പെടുന്ന കണ്ണൂര്‍ തളിപ്പറമ്പ് സ്വദേശി ലിജിത്ത് കുമാര്‍ അങ്ങനെയൊരാളാണ്.
ഓണത്തിനുമുമ്പേ സെപ്റ്റംബര്‍ ആദ്യത്തില്‍ തുടങ്ങി ഏതാണ്ട് ഡിസംബര്‍വരെ മാവേലിയായി ഒരുങ്ങിയിറങ്ങാറുണ്ട് ഇദ്ദേഹം. കഴിഞ്ഞ മൂന്നു വര്‍ഷമായി ചെറുതും വലുതുമായ കൂട്ടായ്മകളില്‍ മാവേലിവേഷം ചെയ്യുന്ന ലിജിത്ത് ഇതിനകം നൂറോളം പരിപാടികളില്‍ മാവേലിയായി. ഇക്കൊല്ലവും പ്രധാന ആഘോഷങ്ങളടക്കം ഏറ്റെടുത്ത ലിജിത്ത് മാവേലി ഇപ്പോള്‍തന്നെ തിരക്കിലാണ്. ഓണമാസത്തില്‍ ദിനംപ്രതി മൂന്ന് പരിപാടികളില്‍വരെ ഓടിയെത്താറുണ്ട് ഈ മാവേലി. 'തന്റെ പ്രജകളെ തേടി'ചില ദിവസങ്ങളില്‍ എമിറേറ്റുകള്‍ താണ്ടിയും മാവേലിയെത്തും.
അജ്മാനിലെ ഒരു സ്വകാര്യസ്ഥാപനത്തിലെ ജോലിക്കാരനാണ് ലിജിത്ത്. കഴിഞ്ഞ ഒന്നരപ്പതിറ്റാണ്ട് കാലമായി യു.എ.ഇയിലുള്ള ലിജിത്ത് കുമാര്‍ കലാപരമായി വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും മാവേലി വേഷവുമായി രംഗത്തുവരുന്നത് മൂന്ന് വര്‍ഷം മുമ്പാണ്. ആദ്യം മികച്ച പ്രതികരണം ലഭിച്ചതോടെ ഈ മേഖല തനിക്ക് നന്നായി വഴങ്ങുമെന്ന് മനസ്സിലാക്കി. ശനിയാഴ്ച നടന്ന ഓണാഘോഷം മുതലാണ് ഇക്കുറി മാവേലിയായി ലിജിത്ത് അരങ്ങിലെത്തിയത്.
ചില മാസങ്ങളില്‍ ദിവസം മുഴുവന്‍ വേഷം കെട്ടേണ്ടിവന്നിട്ടുണ്ട്. രാവിലെ ആറരക്ക് വേഷമണിഞ്ഞ് രാത്രി പത്തരവരെ നീണ്ട അനുഭവവുമുണ്ട്. പ്രിയതമ പ്രിയങ്കയാണ് ലിജിത്ത് കുമാറിനെ അണിയിച്ചൊരുക്കുന്നത്. ഇഷാല്‍ ലിജിത്ത്, ഇഷിക ലിജിത്ത് എന്നിവരാണ് മക്കള്‍. പിതാവ് ബാലകൃഷ്ണന് ഇന്ത്യന്‍ സൈന്യത്തിലായിരുന്നതിനാല്‍ കുടുംബത്തോടൊപ്പം ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിലായിരുന്നു ചെറുപ്പകാലം. അമ്മ ഗിരിജ. ഷാര്‍ജ മാസ് സാംസ്കാരിക കൂട്ടായ്മയുടെ പ്രവര്‍ത്തകനാണ് ലിജിത്ത് കുമാര്‍.
മാവേലിവേഷം കെട്ടിയുള്ള യാത്രക്കിടയിൽ രസകരമായ ഒരു ഓർമയുണ്ട് ലിജിത്തിന്. എമിറേറ്റുകള്‍ താണ്ടിയുള്ള ഓട്ടത്തിനിടയില്‍ സഞ്ചരിച്ചിരുന്ന വാഹനം പെട്രോള്‍ തീര്‍ന്ന് ഷാര്‍ജ അല്‍ വഹ്ദ പാലത്തില്‍ ഒരിക്കല്‍ നിന്നുപോയി.
ഒറ്റക്കുള്ള യാത്രയില്‍ പാലത്തിന് മുകളില്‍ വാഹനം നിന്നതോടെ ഗതാഗതക്കുരുക്കിന് കാരണമായി. മേക്കപ്പോടെ മാവേലി പുറത്തിറങ്ങി അടുത്തുകണ്ട ടാക്സിയില്‍ കയറി ഏറ്റവും അടുത്തുള്ള പെട്രോള്‍ സ്റ്റേഷനിലേക്ക് പാഞ്ഞു. കാനില്‍ പെട്രോളുമായി തിരിച്ചുവരുമ്പോള്‍ പാലത്തില്‍ നിര്‍ത്തിയിട്ട് പോയ വാഹന ഉടമയെയും കാത്ത് വാമനന്റെ ഭാവത്തില്‍ പൊലീസ് അവിടെ നിലയുറപ്പിച്ചിരുന്നു. മുഖത്ത് ചായംതേച്ച് കൊമ്പന്മീശയുമായി പുറത്തിറങ്ങിയ ആളെ കണ്ട് പൊലീസ് ഒന്ന് അന്ധാളിച്ചുപോയി.
പെട്രോള്‍ തീര്‍ന്ന് വാഹനം നിന്നുപോയതിന് പിഴയെഴുതാന് ഒരുങ്ങിയ പൊലീസിന് മുന്നില്‍ ഗൂഗിളില്‍ മാവേലിയുടെ ചിത്രം തപ്പിയെടുത്ത് കാണിച്ച് കൊടുത്തപ്പോഴാണ് ഇദ്ദേഹം മലയാളി പ്രജകളെ തേടിയിറങ്ങിയ 'മഹാരാജാവാ'ണെന്ന് മനസ്സിലായത്. അങ്ങനെ പിഴയൊന്നും കൊടുക്കാതെ മഹാബലി അവിടെനിന്നും എസ്കേപ് ആയ സംഭവം ഓര്‍ത്താല്‍ ചിരിക്കണോ അതോ കരയണോ എന്ന ശങ്കയിലാണ് താനെന്ന് ലിജിത്ത് കുമാര്‍ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.