ആലപ്പുഴ: ദുരന്തമുഖത്ത് രക്ഷകരാകാൻ അഗ്നിരക്ഷാസേനയിൽ പെൺതിളക്കം. സംസ്ഥാനത്ത് 87 വനിതകളാണ് ഫയർ വുമൺ തസ്തികയിൽ പ്രവേശനം നേടി സേവനരംഗത്തേക്ക് ചുവടുവെക്കുന്നത്. ഇതിൽ 13 പേർ ആലപ്പുഴ, കോട്ടയം, പത്തനംതിട്ട ഉൾപ്പെടുന്ന കോട്ടയം ഡിവിഷനിലെ അംഗങ്ങളാണ്. ആലപ്പുഴ-നാല്, കോട്ടയം-അഞ്ച്, പത്തനംതിട്ട-നാല് എന്നിങ്ങനെയാണ് വനിതകളുടെ അംഗബലം.
അഗ്നിരക്ഷാസേനയിൽ പി.എസ്.സി വഴി ആദ്യമായാണ് വനിതകൾ എത്തുന്നത്. ഈ മാസം നാല് മുതലാണ് ഇവർ സർവിസിൽ പ്രവേശിക്കുന്നത്. ആദ്യ ആറുമാസം തൃശൂർ ഫയർഫോഴ്സ് അക്കാദമിയിലാണ് പരിശീലനം. നീന്തൽ, സ്കൂബ, അഗ്നിരക്ഷ, മലകയറ്റം എന്നിവ ഉൾപ്പെടുന്നവയാണ് പരിശീലനം. ഇത് പൂർത്തിയാക്കിയശേഷം വിവിധ അഗ്നിരക്ഷാനിലയങ്ങളുടെ ഭാഗമാകും. ഇവർ എത്തുന്നതോടെ സേനയിൽ അടിസ്ഥാനസൗകര്യങ്ങളിലും മാറ്റമുണ്ടാകും.
ചരിത്രത്തിന്റെ ഭാഗമാകുന്ന 13 വനിതകൾക്കും കേരള ഫയർ സർവിസ് അസോസിയേഷൻ ആലപ്പുഴ നിലയത്തിൽ സ്വീകരണം നൽകി. ആലപ്പുഴ നഗരസഭ ചെയർപേഴ്സൻ കെ.കെ. ജയമ്മ ഉദ്ഘാടനം ചെയ്തു.
കെ.എഫ്.എസ്.എ മേഖല പ്രസിഡന്റ് പി.പി. പ്രവീൺ അധ്യക്ഷത വഹിച്ചു. ആലപ്പുഴ മുനിസിപ്പാലിറ്റി വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ എം.ജി. സതീദേവി, ആലപ്പുഴ ജില്ല ഫയർ ഓഫിസർ രാമകുമാർ, ആലപ്പുഴ സ്റ്റേഷൻ ഓഫിസർ എസ്. പ്രസാദ്, കെ.എഫ്.എസ്.എ സംസ്ഥാന വൈസ് പ്രസിഡന്റ് മുഹമ്മദ് താഹ, മേഖല ട്രഷറർ ഷൈൻ, ശ്രീറാം, സി.കെ. സജേഷ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.