പട്ടാമ്പി: പൊതുവിദ്യാലയങ്ങളിൽ പഠിച്ച ഒരു നാട്ടിൻപുറത്തുകാരിയുടെ നേട്ടം ആഘോഷിക്കുകയാണ് കൊടുമുണ്ട ഗ്രാമം. കോഴിക്കോട്ടുപറമ്പിൽ രാമചന്ദ്രന്റെയും ഷിജുമോളുടെയും മൂത്തമകൾ ആർദ്രയാണ് ജ്യോതിശാസ്ത്ര ഗവേഷണത്തിന് ഒന്നരകോടിയുടെ സ്കോളർഷിപ്പ് നേടി നാടിന് അഭിമാനമായത്.
കഴിഞ്ഞ ജനുവരിയിൽ യു.കെയിലെ വാർവിക് യൂനിവേഴ്സിറ്റിയിൽ പി.എച്ച്.ഡി പ്രവേശനം ലഭിച്ചതാണ് ആർദ്രക്ക് സ്വപ്നസാക്ഷാത്കാരമായത്. പി.എച്ച്.ഡിക്കൊപ്പം പലഘട്ടങ്ങളിൽ നടന്ന ഇൻറർവ്യൂകളിലൂടെയാണ് "Chancellor''s International Scholarship " ആർദ്ര നേടിയത്. മൂന്നുവർഷത്തെ സ്കോളർഷിപ്പോടെയുള്ള റിസർച്ച് ഒക്ടോബർ മൂന്നിന് ആരംഭിക്കും. ഇതിനായി സെപ്റ്റംബർ 15ന് ശേഷമുള്ള യാത്രയുടെ ത്രില്ലിലാണ് ആർദ്ര. കൊടുമുണ്ട ഗവ. ഹൈസ്കൂളിൽനിന്ന് മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയാണ് എസ്.എസ്.എൽ.സി പരീക്ഷ പൂർത്തിയാക്കിയത്. വാണിയംകുളം ടി.ആർ.കെ.എച്ച്.എസ്.സിൽ ഹയർ സെക്കൻഡറി പഠനം.
വിപുല വായനയാണ് പ്രധാനഹോബി. വായനയിലൂടെ എത്തിച്ചേർന്നത് ജ്യോതിശാസ്ത്ര (Astro physics) ത്തിലും. കോളജിലെ ഒരു ചടങ്ങിൽനിന്ന് വി.എസ്.എസ്.സി ഗവേഷക ശ്രീദേവിയുടെ വാക്കുകൾ കേട്ടപ്പോൾ ജ്യോതിശാസ്ത്രത്തിൽ മികച്ച നേട്ടങ്ങൾ എത്തിപ്പിടിക്കാൻ കഴിയുമെന്ന് ബോധ്യപ്പെട്ടു.
എം.എസ്.സി.ക്ക് പ്രവേശന പരീക്ഷ എഴുതി ട്രിച്ചി എൻ.ഐ.ടിയിൽ പ്രവേശനം നേടിയപ്പോൾ പ്രധാന വിഷയമായി ആസ്ട്രോ ഫിസിക്സ്(Astrophysics) തിരഞ്ഞെടുത്തു. പി.ജി വിജയകരമായി പൂർത്തിയാക്കിയശേഷം നെതർലാന്റ്സിലെ യൂനിവേഴ്സിറ്റി ഓഫ് ആംസ്റ്റർഡാം, പോർച്ചുഗല്ലിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആസ്ട്രോ ഫിസിക്സ് ആൻഡ് സ്പേസ് സയൻസസ്, കൊൽക്കത്തയിലെ എയ്സർ (IISER) എന്നിവിടങ്ങളിൽ ഇന്റേൺഷിപ്പ് ചെയ്യാൻ അവസരം ലഭിച്ചു.
ഗവേഷണത്തിന് മുമ്പ് മറ്റൊരസുലഭാവസരം കൂടി ആർദ്രയെ തേടിയെത്തി. ജപ്പാനിലെ നഗോയ (Nagoya) യൂനിവേഴ്സിറ്റിൽ Institute for Space - Earth Environmental Research (ISEE) ൽ മൂന്നുമാസത്തെ ഗവേഷണത്തിന് പ്രവേശനം ലഭിച്ചതിന്റെ ഇരട്ടി മധുരം നുണയുകയാണ് ആർദ്രയും കുടുംബവും. SCOSTEP SVS അവാർഡ് നേടിയാണ് പ്രവേശനം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.